വ്യാജരേഖ സൃഷ്ടിച്ച് നികുതിവെട്ടിപ്പ്: സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം
text_fieldsകൊച്ചി: വ്യാജരേഖ ചമച്ച് വാഹന നികുതി വെട്ടിച്ചെന്ന കേസിൽ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി എം.പിക്ക് മുൻകൂർജാമ്യം. രണ്ട് ആൾജാമ്യവും ഒരു ലക്ഷം രൂപയുടെ ജാമ്യവും നൽകണമെന്ന വ്യവസ്ഥകൾ പ്രകാരമാണ് ജാമ്യം അനുവദിച്ചത്. കൂടാതെ, എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും ഹൈകോടതി ഉത്തരവിട്ടിട്ടുണ്ട്.
സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യ ഹരജിയിൽ മൂന്നാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് ഹൈകോടതി നേരേത്ത ഉത്തരവിട്ടിരുന്നു. കൂടാതെ, അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു. ഇതുപ്രകാരം സുരേഷ് ഗോപി ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരായിരുന്നു. 2010ല്‍ 80 ലക്ഷം രൂപ വിലവരുന്ന ഒൗഡി ക്യു സെവന് കാറും രാജ്യസഭ എം.പി ആയതിനു ശേഷം മറ്റൊരു കാറും പുതുച്ചേരിയിലെ വ്യാജ വിലാസത്തില്‍ സുരേഷ് ഗോപി രജിസ്റ്റർ ചെയ്തെന്നാണ് ആരോപണം.
വേഗപരിധി ലംഘിച്ചതിന് എട്ടു തവണ സുരേഷ് ഗോപിയുടെ വാഹനം കേരളത്തില്‍ ട്രാഫിക് പൊലീസിന്റെ കാമറയില്‍ കുടുങ്ങിയിരുന്നു. ഇതിന് പിഴയടക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് പുതുച്ചേരിയിലെ വിലാസത്തിലേക്ക് അയച്ചപ്പോള്‍ മടങ്ങുകയാണുണ്ടായത്. ഇതുപ്രകാരം നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്‍റെ ഉടമസ്ഥൻ സുരേഷ് ഗോപിയാണെന്ന് വാഹന വകുപ്പ് കണ്ടെത്തിയത്.
ഏകദേശം 1500 വാഹനങ്ങളാണ് പുതുച്ചേരിയിൽ രജിസ്ട്രേഷൻ നടത്തി നികുതി വെട്ടിച്ചതെന്നും പൊലീസ് നടപടി ആരംഭിച്ച ശേഷം പുതുച്ചേരിയിലെ രജിസ്‌ട്രേഷന്‍ 90 ശതമാനത്തോളം കുറഞ്ഞതായി ക്രൈംബ്രാഞ്ച് ഹൈകോടതിയെ അറിയിച്ചിരുന്നു.
സമാന തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് നടി അമലപോൾ, ഫഹദ് ഫാസിൽ എന്നിവർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. കേസില്‍ നടന് ഫഹദ് ഫാസിലിന് ആലപ്പുഴ ജില്ല സെഷന്‍സ് കോടതി ജാമ്യം നല്കി. 17 ലക്ഷം രൂപ ഫഹദ് ആലപ്പുഴ മോേട്ടാർ വാഹന വകുപ്പിൽ നികുതി അടച്ചിരുന്നു. എന്നാൽ, വ്യാജരേഖ ഉപയോഗിച്ച് പുതുച്ചേരിയില്‍ രണ്ടാമതും കാര്‍ രജിസ്റ്റർ ചെയ്തെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഫഹദിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് വീണ്ടും കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.