കൃഷ്ണമൃഗവേട്ട: സൽമാൻ ഖാൻ ജോധ്പൂർ ജയിലിൽ
text_fieldsജോധ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് നടന്‍ സൽമാൻ ഖാന് അഞ്ചു വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. രാജസ്ഥാനിലെ ജോധ്പുര്‍ വിചാരണ കോടതി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദേവ് കുമാർ ഖത്രിയാണ് വിധി പുറപ്പെടുവിച്ചത്. അതേസമയം, കൂട്ടുപ്രതികളും ബോളിവുഡ് താരങ്ങളുമായ സൈഫ് അലി ഖാന്‍, തബു, നീലം കൊത്താരി, സോണാലി ബാന്ദ്രെ എന്നിവരെ വിചാരണ കോടതി വെറുതെവിട്ടു. സല്‍മാനെ ജോധ്പുർ സെൻട്രൽ ജയിലിലേക്കു മാറ്റും. വിചാരണ കോടതിയുടെ ശിക്ഷാ വിധിക്കെതിരെ സൽമാൻ ഖാന് മേൽക്കോടതിയെ സമീപിക്കാം. ശിക്ഷ വിധിച്ച ഉടൻ സൽമാനെ ജോധ്പുർ സെൻട്രൽ ജയിലിൽ അടച്ചതായി േപ്രാസിക്യൂഷൻ അഭിഭാഷകൻ അറിയിച്ചു. നാലാം തവണയാണ് 52കാരനായ സൽമാൻ ഖാൻ ജോധ്പുർ ജയിലിൽ കഴിയുന്നത്. രണ്ടു കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസിൽ 1998ലും 2006ലും 2007ലും 18 ദിവസം ജയിലിൽ കിടന്നിട്ടുണ്ട്.
1998ൽ രജിസ്റ്റർ ചെയ്ത കേസിൽ 20 വർഷത്തിന് ശേഷമാണ് സൽമാൻ ഖാനെ കുറ്റക്കാരനായി കണ്ടെത്തിയത്. വന്യജീവി നിയമപ്രകാരമുള്ള പരമാവധി ശിക്ഷയായ ആറു വർഷം തടവ് നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടപ്പോൾ സൽമാന്‍ നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾ കണക്കിലെടുത്തി കുറഞ്ഞ ശിക്ഷ നൽകണമെന്ന് പ്രതിഭാഗവും വാദിച്ചു.
1972ലെ വന്യജീവി നിയമം 9, 51, ഐ.പി.സി 149 എന്നിവ പ്രകാരം സംരക്ഷിത വനമേഖലയിൽ അനധികൃതമായി അതിക്രമിച്ചു കടന്നു, വംശനാശ ഭീഷണി നേരിടുന്ന ജീവിയെ വേട്ടയാടി കൊന്നു, ലൈസൻസ് ഇല്ലാത്ത ആയുധം ഉപയോഗിച്ച് വേട്ടയാടി, സംഘം ചേരൽ എന്നീ കുറ്റങ്ങളാണ് സൽമാനെതിരെ വിചാരണ കോടതി കണ്ടെത്തിയത്. സൽമാൻ തന്നെയാണ് കൃഷ്ണമൃഗത്തിന് നേരെ തോക്ക് ഉപയോഗിച്ച് വെടിയുതിർത്തെന്ന പ്രോസിക്യൂഷൻ വാദം വിചാരണ കോടതി അംഗീകരിച്ചു.
സംഭവ ദിവസം സിനിമ താരങ്ങളായ നാലു സഹയാത്രികർ സഞ്ചരിച്ച ജിപ്സി സൽമാനാണ് ഒാടിച്ചിരുന്നത്. കൃഷ്ണമൃഗത്തെ കണ്ടയുടൻ സൽമാൻ വാഹനം നിർത്തുകയും കൈവശം ഉണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയും ചെയ്തെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ, പട്ടിയുടെ കടിയേറ്റ് കുഴിയിൽ വീണാണ് കൃഷ്ണമൃഗം ചത്തതെന്ന് സൽമാന്‍റെ അഭിഭാഷകൻ എച്ച്.എം സരസ്വത് ചൂണ്ടിക്കാട്ടി. കൂട്ടുപ്രതികൾക്കെതിരെ കുറ്റകൃത്യം ചെയ്യാൻ സംഘടിച്ചെന്ന കുറ്റമാണ് ചുമത്തിയിരുന്നത്. എന്നാൽ, പ്രോസിക്യൂഷൻ വാദം തള്ളിയ കോടതി ഇവർക്കെതിരായ കുറ്റങ്ങൾ തെളിയിക്കാൻ തെളിവില്ലെന്ന് വ്യക്തമാക്കി.
1998 ഒക്ടോബർ ഒന്നിന് രാജസ്ഥാനിലെ കങ്കാണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ സല്‍മാന് പുറമെ സൈഫ് അലി ഖാന്‍, തബു, നീലം കൊത്താരി, സോണാലി ബാന്ദ്രെ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. സൽമാൻ അടക്കം മുഴുവൻ പ്രതികളുടെ വിധി കേൾക്കാൻ എത്തിയിരുന്നു. സൽമാന് വേണ്ടി അഭിഭാഷകൻ എച്ച്.എം സരസ്വത് ഹാജരായി.
വംശനാശത്തിന്‍റെ വക്കിലെത്തിയ ബ്ലാക്ക് ബക്ക് എന്ന അപൂര്‍വ മാനിനെ 1998 ഒക്ടോബര്‍ ഒന്നിന് വേട്ടയാടുകയും നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശം വെക്കുകയും ചെയ്ത കേസിലാണ് സല്‍മാന്‍ ഖാന്‍ വിചാരണ നേരിടുന്നത്. ബാക്കി താരങ്ങള്‍ സല്‍മാനോടൊപ്പമുണ്ടായിരുന്നതിനാലാണ് കേസിലകപ്പെട്ടത്. ‘ഹം സാത് സാത് ഹൈ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം. ലൈസൻസ് ഇല്ലാത്ത ആയുധം കൈവശം വെച്ച കേസിൽ സൽമാനെ മറ്റൊരു കോടതി നേരത്തെ വെറുതെവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.