‘പത്മാവതി’ ഡിസംബർ ഒന്നിന് റിലീസ് ചെയ്യാമെന്ന് ബ്രിട്ടീഷ് സെൻസർ ബോർഡ്
text_fieldsലണ്ടൻ: ഇന്ത്യയിൽ സഞ്ജയ് ലീല ഭൻസാലി ചിത്രം ‘പത്മാവതി’ക്കും അഭിനയിച്ച താരങ്ങൾക്കും എതിരെ ഭീഷണി ഉയരുമ്പോൾ തന്നെ ചിത്രം ബ്രിട്ടണിൽ പ്രദർശിപ്പിക്കാൻ അധികൃതർ അനുമതി നൽകി. സെൻസർ ചെയ്യാത്ത പതിപ്പ് ഡിസംബർ ഒന്നിന് തന്നെ യു.കെയിൽ പ്രദർശനം ആരംഭിക്കാമെന്ന് ബ്രിട്ടീഷ് സെൻസർ ബോർഡ് ആയ ബ്രിട്ടീഷ് ബോർഡ് ഒാഫ് ഫിലിം ക്ലാസിഫിക്കേഷൻ (ബി.ബി.എഫ്.സി) വ്യക്തമാക്കി. ബി.ബി.എഫ്.സി അധികൃതർ ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്.
ചിത്രത്തിന് 12എ സർട്ടിഫിക്കേഷനാണ് നൽകിയിട്ടുള്ളതെന്ന് ബ്രിട്ടീഷ് സെൻസർ ബോർഡിന്‍റെ വെബ് സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. ചിത്രത്തിനെതിരെ വലിയ പ്രതിഷേധങ്ങളും രാഷ്ട്രീയ പോർവിളികളും ഇന്ത്യയിൽ ഉയരുന്നതിനിടെയാണ് ബ്രിട്ടണിൽ റിലീസ് ചെയ്യാമെന്ന തീരുമാനം പുറത്തുവന്നത്.
PADMAVATI (12A) moderate violence, injury detail https://t.co/2S1pF33WVN
— BBFC (@BBFC) November 22, 2017
അതേസമയം, ചിത്രത്തിന്‍റെ സെൻസറിങ് ഇന്ത്യയിൽ ഇതുവരെ പൂർത്തിയായിട്ടില്ല. പത്മാവതിയുടെ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ചരിത്രകാരൻമാരുടെ അഭിപ്രായം തേടാൻ സെൻസർ ബോർഡ് തീരുമാനിച്ചിരുന്നു. ഇതിന് ശേഷമെ അനുമതി കാര്യത്തിൽ സെൻസർ ബോർഡ് അന്തിമ തീരുമാനം സ്വീകരിക്കൂ.
ഇതിനിടെ ‘പത്മാവതി’ക്കെതിരെ രാജസ്ഥാനിൽ നിന്നുള്ള ബി.ജെ.പി എം.പിമാരായ സി.പി. ജോഷിയും ഒാം ബിർലയും ലോക്സഭാ പെറ്റീഷൻ കമ്മിറ്റിക്ക് പരാതി നൽകിയിട്ടുണ്ട്. ചിത്രത്തിലെ ആക്ഷേപാർഹമായ പ്രമേയം പരിശോധിക്കണമെന്നാണ് സമിതി അംഗം കൂടിയായ ജോഷി ആവശ്യപ്പെട്ടത്. സിനിമ പൊതുപ്രദർശനത്തിനെത്തിക്കും മുമ്പ് ചരിത്രകാരന്മാരെയും പത്മാവതി ഉൾപ്പെട്ട രാജകുടുംബത്തിലെ പിന്മുറക്കാരെയും കാണിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
14ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പത്മാവതിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ദീപിക റാണി പത്മിനിയാകുന്ന ചിത്രത്തിൽ രണ്‍വീര്‍ സിങ് അലാവുദ്ദീന്‍ ഖില്‍ജിയാകുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടർന്നുണ്ടാകുന്ന സംഘർഷവുമാണ് സിനിമ. 190 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിച്ചത്. ഭന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.