മോഹൻലാൽ രാജിസന്നദ്ധത അറിയിച്ചതായി സൂചന
text_fieldsകൊച്ചി: താരസംഘടന 'അമ്മ'ക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തു വന്നതോടെ പ്രസിഡന്‍റ് സ്ഥാനം രാജിവെക്കാനൊരുങ്ങി മോഹൻലാൽ. പ്രസിഡന്‍റ് സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്നും പ്രളയ ബാധിതർക്ക് വേണ്ടിയുള്ള അമ്മയുടെ പ്രത്യേക പരിപാടിക്ക് ശേഷം ചുമതല ഒഴിയുമെന്നും മോഹൻലാൽ ഭാരവാഹികളെ അറിയിച്ചതെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ‘അമ്മ’ യുടെ ഒൗദ്യോഗിക വക്താവ് എന്ന നിലയിൽ ട്രഷറർ ജഗദീഷ് തിരുവനന്തപുരത്ത് മാധ്യമങ്ങൾക്ക് പത്രക്കുറിപ്പ് നൽകിയതിന് പിന്നാലെ ഉച്ചകഴിഞ്ഞ് സെക്രട്ടറി സിദ്ദീഖ് മുതിർന്ന നടി കെ.പി.എ.സി ലളിതക്കൊപ്പം എഴുപുന്നയിലെ സിനിമയുടെ സെറ്റിൽ നടത്തിയ വാർത്തസമ്മേളനമാണ് സംഘടനക്കുള്ളിലെ ആശയക്കുഴപ്പവും ഭിന്നതയും പുറത്തു കൊണ്ടുവന്നത്.
ഡബ്ല്യു.സി.സിയുടെ ആരോപണങ്ങളോട് ‘അമ്മ’ മൗനം തുടരുന്നത് ചർച്ചയായിരുന്നു. ഇതിനിടെയാണ് ജഗദീഷ് തിങ്കളാഴ്ച രാവിലെ പത്രക്കുറിപ്പ് ഇറക്കിയത്. ദിലീപ് തെറ്റുകാരനാണോ അല്ലയോ എന്ന് ‘അമ്മ’ നിലപാടെടുത്തിട്ടില്ലെന്നായിരുന്നു വിശദീകരണം. രേവതിയും പാർവതിയും പദ്മപ്രിയയും ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ കൂട്ടായ ശ്രമങ്ങളുമായി മുന്നോട്ടു പോകുേമ്പാൾ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടിവന്നതെന്നും വൈകാതെ ജനറൽ ബോഡി വിളിച്ചു കൂട്ടാമെന്നാണ് പ്രതീക്ഷയെന്നും പത്രക്കുറിപ്പിലുണ്ട്. ‘അമ്മ’ക്കു വേണ്ടി ഒൗദ്യോഗിക വക്താവ് എന്നാണ് തെൻറ പേര് വെച്ച പത്രക്കുറിപ്പിൽ ജഗദീഷ് പറയുന്നത്.
എന്നാൽ, ജഗദീഷ് സംഘടനയുടെ ട്രഷറർ മാത്രമാണെന്നും ഒൗദ്യോഗിക വക്താവിെൻറ ചുമതല നൽകിയിട്ടില്ലെന്നുമായിരുന്നു വാർത്തസമ്മേളനത്തിൽ സിദ്ദീഖിെൻറ പ്രതികരണം. മോഹൻലാലടക്കം ഭാരവാഹികളുമായി ആലോചിച്ച ശേഷമാണ് താൻ മാധ്യമങ്ങളെ കാണുന്നത്. ‘അമ്മ’യുടെ ഒൗദ്യോഗിക നിലപാടാണ് പറയുന്നതെന്നും ജഗദീഷിെൻറ പത്രക്കുറിപ്പ് കണ്ടിട്ടില്ലെന്നും സിദ്ദീഖ് വിശദീകരിച്ചു. ജനറൽ ബോഡി ഇനി അടുത്ത ജൂണിൽ മാത്രമേയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപ് മോഹൻലാലിന് രാജിക്കത്ത് നൽകിയതിനെക്കുറിച്ച് ജഗദീഷിെൻറ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നില്ല.
എന്നാൽ, സിദ്ദീഖ് ഇക്കാര്യം ആദ്യമേതന്നെ വെളിപ്പെടുത്തി. അനുനയ ചർച്ചക്ക് സാധ്യത തുറന്നിടുന്നതായിരുന്നു ജഗദീഷിെൻറ വിശദീകരണമെങ്കിൽ ഡബ്ല്യു.സി.സിയോട് വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു സിദ്ദീഖിെൻറ വാക്കുകൾ. സിദ്ദീഖിെൻറ വാദങ്ങളെ തള്ളി പിന്നീട് ജഗദീഷും രംഗത്തെത്തി. മോഹൻലാലടക്കമുള്ളവരോട് ആലോചിച്ചാണ് പത്രക്കുറിപ്പ് ഇറക്കിയതെന്നും താൻ ഒൗദ്യോഗിക വക്താവാണെന്നും സിദ്ദീഖ് ഉൾപ്പെടെ ഭാരവാഹികൾക്ക് പത്രക്കുറിപ്പ് കൈമാറിയിരുന്നെന്നും ജഗദീഷ് പറഞ്ഞു. അച്ചടക്കമുള്ള അംഗമെന്ന നിലയിൽ താൻ സിദ്ദീഖിന് മറുപടി പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തെറ്റ് എന്തെന്ന് പറഞ്ഞാൽ മാപ്പ് പറയാം; പക്ഷെ നീതി വേണം -പാർവതി
ആരെയെങ്കിലും അപമാനിക്കാനല്ല, സുരക്ഷിതമായ തൊഴിൽ സാഹചര്യത്തിനും നീതിക്കും വേണ്ടിയാണ് ഡബ്ല്യു.സി.സി ശബ്ദിച്ചതെന്ന് നടി പാർവതി. തങ്ങൾ ഉന്നയിച്ച വിഷയങ്ങളെ മറ്റൊരു അജണ്ടയായി മാറ്റാനാണ് ‘അമ്മ’ ശ്രമിക്കുന്നത്. ഡബ്ല്യു.സി.സിക്ക് മറുപടിയായി തിങ്കളാഴ്ച രാവിലെ ‘അമ്മ’യുടെ വക്താവ് എന്ന നിലയിൽ നടൻ ജഗദീഷ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഉച്ചയോടെ സിദ്ദീഖും കെ.പി.എ.സി ലളിതയും വാർത്തസമ്മേളനം നടത്തുകയും ചെയ്തു. ഇതിൽ ഏതാണ് ‘അമ്മ’യുടെ ഔദ്യോഗിക നിലപാടെന്നും പാർവതി ചോദിച്ചു.
മഹേഷ് എന്ന നടൻ സംഘടനക്കുവേണ്ടി വാദിക്കുന്നത് തങ്ങൾ നിർദേശിക്കാതെയാണെന്നും ഇവർ പറയുന്നു. ആര് പറയുന്നതാണ് തങ്ങൾ വിശ്വസിക്കേണ്ടത്? ഇത്തരം സംഭവങ്ങൾ സിനിമ മേഖലയിൽ ഇല്ലെന്നാണ് സിദ്ധീഖും കെ.പി.എ.സി ലളിതയും ആവർത്തിക്കുന്നത്. നമ്മുടെ സുഹൃത്തിന് ഇത്രയും വലിയൊരു അനുഭവം നേരിട്ടശേഷവും അങ്ങനെയൊന്ന് ഇല്ലെന്നാണ് പറയുന്നത്. മറ്റു തൊഴിലിടങ്ങളിൽ നടക്കുന്നതൊക്കെയേ ഇവിടെയും സംഭവിക്കുന്നുള്ളൂ എന്ന് പറഞ്ഞ് ലളിത ചേച്ചിയും ഇതിനെ നിസ്സാരവത്കരിക്കുന്നു.
ഇത് ഒരുപാട് പ്രശ്നങ്ങൾക്ക് കാരണമാകും. ഇവരെ മാതൃകയായി കാണുന്ന ഒരുപാടുപേരുണ്ട്. ഇങ്ങനെ കള്ളംപറയണമെങ്കിൽ ഇവർ കഠിന ഹൃദയയായിരിക്കണം. ഇവരിൽ ആരുടെ പ്രസ്താവനക്കാണ് ഞങ്ങൾ പ്രതികരിക്കേണ്ടത് എന്ന് വ്യക്തമാക്കിയാൽ ഉപകാരമായിരുന്നെന്നും പാർവതി പറഞ്ഞു.
അമ്മയിലെ അംഗം ആക്രമിക്കപ്പെട്ടതിനെ തുടർന്ന് സംഘടനയിലെ അംഗമെന്ന നിലയിലുള്ള അവകാശം വെച്ചാണ് ചില കാര്യങ്ങൾ ചോദിച്ചത്. കുറ്റാരോപിതൻ സംഘടനയിലുണ്ടോ ഇല്ലയോ എന്ന ചോദ്യമാണ് പ്രധാനം. എന്നാൽ, ഉത്തരം പറയാതെ ശ്രദ്ധ തിരിച്ചുവിടാനാണ് അവരുടെ ശ്രമം.
മോഹൻലാലിനെയോ മമ്മൂട്ടിയെയോ പറിച്ചെറിയാനോ മാറ്റിനിർത്താനോ ആരും ശ്രമിച്ചിട്ടില്ല. സുരക്ഷിത ജോലിക്ക് എങ്ങനെ നിയമം നടപ്പാക്കാമെന്നാണ് ചർച്ച ചെയ്തത്. അമ്മ ചാരിറ്റബ്ൾ സംഘടന മാത്രമല്ലെന്നും അതിലെ അംഗങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യതയും സംഘടനക്കുണ്ടെന്നും പാർവതി ചൂണ്ടിക്കാട്ടി.
അമ്മയിൽ അംഗങ്ങളായ താനടക്കമുള്ള നടിമാർ ചെയ്ത തെറ്റ് എന്തെന്ന് വ്യക്തമാക്കിയാലേ മാപ്പ് പറയാനാകൂ. അമ്മയിൽ തിരിച്ചെടുക്കേണ്ടതിനായി മാപ്പ് പറയേണ്ടത് എന്തിനാണെന്ന് അമ്മ വ്യക്തമാക്കണം. സ്ത്രീപീഡനം എല്ലാ മേഖലയിലുമുണ്ടെന്ന കെ.പി.സി.സി ലളിതയുടെ പ്രസ്താവന മുറിവേൽപ്പിക്കുന്നതാണ്. മുതിർന്ന ഒരാളിൽ നിന്ന് ഇത്തരം പ്രസ്താവന പാടില്ലായിരുന്നു.
ഡബ്ല്യു.സി.സിക്കെതിരായ സൈബർ ആക്രമണങ്ങളെ സിദ്ദീഖ് പിന്തുണച്ചത് തെറ്റായ നടപടിയാണ്. ഐ.സി.സി രൂപീകരിക്കാനുള്ള സംവിധായകൻ ആഷിഖ് അബുവിന്‍റെ തീരുമാനം പുരോഗമനപരമാണ്. അമ്മയിൽ നിന്ന് ഇത്തരം പുരോഗമനപരമായ കാര്യങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും പാർവതി വ്യക്കമാക്കി.
‘അമ്മ’യോട് മാപ്പ് പറയില്ലെന്ന് നടി രമ്യ നമ്പീശൻ
വാർത്താസമ്മേളനത്തിൽ നടത്തിയ പ്രസ്താവനയുടെ പേരിൽ ‘അമ്മ’യോട് മാപ്പ് പറയില്ലെന്ന് നടി രമ്യ നമ്പീശൻ. തിരിച്ചെടുക്കാനായി അപേക്ഷ നൽകില്ലെന്നും രമ്യ വ്യക്തമാക്കി.
കെ.പി.എ.സി ലളിതയുടെ നിലപാട് സ്ത്രീവിരുദ്ധമാണ്. അവരുടെ നിലപാട് നിരാശപ്പെടുത്തുന്നു. സംഘടനക്കുള്ളിൽ നിന്ന് ഡബ്ല്യു.സി.സി അംഗങ്ങൾ നീതിക്കായി പോരാടുമെന്നും രമ്യ പറഞ്ഞു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമാണ് അമ്മ നടത്തുന്നത്. അവരുടെ തനിനിറം പുറത്തായെന്നും രമ്യ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.