Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഭീരുക്കളായി ജീവിക്കാൻ...

ഭീരുക്കളായി ജീവിക്കാൻ തങ്ങളില്ലെന്ന് വിമൻ ഇൻ സിനിമ കലക്ടീവ്

text_fields
bookmark_border
wcc
cancel

കോഴിക്കോട്: കസബ എന്ന സിനിമയിലെ സ്ത്രീവിരുദ്ധ പരാമർശം സംബന്ധിച്ച നടി പാർവതിയുടെ പ്രതികരണം വിവാദമായ സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി ചലച്ചിത്ര രംഗത്തെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യൂ.സി.സി) രംഗത്ത്. ഭയം മരണമാണ്. ഭീരുക്കളായി ജീവിക്കാൻ തങ്ങൾ തയാറല്ല. അതുകൊണ്ട് ഇത്തരം സംഭാഷണങ്ങളും പ്രവർത്തനങ്ങളും തുടരുക തന്നെ ചെയ്യുമെന്നും ഡബ്ല്യൂ.സി.സി ഫേസ്ബുക്കിൽ കുറിച്ചു. 

തുല്യമായ സാമൂഹ്യ- സാംസ്കാരിക- രാഷ്ട്രീയ ഇടത്തിനും തുല്യമായ അവസരങ്ങൾക്കും വേണ്ടിയാണ് ഡബ്ല്യൂ.സി.സി നിലകൊള്ളുന്നത്. ആഗോളതലത്തിൽ വളരെയേറെ മുന്നോട്ടു പോയിട്ടുള്ള ഈ ചിന്തകളെ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കേരള സമൂഹം എങ്ങനെ സമീപിക്കുന്നു എന്ന് വളർന്നു വരുന്ന തലമുറ ശ്രദ്ധയോടെ വീക്ഷിക്കുകയാണ്. അവർ നമ്മെ വിലയിരുത്തുകയും അളന്നു തൂക്കുകയും ചെയ്യുന്നുണ്ടെന്ന് നാമറിയണം. താമസിയാതെ, നമ്മുടെ മണ്ടത്തരങ്ങൾക്കും അജ്ഞതക്കും അവിവേകത്തിനും ഇനി വരുന്ന തലമുറയോട് എണ്ണിയെണ്ണി മറുപടി പറയേണ്ടി വരുമെന്നതിൽ ഒരു സംശയവുമില്ല. ഭൂമി എക്കാലത്തേക്കും ക്രൂരതയും ഹിംസയും സഹിക്കുകയുമില്ലെന്നും ഡബ്ല്യൂ.സി.സി ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: 
മലയാള സിനിമയിലെ സ്ത്രീകൾക്കായി ഒരു സംഘടന എന്ന ചിന്തക്ക് മുന്നൂറ് ദിവസങ്ങൾ തികയുന്നു. ഇന്നു ഞങ്ങൾ സംതൃപ്തരാണ്‌; വേറൊരു തലത്തിൽ ദുഖിതരുമാണ്.

രണ്ടായിരത്തിനു ശേഷം രൂപപ്പെട്ടിട്ടുള്ള ഏതൊരു മനുഷ്യാവകാശ സംഘടനക്കും കേരളത്തിൽ സാധ്യമാവാത്ത, അസൂയാവഹമായ നേട്ടങ്ങളൊന്നും പുറമെ എണ്ണിപ്പറയാനില്ല. എന്നാൽ, എപ്പോഴൊക്കെ ഡബ്ല്യൂ.സി.സി അടിസ്ഥാന അവകാശ നിഷേധം ചൂണ്ടിക്കാണിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഇന്ത്യയിലെ ഏറ്റവും പരിഷ്കൃത സമൂഹം എന്നൂറ്റം കൊള്ളുന്ന ഈ സംസ്ഥാനത്ത് ആൺകോയ്മ എത്ര കഠിനമായി നിലനിൽക്കുന്നു എന്ന് തെളിയിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു.

ഉള്ളതിനും ഇല്ലാത്തതിനും വിമൻ ഇൻ സിനിമ കലക്ടീവ് എന്ന സംഘടനയെ കുറ്റപ്പെടുത്തുമ്പോൾ അതിൽ അംഗങ്ങളായ ഓരോരുത്തരുടെയും ചിന്തകളെ വാസ്തവ വിരുദ്ധമായി വിമർശിക്കുമ്പോൾ മറനീക്കി പുറത്തു വരുന്നത് എന്താണെന്ന് കാണാൻ സവിശേഷബുദ്ധി ആവശ്യമില്ല. ഫെബ്രുവരിയിൽ ഞങ്ങളിലൊരാളെ അതിനീചമായി ആക്രമിച്ചതിനു പിന്നാലെ ഞങ്ങൾ ഒത്തുകൂടിയതിനു ശേഷമാണല്ലോ സമൂഹത്തിൽ ഇത്തരം സംഭാഷണങ്ങൾ പ്രബലമായത്‌.

ലോകത്തെ മുഴുവൻ ആണുങ്ങൾക്കുമെതിരെ ചില സിനിമക്കാരികൾ നടത്തുന്ന കാമ്പില്ലാത്ത വാക്പയറ്റായി ഡബ്ല്യൂ.സി.സിയുടെ സംഭാഷണങ്ങളെ തെറ്റിദ്ധരിക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ടെന്ന് അറിയുമ്പോഴും നമ്മുടെ സംസ്കാരത്തെ അനുദിനം ദുഷിപ്പിക്കുന്ന, കാർന്നുതിന്നുന്ന ചില അവസ്ഥാ വിശേഷങ്ങൾ മലയാളി സമൂഹത്തെ ബോധ്യപ്പെടുത്തുക തന്നെ വേണമെന്ന് ഞങ്ങൾ കരുതുന്നു.

കഴിഞ്ഞ കുറേ മാസങ്ങളായി കലക്ടീവിലെ അംഗങ്ങൾ പൊതുവേദികളിൽ ഒറ്റക്കും കൂട്ടായും പറയാൻ ശ്രമിക്കുന്നത് ഒരേ കാര്യമാണ്. അതിങ്ങനെയാണ്‌: ഈ സംഘടന പുരുഷവർഗത്തിനോ സമൂഹത്തിലെ ഏതെങ്കിലും വ്യക്തികൾക്കോ എതിരല്ല. ഞങ്ങൾ കലഹിക്കുന്നത് ആൺകോയ്മ നിലനിർത്തുന്ന ഘടനകളോടാണ്. സ്ത്രീ സമൂഹത്തെ തുല്യമായി കാണാൻ സഹിഷ്ണുതയില്ലാത്ത സംസ്കാരത്തോടാണ്. തുല്യതക്ക് എതിരു നിൽക്കുന്ന ഈ മനോഭാവം മാറിയേ തീരൂ. റിമയും സജിതയും ദീദിയും ഇപ്പോൾ പാർവതിയും ഇതു തന്നെയാണ് പറഞ്ഞത്.

യഥാർഥ വിദ്യാഭ്യാസം വിഭാവനം ചെയ്യേണ്ടതു യഥാർഥ സ്വാതന്ത്ര്യമാണ്: വർണം, വർഗം, ദേശം, ഭാഷ, ജാതി, മതം, ലിംഗം എന്നിങ്ങനെ എണ്ണിയാലൊടുക്കാത്ത വേർതിരിവുകൾ മറികടന്നു അന്യോന്യം തുല്യതയിൽ സഹവർത്തിക്കാനുള്ള കഴിവാണ് നമ്മുടെ സാംസ്കാരിക വികാസത്തെ അടയാളപ്പെടുത്തേണ്ടത്. രാജ്യത്ത് വിദ്യാഭ്യാസത്തിൽ, ആരോഗ്യ പരിപാലനത്തിൽ, ആൺ^പെൺ അനുപാതത്തിൽ ഒക്കെ അന്യാദൃശമായ പുരോഗതി അവകാശപ്പെടുന്ന കേരളം തുല്യതയുടെയും സാമൂഹ്യനീതിയുടെയും പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിക്കുന്നുണ്ടോ?

വിമൻ ഇൻ സിനിമ കലക്ടീവ് നിലവിൽ വരുന്നതിന് നൂറ്റാണ്ടുകൾക്ക് മുൻപ് ആരംഭിച്ച സംഭാഷണങ്ങളാണ് തുല്യതയും സാമൂഹ്യനീതിയും. തുല്യമായ സാമൂഹ്യ- സാംസ്കാരിക- രാഷ്ട്രീയ ഇടത്തിനും തുല്യമായ അവസരങ്ങൾക്കും വേണ്ടിയാണ് ഡബ്ല്യൂ.സി.സി നിലകൊള്ളുന്നത്. ആഗോളതലത്തിൽ വളരെയേറെ മുന്നോട്ടു പോയിട്ടുള്ള ഈ ചിന്തകളെ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കേരള സമൂഹം എങ്ങനെ സമീപിക്കുന്നു എന്ന് വളർന്നു വരുന്ന തലമുറ ശ്രദ്ധയോടെ വീക്ഷിക്കുകയാണ്. അവർ നമ്മെ വിലയിരുത്തുകയും അളന്നു തൂക്കുകയും ചെയ്യുന്നുണ്ടെന്ന് നാമറിയണം - താമസിയാതെ, നമ്മുടെ മണ്ടത്തരങ്ങൾക്കും അജ്ഞതക്കും അവിവേകത്തിനും ഇനി വരുന്ന തലമുറയോട് എണ്ണിയെണ്ണി മറുപടി പറയേണ്ടി വരുമെന്നതിൽ ഒരു സംശയവുമില്ല; ഭൂമി എക്കാലത്തേക്കും ക്രൂരതയും ഹിംസയും സഹിക്കുകയുമില്ല.

ഞങ്ങൾ ഇത് ഇപ്പോഴെങ്കിലും പറയാതെയിരുന്നാൽ വരും തലമുറയുടെ മുഖത്ത് ഇനി നോക്കാനാവില്ല എന്നുറപ്പ്; നാം അവരുടെ ഭൂമിയും ആകാശവും കൈയേറുക മാത്രമല്ല അജ്ഞത ആഭരണമാക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു. അവർ നമ്മെ അജ്ഞരെന്നും ഭീരുക്കളെന്നും വിളിക്കാൻ തുടങ്ങിക്കഴിഞ്ഞു. ഭയം മരണമാണ്. ഭീരുക്കളായി ജീവിക്കാൻ ഞങ്ങൾ തയാറല്ല. അതു കൊണ്ട് ഈ സംഭാഷണങ്ങളും പ്രവർത്തനങ്ങളും ഡബ്ല്യൂ.സി.സി തുടരുക തന്നെ ചെയ്യും.

2017 നവംബർ ഒന്നിന് വിമൻ ഇൻ സിനിമ കലക്ടീവ് ഔദ്യോഗികമായി നിലവിൽ വന്നു. ഡബ്ല്യൂ.സി.സിക്ക് ഇനി സമാനഹൃദയരായ സ്ത്രീ സിനിമാ പ്രവർത്തകരെ അംഗങ്ങളാക്കാം. തുല്യത, സാമൂഹ്യനീതി എന്നീ ആശയങ്ങളിൽ ദൃഢമായി വിശ്വസിക്കുന്ന, സിനിമയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്ന എല്ലാ സ്ത്രീകളെയും ഡബ്ല്യൂ.സി.സിയിലേക്ക് സ്വാഗതം ചെയ്യുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kasabaparvathywomen in cinema collectivemalayalam newsmovies news
News Summary - Parvathy-Kasaba Issue: Women in Cinema Collective Announce Their Stand -Movies News
Next Story