ചലച്ചിത്ര പുരസ്കാര ചടങ്ങ്: മോഹൻലാലിനെ ക്ഷണിച്ചിട്ടില്ല -കമൽ
text_fieldsതിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിലേക്ക് ‘അമ്മ’ പ്രസിഡൻറും നടനുമായ മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. സാംസ്കാരിക വകുപ്പ് മന്ത്രിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കമൽ വ്യക്തമാക്കി.
മോഹൻലാലിനെതിരായ നീക്കത്തിന് പിന്നിൽ ചിലരുടെ രാഷ്ട്രീയ താൽപര്യമാണ്. മോഹൻലാലിനെ പുരസ്കാര വിതരണച്ചടങ്ങിലേക്ക് വിളിക്കാൻ തീരുമാനിച്ചാൽ കൂടെ നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങില്‍ മുഖ്യാതിഥിയെ തീരുമാനിക്കുന്നത് സര്‍ക്കാർ ആണെന്നും മോഹൻലാലിനെതിരായ ഹരജിയിൽ ഒപ്പിട്ടിട്ടില്ലെന്നും കമൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പുരസ്കാരചടങ്ങിൽ നടന്‍ മോഹന്‍ലാലിനെ ക്ഷണിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധമറിയിച്ച് ഒരു വിഭാഗം രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രതികരണവുമായി കമൽ രംഗത്തെത്തിയത്. ഇത് കൂടാതെ നിവേദനത്തിൽ ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കി പ്രകാശ് രാജും രംഗത്തെത്തി.
മോഹൻലാലിനെതിരെ ഒപ്പിട്ടിട്ടില്ല; അദ്ദേഹത്തിനൊപ്പം നിൽക്കുന്നു -പ്രകാശ് രാജ്
മോഹന്‍ലാലിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവർത്തകർ മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും നൽകിയ നിവേദനത്തിൽ താൻ ഒപ്പിട്ടിട്ടില്ലെന്ന് നടൻ പ്രകാശ് രാജ്. ഒരു ഒാൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രകാശ് രാജ് ഇക്കാര്യം പറഞ്ഞത്.
മോഹൻലാൽ രാജ്യത്തിന് അഭിമാനമാണ്. പ്രതിഭയും മുതിർന്ന നടനുമായ അദ്ദേഹത്തെ നിഷേധിക്കാനോ നിരോധിക്കാനോ തനിക്ക് കഴിയില്ല. അമ്മയിൽ ദിലീപിനെ തിരിച്ചെടുത്ത സംഭവുമായി ബന്ധപ്പെട്ടുള്ള എതിർപ്പ് നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്. അതിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്നു. അതും ഒരു അവാര്‍ഡ് ദാന ചടങ്ങിൽ മോഹന്‍ലാൽ പങ്കെടുക്കുന്നതും തമ്മിൽ ഒരുമിച്ച് കൂട്ടിച്ചേർക്കാനാകില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
ഈ സംഭവുമായി ബന്ധപ്പെട്ട കത്തിൽ തന്‍റെ പേര് എങ്ങനെ വന്നതെന്ന് അറിയില്ല. തന്നെ ഇതിനായി ആരും സമീപിച്ചിട്ടുമില്ല. ഇത്തരമൊരു ചടങ്ങിൽ മോഹൻലാൽ വരുന്നത് തെറ്റാണെന്ന് കരുതുന്നില്ല. ഇക്കാര്യത്തിൽ താൻ ലാലിന്‍റെ കൂടെ നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.