ചിലർ അമ്മയെ മാഫിയയാക്കി മാറ്റിയെന്ന് ഷമ്മി തിലകൻ
text_fields'അമ്മ' ഭാരവാഹികള്‍ക്കെതിരെ ആഞ്ഞടിച്ച് നടനും തിലകന്‍റെ മകനുമായ ഷമ്മി തിലകന്‍. ഏതാനും ചില ആളുകൾ അമ്മ സംഘടനയെ മാഫിയ ആക്കി മാറ്റിയെന്ന് ഷമ്മി തിലകൻ ആരോപിച്ചു. മീഡിയവണ്‍ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷമ്മി തിലകന്‍റെ പ്രതികരണം.
തിലകന്‍ വിഷയത്തില്‍ പരിഹാരം വേണമെന്ന് പലതവണ രേഖാമൂലം ആവശ്യപ്പെട്ടതാണ്. ഈ വിഷയം ഉന്നയിക്കാന്‍ ജനറല്‍ ബോഡിയിലേക്ക് വരേണ്ടതില്ല എന്നായിരുന്നു ഇടവേള ബാബുവിന്‍റെ പ്രതികരണം. തുടര്‍ച്ചയായി മൂന്ന് തവണ യോഗത്തില്‍ പങ്കെടുക്കാത്ത അംഗത്തെ പുറത്താക്കണമെന്നാണ് വ്യവസ്ഥ. അങ്ങനെയങ്കില്‍ തനിക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും ഷമ്മി തിലകന്‍ ചോദിച്ചു.
വിഷയം അമ്മ മുന്‍ പ്രസിഡന്‍റ് ഇന്നസെന്‍റിനെ ധരിപ്പിച്ചതാണ്. എന്നാല്‍, തനിക്കൊരു റോളുമില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. നീതിക്ക് വേണ്ടി കാത്തിരിക്കാനാണ് തീരുമാനമെന്നും ഷമ്മി തിലകൻ വ്യക്തമാക്കി.
ദിലീപ് വിഷയം തിലകൻ വിഷയവുമായി കൂട്ടിക്കുഴക്കേണ്ടെന്നും ദിലീപിനെ പുറത്താക്കിയ നടപടി നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് തന്‍റെ അഭിപ്രായമെന്നും ഷമ്മി തിലകന്‍ പ്രതികരിച്ചു. ദിലീപിനെ പുറത്താക്കിയെന്ന് മാധ്യമങ്ങളോട് പറഞ്ഞ മമ്മൂട്ടി അടക്കമുള്ളവർക്കെതിരെയാണ് നടപടി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.