പത്മാവത്: പ്രക്ഷോഭം ശക്തം, വീണ്ടും ഹരജിയുമായി സംസ്ഥാനങ്ങൾ
text_fieldsന്യൂഡൽഹി: വിവാദ ചിത്രം പത്മാവതിെൻറ പ്രദർശനം സംബന്ധിച്ച് പ്രക്ഷോഭം അവസാനിക്കുന്നില്ല. രാജസ്ഥാനിലും, മധ്യപ്രദേശിലും കർണിസേന നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ അക്രമാസക്തമായി. ഇവിടങ്ങളിൽ കർണിസേന പ്രവർത്തകർ കത്തിച്ച ടയറുകളുമായി റോഡുകൾ ഉപരോധിച്ചു.
രാജസ്ഥാനിൽ പ്രതിഷേധക്കാരിലൊരാൾ ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് മൊബൈൽ ടവറിനുമുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. ഇയാളെ പിന്നീട് സുരക്ഷിതമായി താഴെയിറക്കി. മധ്യപ്രദേശിൽ പ്രതിഷേധക്കാരിൻനിന്നും മെമ്മോറാണ്ടം വാങ്ങിയതായും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും പൊലീസ് മേധാവി സചിൻ അതുൽക്കർ പറഞ്ഞു. ക്രമസമാധാന പ്രശ്നങ്ങൾ സംബന്ധിച്ച വാർത്തകൾ നിഷേധിച്ച അദ്ദേഹം റോഡുകളിലെ തടസ്സങ്ങൾ നീക്കിയതായും അറിയിച്ചു. അതിനിടെ ചിത്രത്തിെൻറ റിലീസിനെതിരെ രാജസ്ഥാനിലെ ഒരുകൂട്ടം സ്ത്രീകൾ രംഗത്തെത്തി. ചേതവാനി എന്ന പേരിൽ റാലി നടത്തിയ ഇവർ ചിത്രം റിലീസ് ചെയ്താൽ തീയിൽ ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി.
ചിത്രത്തിെൻറ പ്രദർശനം വിലക്കാനാവില്ലെന്ന മുൻ ഉത്തരവിനെതിരെ രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങൾ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ െബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. സിനിമാട്ടോഗ്രാഫ് ആക്ട് സെക്ഷൻ ആറ് പ്രകാരം ചിത്രം നിരോധിക്കാനാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനങ്ങളുടെ ഹരജി. കേസ് ചൊവ്വാഴ്ച പരിഗണിക്കും.
കേസിൽ ചിത്രത്തിെൻറ നിർമാതാക്കൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കേസ് പരിഗണിക്കുന്നതിനെ എതിർത്തിരുന്നു. കേസിന് ശക്തി പകരാൻ രാജസ്ഥാനിലെ രാജകുടുംബാംഗങ്ങളോടും കേസിൽ കക്ഷി ചേരാൻ രാജസ്ഥാൻ സർക്കാർ ആവശ്യപ്പെട്ടു. ഇൗ മാസം 25നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.