ജയിലിൽനിന്നൊരു ABCD
text_fieldsഇരുളും വെളിച്ചവുമാണ് തടവറകളുടെ സ്ഥായീഭാവം. വെള്ളിത്തിരയിൽ വിരിയുന്ന ദൃശ്യങ്ങൾക്ക് ആധാരവും ഇരുളും വെളിച്ചവുംതന്നെ. വിഷാദം തളംകെട്ടി നിൽക്കുന്ന അകത്തളങ്ങളും അരിച്ചെത്തുന്ന പ്രകാശവും തടവുകാരിൽ സൃഷ്ടിക്കുന്ന വികാരങ്ങളെന്താകും. ഇവരുടെ ചിന്തകൾ സ്വരുക്കൂട്ടി അഭ്രപാളിയിലെത്തിച്ചാൽ അതിലെ കാഴ്ചകൾക്ക് കൂടുതൽ മിഴിവുണ്ടാകുമോ. ഇത്തരം ചിന്തകളിൽനിന്നാണ് ഇൗ ഉദ്യമം ആരംഭിക്കുന്നത്. കാസർകോട് ചീമേനി ജയിലാണ് പരീക്ഷണത്തിന് വേദിയായത്. പൂർണമായും തടവുകാരുടെ പങ്കാളിത്തത്തോടെ ഷോർട്ട് ഫിലിം നിർമിച്ചാണ് ചീമേനി ചരിത്രത്തിൽ ഇടംപിടിക്കുന്നത്. എ.ബി.സി.ഡി എന്ന പേരിലാണ് ഹ്രസ്വചിത്രം തയാറാക്കിയത്. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സിനിമയുടെ സീഡി പ്രകാശനം ചെയ്തത്.
ചരിത്രത്തിലേക്ക് തിരിച്ച കാമറ
പ്രത്യേകതകൾ ഏറെയുള്ളവരാണ് ചീമേനി തുറന്ന ജയിലിലെ തടവുകാർ. വിവിധ തൊഴിൽ പരിശീലനങ്ങളാണ് സർക്കാർ വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്താൽ ജയിലിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സാധാരണ തൊഴിൽ പരിശീലനങ്ങളിൽനിന്ന് വ്യത്യസ്തമായി സഞ്ചരിക്കാൻ ശ്രമിക്കുന്നവരാണ് ചീമേനിയിലെ തടവുകാർ.
അത്തരം മാറ്റങ്ങൾക്കും പരീക്ഷണങ്ങൾക്കും മികച്ച പിന്തുണയും സഹായവും അധികൃതർ ഇവർക്ക് നൽകുന്നുണ്ട്. വ്യത്യസ്തങ്ങളായ നിരവധി പദ്ധതികളും കോഴ്സുകളുമാണ് ഇവിടെ നടപ്പാക്കുന്നത്. ഇതിെൻറ ഭാഗമായായിരുന്നു സിനിമയെക്കുറിച്ച ക്ലാസ്. 15 ദിവസത്തെ ക്ലാസിൽനിന്ന് ലഭിച്ച അറിവുകളാണ് അവരെ ഹ്രസ്വചിത്രം നിർമിക്കാൻ പ്രേരിപ്പിച്ചതും. ചുരുങ്ങിയ ദിവസത്തെ ക്ലാസിൽ സിനിമയെക്കുറിച്ച് പഠിക്കുകയും തിരക്കഥ എഴുതി സംവിധാനം ചെയ്യുകയും ചെയ്ത് വിസ്മയം സൃഷ്ടിച്ചത് സിനിമയെ ഒരു വിദൂര സ്വപ്നമായിപ്പോലും കാണാത്തവരാണെന്നതാണ് ശ്രദ്ധേയം. കല-ചിത്ര സംവിധായകനായ എൽ. ചിദംബര പളനിയപ്പെൻറ നേതൃത്വത്തിലായിരുന്നു പരിശീലനം.
ചിത്രത്തിന് വഴിയൊരുങ്ങുന്നു
ഇരുനൂറോളം പേരുണ്ട് ഇവിടെ ജയിൽ അന്തേവാസികളായി. സിനിമാതാൽപര്യമുള്ള 23 പേരെ കണ്ടെത്തി ആദ്യഘട്ട പരിശീലനം നൽകി. പരിശീലനം വിജയകരമായി പൂർത്തിയാക്കിയതോടെ ഹ്രസ്വചിത്രമെന്ന സ്വപ്നത്തിലേക്ക് ഇവരെത്തി. തുടർന്ന് മൂന്നു സംഘങ്ങളാക്കി തിരിച്ച് കഥ തയാറാക്കി. ജയിൽവളപ്പുതന്നെ ലൊക്കേഷൻ. ഒടുവിൽ വെള്ള കുപ്പായവും തുണിയും, വർണവസ്ത്രങ്ങളും മേക്കപ്പുകൾ നിറഞ്ഞ മുഖങ്ങൾ കഥക്കനുസരിച്ച് വിവിധ കഥാപാത്രങ്ങളായും അണിയറക്കാരുമായി മാറി. വിശാലമായി എന്നും കണ്ടുശീലിച്ച ജയിൽപരിസരം മികച്ച സെറ്റുകളായപ്പോൾ ഉത്സവത്തിെൻറ പ്രതീതിയായി. തടവുകാരുടെ അധ്വാനവും ജയിൽ സൂപ്രണ്ട് ജയകുമാർ, വെൽെഫയർ ഓഫിസർ ശിവപ്രസാദ് എന്നിവരുടെ പ്രോത്സാഹനവുംകൂടിയായപ്പോൾ സിനിമ അണിയറയിൽ എളുപ്പം പൂർത്തിയായി.
നിരക്ഷരരായ മനുഷ്യർക്ക് അക്ഷരത്തിലൂടെ അറിവ് പകരാനെത്തുന്ന അധ്യാപകെൻറ കഥയാണ് അഞ്ചു മിനിറ്റ് നീളമുള്ള ചിത്രം. ദേശീയ വിദ്യാഭ്യാസ മിഷനിൽനിന്നു വരുന്ന അധ്യാപകൻ പ്രാകൃത മനുഷ്യരോടൊപ്പം ജീവിച്ച് അവർക്ക് ജീവിതത്തിലൂടെ അറിവ് പകരുകയാണ്. ചെങ്കൽപണിയിൽ കല്ലുവെട്ടുമ്പോൾ അവരുടെ കൂടെ പണിയെടുത്ത് കല്ലുകൾ അടുക്കിവെക്കുന്ന അധ്യാപകൻ അക്ഷരങ്ങളുടെ മാതൃകയിൽ കല്ല് അടുക്കിെവച്ച് അവരെ അറിവിെൻറ കൂടാരത്തിലേക്ക് നയിക്കുന്നു. സംഭാഷണങ്ങളില്ലാത്ത കഥയാെണന്ന പ്രത്യേകതയും ഇതിനുണ്ട്. ഷാൻ റഹ്മാനാണ് കാമറാമാൻ. 13 തടവുകാരാണ് പ്രധാന റോളിലെങ്കിലും ജയിലിലെ മുഴുവൻ അന്തേവാസികളും സിനിമയുടെ ഭാഗമാകുന്നുണ്ട്.
ജയിലല്ല, നമ്പർ വൺ തൊഴിൽ പരിശീലന കേന്ദ്രം
ശിക്ഷാ കാലാവധി കഴിഞ്ഞാൽ തൊഴിലെടുത്ത് ജീവിക്കാനുതകുന്ന വൈവിധ്യമാർന്ന തൊഴിൽ പരിശീലനങ്ങളാണ് നൽകുന്നത്. കൃഷി, കമ്പ്യൂട്ടർ പരിശീലനം ഫാമുകൾ, സ്വാദിഷ്ഠ ഭക്ഷണം (പ്രശസ്തമായ ബേക്കല്‍ ബിരിയാണിയും തേജസ്വിനി ചപ്പാത്തിയും), ആധുനിക ബ്യൂട്ടിപാർലർ, ജയിലിൽ തയാറാക്കുന്ന ബിരിയാണി, കോഴിഫാം, മുയല്‍ വളര്‍ത്തല്‍, അലങ്കാരപ്പക്ഷികൾ എന്നിവയും ജയിലിലുണ്ട്. ഇത് കൗണ്ടറിലൂടെ പുറത്തും ഇവർ വിൽപന നടത്തുന്നുണ്ട്.
കാറ്റുരസിയാല്‍ തീപാറുന്ന ചെങ്കല്‍പാറയെ പൂങ്കാവനംപോലെ മനോഹരമാക്കിയതിെൻറ അനുഭവസാക്ഷ്യവും ഇവർക്കുണ്ട്. ഇവിടെനിന്ന് വെട്ടുന്ന കല്ലുകൾ 16 രൂപക്കാണ് പുറത്ത് വിപണിയിലെത്തിക്കുന്നത്. യന്ത്രം ഉപയോഗിച്ച് ദിനംപ്രതി 500 കല്ലുകൾ വെട്ടിയെടുക്കും. ഇതുതന്നെയാണ് ഇവിടത്തെ പ്രധാന വരുമാനവും.
ജയിലിൽനിന്നുള്ള കല്ലുകൾ സംസ്ഥാന സർക്കാർ ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമിക്കുന്ന വീടുകൾക്ക് നൽകാനും അന്തേവാസികളെ ഉപയോഗിച്ച് നിർമാണ പ്രവൃത്തികൾ നടത്താനും പെട്രോൾ പമ്പ് സ്ഥാപിക്കാനുള്ള പദ്ധതിയും പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.