ദിലീപ് എട്ടാം പ്രതി; മഞ്ജുവാര്യർ സാക്ഷി
text_fieldsഅങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ എട്ടാം പ്രതിയാക്കി പൊലീസ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ദിലീപിെൻറ മുൻ ഭാര്യയും നടിയുമായ മഞ്ജുവാര്യർ മുഖ്യ സാക്ഷികളിലൊരാളാണ്. ആകെ 12 പ്രതികളാണുള്ളത്. രണ്ട് പേരെ മാപ്പുസാക്ഷികളാക്കി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥൻ പെരുമ്പാവൂർ സി.െഎ ബൈജു പൗലോസാണ് അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് ലീന റിയാസ് മുമ്പാകെ 650 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.
355 സാക്ഷികളും 450ഒാളം രേഖകളുമടങ്ങിയതാണ് കുറ്റപത്രം. സാക്ഷികളിൽ അമ്പതോളംപേർ സിനിമമേഖലയിൽനിന്നാണ്. ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകളും 22 പേരുടെ രഹസ്യമൊഴികളും കുറ്റപത്രത്തിലുണ്ട്. കൂട്ടബലാത്സംഗം, ഗൂഢാലോചന തുടങ്ങി 12ഒാളം കുറ്റങ്ങളാണ് ദിലീപിനെതിരെ ചുമത്തിയിട്ടുള്ളത്.
ആദ്യം സമർപ്പിച്ച കുറ്റപത്രത്തിലെ ഏഴ് പ്രതികളെ അതേപടി നിലനിർത്തി. കൃത്യം നടത്തിയവരും ഒളിവിൽ പോകാൻ സഹായിച്ചവരുമാണ് ആദ്യ കുറ്റപത്രത്തിലെ പ്രതികൾ. ജയിലിൽനിന്ന് കത്തെഴുതിയ പൾസർ സുനിയുടെ സഹതടവുകാരൻ വിപിൻലാൽ, എ.ആർ ക്യാമ്പിലെ പൊലീസുകാരൻ അനീഷ് എന്നിവരാണ് മാപ്പുസാക്ഷികൾ.
അനീഷിെൻറ ഫോണിൽനിന്നാണ് ദിലീപിനെ സുനി വിളിച്ചത്. പൾസർ സുനി എന്ന സുനിൽകുമാർ (29), മാർട്ടിൻ ആൻറണി (24), മണികണ്ഠൻ എന്ന തമ്മനം മണി (29), വിജീഷ് രാമകൃഷ്ണൻ (30), വടിവാൾ സലിം എന്ന സലിം (23), ചാത്തങ്കരി പ്രദീപ് (23), പൂപ്പിള്ളി ചാർലി തോമസ് (43), ദിലീപ് എന്ന പി. ഗോപാലകൃഷ്ണൻ (49), മേസ്തിരി സനൽ എന്ന സനൽ (41), വിഷ്ണു അരവിന്ദൻ (39), അഡ്വ. പ്രതീഷ് ചാക്കോ (53), അഡ്വ. രാജു ജോസഫ് (60) എന്നിവരാണ് ഒന്നുമുതൽ 12 വരെ പ്രതികൾ.
ദിലീപിനുവേണ്ടിയാണ് സുനി കൃത്യം ചെയ്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു. നടിയോടുള്ള വ്യക്തിവൈരാഗ്യത്തിനും ആക്രമണത്തിനും എേട്ടാളം കാരണങ്ങളാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. തെൻറ ആദ്യവിവാഹം തകർന്നതിന് പിന്നിൽ നടിയാണെന്ന് ദിലീപ് ഉറച്ചുവിശ്വസിക്കുന്നതായും കുറ്റപത്രത്തിലുണ്ട്.
പ്രതികൾക്ക് നൽകാൻ കുറ്റപത്രത്തിെൻറ പകർപ്പും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പരിശോധന പൂർത്തിയാക്കി കുറ്റപത്രം കോടതി അംഗീകരിക്കണം. തുടർന്ന് പ്രതികൾക്ക് സമൻസ് അയക്കും. പ്രതികൾ ഹാജരായശേഷം വിചാരണ നടപടികൾക്ക് കേസ് സെഷൻസ് കോടതിക്ക് കൈമാറും. വിചാരണ എവിടെ വേണമെന്ന് സെഷൻസ് കോടതിയാകും തീരുമാനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.