രൺജിക്ക് അഭിവാദ്യം; പുതിയ മാറ്റത്തിന്‍റെ തുടക്കമെന്ന് റിമ
text_fieldsസ്ത്രീ വിരുദ്ധ, ജാതിവിരുദ്ധ സംഭാഷണങ്ങൾ എഴുതിയതിൽ ഖേദിക്കുന്നുവെന്ന തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കരുടെ പ്രസ്താവനയെ അഭിനന്ദിച്ച് നടി റിമ കല്ലിങ്കൽ. ഇത് ഒരു പുതിയ മാറ്റത്തിന്‍റെ തുടക്കമാണെന്ന് റിമ ഫേസ്ബുക്കിൽ കുറിച്ചു.
രൺജി പണിക്കർക്ക് അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും. അദ്ദേഹം പറഞ്ഞത് പോലെ എല്ലാ കലാസൃഷ്ടികളും അതത് കാലങ്ങളിൽ പരിശോധനക്ക് വിധേയമാകണം. നാം ജീവിക്കുന്ന കാലത്തെയാണ് അവയെല്ലാം പ്രതിഫലിപ്പിക്കുക. തലമുറകൾ ആദരിക്കുന്ന കലാസൃഷ്ടികൾ നമുക്ക് നിർമിക്കാം...-റിമ ഫേസ്ബുക്കിൽ വ്യക്തമാക്കുന്നു. 'സെൻസ്, സെൻസിറ്റിവിറ്റി, സെൻസിബിലിറ്റി' എന്ന രൺജി പണിക്കരുടെ പ്രശസ്ത ഡയലോഗ് പോസ്റ്റിന് ശേഷം ഹാഷ് ടാഗായി താരം ചേർത്തിട്ടുണ്ട്.
മുൻകാല സിനിമകൾക്ക് വേണ്ടി സ്ത്രീ വിരുദ്ധ, ജാതിവിരുദ്ധ സംഭാഷണങ്ങൾ എഴുതിയതിൽ ഇപ്പോൾ ഖേദിക്കുന്നുവെന്ന് രൺജി പണിക്കർ ടൈംസ് ഒാഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. സ്ത്രീകളെ താഴ്ത്തിക്കെട്ടണമെന്ന് ആ സംഭാഷണങ്ങൾ എഴുതുമ്പോൾ കരുതിയിരുന്നില്ല. സിനിമയിലെ സന്ദർഭത്തിന് അനുസരിച്ച് എഴുതുകയായിരുന്നുവെന്നും രഞ്ജി പണിക്കർ പറഞ്ഞത്.
അക്കാലത്ത് ആ സംഭാഷണങ്ങൾ കേട്ട് കൈയ്യടിച്ചവർക്ക് പോലും ഇന്ന് അതൊരു പ്രശ്നമായി തോന്നുന്നു. ഭാവിയിൽ മറ്റൊരു തരത്തിൽ വായിക്കപ്പെടുമെന്ന് അറിഞ്ഞിരുന്നുവെങ്കിൽ അത്തരം സംഭാഷണങ്ങൾ ഒഴിവാക്കുമായിരുന്നു. സംഭാഷ്ണങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ തീർച്ചയായും ഖേദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.