നാടകീയതകൾ ഒഴിയാതെ രണ്ടാം ദിനവും
text_fieldsഅങ്കമാലി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിെൻറ അറസ്റ്റ്പോലെതന്നെ നാടകീയമായിരുന്നു മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കലും ആലുവ സബ് ജയിലിലേക്ക് അയക്കലും. ആലുവ പൊലീസ് ക്ലബിൽനിന്ന് ചൊവ്വാഴ്ച രാവിലെ 6.45നാണ് പൊലീസ് മിനി ബസിൽ വൻ സുരക്ഷയോടെ മജിസ്ട്രേറ്റിെൻറ അങ്കമാലി എം.സി റോഡിൽ വേങ്ങൂരിലെ വസതിയിൽ ദിലീപിനെ കൊണ്ടുവന്നത്.
തിങ്കളാഴ്ച രാത്രി മുതൽ എം.സി റോഡിെൻറ വശങ്ങളിലും മജിസ്ട്രേറ്റിെൻറ വസതിക്ക് സമീപവും നൂറുകണക്കിന് ആളുകൾ നിറഞ്ഞിരുന്നു. അർധരാത്രിയോ പുലർച്ചയോ ദിലീപിനെ ഹാജരാക്കാൻ സാധ്യത ഉള്ളതിനാൽ മാധ്യമപ്രവർത്തകരും ഇവിടേക്ക് ഒഴുകി. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവാതെവന്നതോടെ അങ്കമാലി എം.സി റോഡിൽ 10 മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി.
തിങ്കളാഴ്ച രാത്രി മുതൽ ദൃശ്യമാധ്യമങ്ങൾ എം.സി റോഡിെൻറ വശങ്ങളിൽ തത്സമയ സംപ്രേഷണത്തിന് തയാറെടുപ്പ് നടത്തിയിരുന്നു. അർധരാത്രിയിലും പ്രതിയെ കാണാതായതോടെ ജനം നിരാശരായി. തുടർന്ന്, മുദ്രാവാക്യങ്ങളും ദിലീപിെൻറ കോലം കത്തിക്കലുമൊക്കെയായി നേരം വെളുപ്പിക്കുകയായിരുന്നു. അതിനിടെ, ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും അപകടങ്ങൾ ഒഴിവാക്കാനും പൊലീസ് നന്നേ പ്രയാസപ്പെട്ടു. പൊലീസ് വാഹനം കണ്ടതോടെ ഇളകിമറിഞ്ഞ സ്ത്രീകളും യുവാക്കളും ദിലീപിനെ കൂക്കിവിളിച്ചു. ചിലർ ചീമുട്ടകളും ചെരിപ്പുകളും എറിയാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു.
മജിസ്ട്രേറ്റിെൻറ വസതിയിൽനിന്ന് ദിലീപിനെ പുറത്തേക്ക് കൊണ്ടുവന്നപ്പോഴും പൊലീസ് വാഹനത്തിൽ കയറ്റിയപ്പോഴും ജനം രോഷാകുലരായി. ദിലീപിനെതിരായ തെളിവുകൾ അര മണിക്കൂറോളം പരിശോധിച്ചശേഷമാണ് റിമാൻഡ് ചെയ്തത്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നിവക്ക് പുറമെ െഎ.ടി ആക്ട് പ്രകാരവും ദിലീപിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. പല സുപ്രധാന തെളിവുകൾ നശിപ്പിക്കാൻ ദിലീപ് ശ്രമിച്ചതായും കണ്ടെത്തി.
കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുന്നതിന് പൊലീസ് സമർപ്പിച്ച അപേക്ഷ പരിഗണിക്കാനുള്ള വിസ്താരത്തിന് ബുധനാഴ്ച ദിലീപിനെ അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഗൂഢാലോചന നടന്ന കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ഉൾപ്പെടെ തെളിവെടുപ്പിന് പ്രതിയെ കൊണ്ടുപോകേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.