തൈമൂറിന് ഏതെങ്കിലും വ്യക്തിയുമായി സാദൃശ്യം ഉണ്ടെങ്കിൽ തികച്ചും യാദൃശ്ചികമെന്ന് സൈഫ് അലിഖാൻ
text_fieldsന്യൂഡൽഹി: സൈഫ് അലിഖാൻ-കരീന കപൂർ താര ദമ്പതികളുടെ കുഞ്ഞിനെ ചൊല്ലി ചൂടേറിയ ചർച്ചയാണ് സാമൂഹിക മാധ്യമങ്ങളിൽ നടന്നത്. അന്ന് വിവാദങ്ങൾക്ക് മൗനം പാലിച്ച സൈഫ് അലിഖാൻ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. 'മുംബൈ മിറർ' എന്ന പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സൈഫ് ഇക്കാര്യം പറഞ്ഞത്.
ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നത് ആരെന്ന് നമുക്ക് പറയാനാവില്ല. പലപ്പോഴും ഈ ചർച്ചകൾ മോശമാണെങ്കിലും ആളുകൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ തുറന്ന് പറയാൻ ഇതുവഴി കഴിയുന്നു. രാജ്യം വലതുപക്ഷത്തേക്ക് നീങ്ങുന്നതിനെ കുറിച്ചും ഫാഷിസത്തെ കുറിച്ചും ജനങ്ങൾ സംസാരിക്കുന്നു. എല്ലാവർക്കും ഇക്കാര്യത്തെ കുറിച്ചോർത്ത് ഭയമുണ്ട്. മകന്‍റെ പേരിനെ ചൊല്ലി പ്രാധാന്യമില്ലാത്ത ചർച്ചയാണ് നടന്നതെങ്കിലും അതിൽ വിവിധ തരത്തിലുള്ളവരുടെ ശബ്ദമുണ്ടായിരുന്നു. അതിനാൽ തന്നെ ചർച്ചയിൽ എനിക്ക് പങ്കെടുക്കേണ്ടി വന്നില്ല. ചർച്ചയിൽ പങ്കെടുത്തവർ തന്നെ ശരിയായ അഭിപ്രായം രേഖപ്പെടുത്തി. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ വളരെ നന്നായാണ് തനിക്ക് തോന്നിയതെന്നും സൈഫ് പറഞ്ഞു.
ചിലർ മകന്‍റെ പേര് വെച്ച് മധ്യകാലഘട്ടത്തിലെ ചരിത്രത്തെ കുറിച്ചൊക്കെ വാചാലരായി. എന്നാൽ ഇത് വിരോധാഭാസം തന്നെയായിരുന്നു. മറ്റു ചിലരാകട്ടെ തന്‍റെ ഭാര്യയെ ചൂണ്ടിക്കാട്ടിയാണ് ചർച്ച ചെയ്തത്. നമ്മളൊരും തീവ്ര വലതുപപക്ഷ സമൂഹത്തിലല്ല ജീവിക്കുന്നത് എന്ന ഉത്തമ ബോധ്യമുള്ളതിനാൽ അതിനെ കുറിച്ച് പ്രതികരിക്കാൻ താൻ മുതിർന്നില്ല. ഇന്ത്യ ഇപ്പോഴും മതേതരവും ജനങ്ങൾ തുറന്ന മനസുള്ളവരുമാണെന്നും സൈഫ് അലിഖാൻ വ്യക്തമാക്കി.
തനിക്കും ഭാര്യക്കും തൈമൂർ എന്ന പേര് ഇഷ്ടമായതിനാലാണ് മകന് ആ പേരിട്ടത്. പേർഷ്യൻ നാമമായ അതിന്‍റെ അർഥം ഇരുമ്പ് എന്നാണ്. തുർക്കിയിലെ ഭരണാധികാരിയാണെന്നോ അതിന് പിന്നിൽ വലിയ ചരിത്രമുണ്ടെന്നോ താൻ കാര്യമാക്കിയില്ല. ഇനി ആ പേരിന് ഏതെങ്കിലും വ്യക്തിയുമായി സാദൃശ്യം ഉണ്ടെങ്കിൽ തികച്ചും യാദൃശ്ചികമാണെന്നും സൈഫ് തമാശരൂപേണ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.