ഇന്ത്യൻ ചലചിത്രലോകം കടന്നുപോവുന്നത് ഇരുണ്ട കാലഘട്ടത്തിലൂടെ –സക്കറിയ
text_fieldsകോഴിക്കോട്: സത്യജിത് റേയും മറ്റ് ചലച്ചിത്രകാരന്മാരും സൃഷ്ടിച്ചുവെച്ച സിനിമയുടെ സുവർണകാലം ഇല്ലാതായിരിക്കുന്നുവെന്നും ഇരുണ്ട കാലഘട്ടത്തിലൂടെയാണ് ഇന്ന് ഇന്ത്യൻ സിനിമാലോകം കടന്നുപോകുന്നതെന്നും കഥാകാരൻ സക്കറിയ. സത്യജിത് റേയുടെ 25ാം ചരമവാർഷികത്തിൽ ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയും അശ്വിനി ഫിലിം സൊസൈറ്റിയും ബാങ്ക്മെൻസ് ഫിലിം സൊസൈറ്റിയും ചേർന്നൊരുക്കിയ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫിലിം സൊസൈറ്റികളും ചലച്ചിത്രമേളകളും തുടങ്ങുന്നതിലൂടെ ഒരു മഹത്തായ പാരമ്പര്യമാണ് ഇന്ത്യൻ ചലച്ചിത്രരംഗത്തിന് റായ് സമ്മാനിച്ചത്. ചലച്ചിത്ര സാക്ഷരതയിലൂടെ സമൂഹത്തിൽ ജ്ഞാനോദയവും കൊണ്ടുവരാൻ കഴിഞ്ഞു. ഇന്ദിര ഗാന്ധിയെയും ജവഹർലാൽ നെഹ്റുവിനെയും പോലെ നല്ല സിനിമകൾ തിരിച്ചറിയുന്ന രാഷ്ട്രീയ നേതൃത്വം കൂടി അന്നുണ്ടായിരുന്നു. സിനിമാലോകത്തെ നല്ല ഉദ്യമങ്ങളെ അടിച്ചമർത്താനും ഇല്ലാതാക്കാനുമുള്ള ശ്രമമാണ് ഇന്ത്യൻ രാഷ്ട്രീയ നേതൃത്വം നടത്തുന്നത്. ഈ ഇരുണ്ട കാലത്തുനിന്ന് നാം രക്ഷപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് മലയാളത്തിൽ ന്യൂജെൻ എന്ന പേരിൽ ഇറങ്ങുന്നതിലേറെയും പഴയതിലും നല്ല സിനിമകളാണെന്നും ഐ.എഫ്.എഫ്.കെയുടെ സ്വാധീനം ഇതിലുണ്ടെന്നും സക്കറിയ പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകൻ എ. സഹദേവൻ മുഖ്യപ്രഭാഷണം നടത്തി. സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ ചെലവൂർ വേണു അധ്യക്ഷത വഹിച്ചു. കെ.ജെ. തോമസ് സ്വാഗതം പറഞ്ഞു. അനുസ്മരണ പരിപാടിയുടെ ഭാഗമായി സത്യജിത് റേയുടെ പഥേർ പാഞ്ചാലി, അരണ്യേർ ദിൻ രാത്രി എന്നീ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.