ദിലീപിെൻറ മാനേജരെ പൾസർ സുനി ഫോണിൽ വിളിച്ചു
text_fields
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ച്, മുഖ്യപ്രതി പൾസർ സുനി നടൻ ദിലീപിെൻറ മാനേജരെ ജയിലിൽനിന്ന് വിളിച്ച ഫോൺ സംഭാഷണം പുറത്ത്. സംഭവത്തിൽ ദിലീപിെൻറ പേര് പറയാതിരിക്കാൻ ഒന്നരക്കോടി നൽകണമെന്നാവശ്യപ്പെട്ട് വിഷ്ണു എന്നൊരാൾ നാദിർഷായെയും തെൻറ മാനേജർ അപ്പുണ്ണിയെയും വിളിച്ച് ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിച്ചെന്ന് കാണിച്ച് ദിലീപ് ഡി.ജി.പിക്ക് പരാതി നൽകിയെന്ന വിവരം പുറത്തുവന്നതിെൻറ തൊട്ടടുത്ത ദിവസമാണ് സുനിയും അപ്പുണ്ണിയും തമ്മിലെ സംഭാഷണം പുറത്തായത്. ഇതോടെ, ദിലീപിൽനിന്ന് പണം തട്ടാൻ അപ്പുണ്ണിയുമായി ഫോണിൽ ബന്ധപ്പെട്ടത് സഹതടവുകാരനായ വിഷ്ണുവല്ല സുനിതന്നെയാണെന്ന് വ്യക്തമായി. തടവുപുള്ളിക്ക് ജയിലിൽ ഫോൺ ലഭിച്ചത് ഗുരുതര വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
സുനിയുടെ സഹതടവുകാരനായി കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ ഇടപ്പള്ളി സ്വദേശി വിഷ്ണുവും അപ്പുണ്ണിയും തമ്മിലുള്ളതെന്ന പേരിൽ ഫോൺ സംഭാഷണം ഞായറാഴ്ച രാവിലെയാണ് പുറത്തുവന്നത്. തുടർന്ന് പൊലീസ് നടത്തിയ വിശദ പരിശോധനയിലാണ് സംസാരിച്ചത് സുനിതന്നെയാണെന്ന് സ്ഥിരീകരിച്ചത്. ഫെബ്രുവരി 21 മുതൽ കാക്കനാട് ജില്ല ജയിലിൽ കഴിയുന്ന സുനി ഫോൺ ഉപയോഗിക്കുന്നെന്ന സൂചനയെത്തുടർന്ന് മൂന്നാഴ്ച മുമ്പ് പൊലീസ് ജയിലിലെത്തി പരിശോധിച്ചിരുന്നു. എന്നാൽ, മൊബൈൽ ഫോണോ സിം കാർഡോ കണ്ടെത്താനായില്ല.
അപ്പുണ്ണിയുമായുള്ള ഫോൺ സംഭാഷണത്തിൽ പേര് വെളിപ്പെടുത്തുന്നില്ലെങ്കിലും ജയിലിൽനിന്നാണ് വിളിക്കുന്നതെന്ന് പറയുന്നുണ്ട്. ആരാണ് വിളിക്കുന്നതെന്നും ഞങ്ങളുമായി ബന്ധമില്ലാത്ത കാര്യത്തിന് നിങ്ങളൊക്കെ എന്തിനാണ് എന്നെ വിളിക്കുന്നതെന്നും അപ്പുണ്ണി ചോദിക്കുന്നു. അപ്പുണ്ണി സംസാരിക്കാൻ കൂട്ടാക്കണമെന്ന് സുനി പറയുന്നതോടെ അപ്പുണ്ണിയുടെ പ്രതികരണം രൂക്ഷമാകുകയാണ്.
താൻ കൊടുത്തയച്ച കത്ത് ദിലീപിന് കൈമാറണമെന്നും കത്തിൽ പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്നും ഒന്നരക്കോടി രൂപ മൂന്നുമാസം കൊണ്ട് നൽകണമെന്നുമാണ് സുനി ആവശ്യപ്പെടുന്നത്. എന്നാൽ, കത്ത് വാങ്ങാൻ തയാറല്ലെന്ന് വ്യക്തമാക്കുന്ന അപ്പുണ്ണി തന്നെ വിളിക്കേണ്ടെന്ന് എല്ലാവരോടും പറഞ്ഞിട്ടുള്ളതല്ലേയെന്നും കേസ് കൊടുക്കുകയോ നിങ്ങൾക്കിഷ്ടമുള്ളപോലെ ചെയ്യുകയോ ആകാമെന്നും പ്രതികരിക്കുന്നു. സംഭാഷണം വേണമെങ്കിൽ റെക്കോഡ് ചെയ്തുകൊള്ളാനും അതിൽ ബുദ്ധിമുട്ടില്ലെന്നും സുനി പറയുന്നതും ശബ്ദരേഖയിലുണ്ട്.
ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചെന്ന് കാണിച്ച് ഏപ്രിൽ 20നാണ് ദിലീപ് അന്നത്തെ ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് പരാതി നൽകിയത്. മൊബൈൽ ഫോൺ അടക്കം എല്ലാ സൗകര്യവും സുനിക്ക് ജയിലിൽ ലഭിക്കുന്നുണ്ടെന്നതിെൻറ തെളിവാണ് ഫോൺ സംഭാഷണം. തടവുപുള്ളി ജയിലിൽനിന്ന് ഫോൺ ചെയ്ത് പണം തട്ടാൻ ശ്രമിച്ചു എന്ന ഗുരുതര സ്വഭാവമാണ് സംഭവത്തിനുള്ളത്. ഇൗ വഴിക്കുകൂടി അന്വേഷണത്തിനുള്ള ഒരുക്കത്തിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.