‘ആടുജീവിതം’ കഴിഞ്ഞ് തിരിച്ചെത്തി; ഇനി ക്വാറൻറീൻ ജീവിതം -VIDEO
text_fieldsനെടുമ്പാശ്ശേരി/കൊച്ചി: ‘ആടുജീവിതം’ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി നടന് പൃഥ്വിരാജും സംവിധായകന് ബ്ലെസിയുമുൾപ്പെട്ട സിനിമ പ്രവർത്തകർ ജോർദാനിൽനിന്ന് കൊച്ചിയിൽ തിരിച്ചെത്തി. കോവിഡ് പശ്ചാത്തലത്തിൽ ജോർദാനിലെ മരുഭൂമിയില്‍ രണ്ടുമാസത്തിലേറെ ഒറ്റപ്പെട്ടുകിടന്ന 58 അംഗ സംഘമാണ് തിരികെയെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ആരോഗ്യപരിശോധനകൾക്കുശേഷം ഇവരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലുകളിലാണ് ഇവർ 14 ദിവസം ക്വാറൻറീനിൽ കഴിയുക. ഫോർട്ട്കൊച്ചിയിലെ ഹോട്ടലിലൊരുക്കിയ ക്വാറൻറീനിലേക്ക് നടൻ പൃഥ്വിരാജ് സ്വയം കാറോടിച്ചാണ് പോയത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പേതാടെയാണ് ഇവർ വിമാനത്താവളത്തിലെത്തിയത്. ജോർദാനില്‍നിന്ന് ഡല്‍ഹി വഴിയായിരുന്നു വിമാനം.
മാർച്ച് രണ്ടാം വാരത്തിലാണ് ആടുജീവിതത്തിെൻറ അണിയറപ്രവർത്തകർ ജോർദാനിലെ വാദിറാമിൽ സിനിമ ചിത്രീകരണത്തിന് എത്തിയത്. മാർച്ച് 16ന് തുടങ്ങിയ ഷൂട്ടിങ്, ഇടക്ക് കോവിഡ് ഭീതി രൂക്ഷമായതോടെ നിർത്തിവെക്കുകയായിരുന്നു.
പിന്നീട് ചിത്രീകരണം തുടർന്നെങ്കിലും വ്യോമഗതാഗതം നിലച്ചതും കോവിഡ് ഭീഷണി വർധിച്ചതും ഇവരെ കുടുക്കി. ഇതോടെ, സംഘം മരുഭൂമിയിലെ ക്യാമ്പിൽ ഒറ്റപ്പെടുകയായിരുന്നു. ഏറെനാളത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് തിരിച്ചുവരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.