കമലിനെതിരെ പരാതി നൽകിയിട്ടില്ല –കെ.പി.എ.സി ലളിത
text_fieldsതൃശൂർ: താരസംഘടനയായ ‘അമ്മ’നൽകുന്ന കൈനീട്ടത്തെക്കുറിച്ച് പരാമർശം നടത്തിയതിന് സംവിധായകൻ കമലിനെതിരെ താൻ ആർക്കും പരാതി നൽകിയിട്ടില്ലെന്ന് നടിയും സംഗീത നാടക അക്കാദമി ചെയർപേഴ്സനുമായ കെ.പി.എ.സി ലളിത. ഒല്ലൂർ തൈക്കാട്ടുശ്ശേരി വൈദ്യരത്നം നഴ്സിങ് ഹോമിൽ ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അവർ.
അച്ഛനോ അമ്മയോ കാർന്നോന്മാരോ തരുന്ന കൈനീട്ടം അപമാനമായി നമുക്ക് തോന്നിയിട്ടുണ്ടോ? അമ്മ തരുന്ന കൈനീട്ടം ബഹുമാനത്തോടെ വാങ്ങുന്ന ആളാണ് ഞാൻ. മധുവിനും മറ്റും കൈനീട്ടം കൊടുക്കുന്നുണ്ട്. അത് വാങ്ങുന്നത് ദാരിദ്ര്യം കൊണ്ടല്ല. എന്നാൽ ഈ കൈനീട്ടംകൊണ്ട് ജീവിക്കുന്ന കുടുംബങ്ങളുമുണ്ട്. അതെക്കുറിച്ച് മോശമായി കമൽ സംസാരിച്ചത് ശരിയായില്ല എന്ന് തോന്നി. എന്നാൽ കമലിനെതിരെ എവിടെയും പരാതി നൽകിയിട്ടില്ലെന്ന് കെ.പി.എ.സി ലളിത പറഞ്ഞു.
ആക്രമണത്തെ അതിജീവിച്ച നടിയെ പോയിക്കണ്ട തന്നോട് അതേക്കുറിച്ച് ആരും ചോദിച്ചില്ലെന്നും എന്നാൽ ദിലീപിനെ ജയിലിലെത്തി കണ്ടത് എല്ലാവരും കൊട്ടിഘോഷിച്ചുവെന്നും അവർ പറഞ്ഞു. രമ്യാ നമ്പീശെൻറ വീട്ടിൽ വെച്ചാണ് അവളെ കണ്ടത്. അന്ന് ഒരുപാടുനേരം സംസാരിച്ചു. അവൾ എന്തെല്ലാമോ പറഞ്ഞ് കരഞ്ഞു. സയനോരയും അനുമോളുമൊക്കെ അവിടെ ഉണ്ടായിരുന്നു. മന്ത്രി മേഴ്സിക്കുട്ടിയമ്മയോ മറ്റ് പ്രമുഖർ ആരൊക്കെയോ വന്ന ദിവസമാണ് അവളെ കണ്ടത്. അന്ന് തന്നോട് അതേക്കുറിച്ച് ആരും ഒന്നും ചോദിച്ചില്ല. താൻ പറഞ്ഞുമില്ല.
നല്ല കാര്യം ചെയ്താൽ ആരും അറിയില്ലല്ലോ. പിന്നീട് മാസങ്ങൾക്ക് ശേഷം നടൻ ദിലീപിനെ ജയിലിൽ പോയിക്കണ്ടപ്പോൾ അത് കുറ്റമായി. ദിലീപ് തെറ്റുകാരനാണോ അല്ലയോ എന്നെനിക്കറിയില്ല. എെൻറ മനസ്സാക്ഷി പറഞ്ഞ കാര്യമാണ് ഞാൻ ചെയ്തതെന്നും കെ.പി.എ.സി ലളിത പ്രതികരിച്ചു. സിനിമാമേഖലയിൽ സമാനമായ അനുഭവത്തിന് താങ്കളും വിധേയയായിരുന്നല്ലോ എന്ന ചോദ്യത്തിന് രണ്ടും തമ്മിൽ ഒരു സാമ്യവുമില്ല എന്നായിരുന്നു ഉത്തരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.