ചലച്ചിത്രമേളയിൽ തറയിലിരുന്നു സിനിമ കാണുന്നതിന് വിലക്ക്
text_fieldsതിരുവനന്തപുരം: സുരക്ഷാ കാരണങ്ങളാൽ തിയറ്ററിനുള്ളിൽ തറയിലിരുന്നു സിനിമ കാണാൻ ആരെയും അനുവദിക്കുന്നതല്ല !"
മണിക്കൂറോളം പൊരിവെയിലത്ത് ക്യൂ നിന്ന് തിയറ്ററിനു മുന്നിലെത്തിയപ്പോൾ കണ്ട ബോർഡാണിത്. ന്യൂ തിയറ്ററിലെ 2, 3 സ്ക്രീനുകളിലാണ് കഴിഞ്ഞ ദിവസം മുതൽ ഈ ബോർഡ് പ്രത്യക്ഷപ്പെട്ടത്. തിയറ്ററിന് വേണ്ട ഉറപ്പുണ്ട് എന്ന കാര്യത്തിൽ സംശയമുള്ളതിനാലാണ് ഇരിപ്പിടത്തേക്കാൾ കൂടുതൽ ആളെ അകത്തു പ്രവേശിക്കാൻ അനുവദിക്കാത്തത്. സീറ്റിംഗ് കപ്പാസിറ്റി 173 മാത്രമാണെന്നും പുറത്ത് എഴുതി വെച്ചിരിക്കുന്നു.
ദസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയും എന്ന നോവലിനെ ആസ്പദമാക്കി നിർമിച്ച കസാകിസ്ഥാൻ ചിത്രം സ്റ്റുഡൻറ് കാണുന്നതിന് ഉച്ചക്ക് ന്യൂ തിയറ്ററിൽ ക്യൂ നിന്ന നൂറുകണക്കിനാളുകളെ തിയറ്ററിൽ കയറ്റാതെ തടഞ്ഞുവെച്ചു. തിയറ്ററിൽ 40% ലധികം സീറ്റും മുൻകൂട്ടി റിസർവ് ചെയ്യപ്പെട്ടിരുന്നു. ഇതേസമയം ന്യൂ സ്ക്രീൻ 1 ലെ തായ് വാൻ - മ്യാൻമർ ചിത്രമായ ദി റോഡ് ടു മാണ്ടലായിയുടെ ക്യൂ തിയറ്റർ മുറ്റവും കടന്ന് റോഡിൽ നീണ്ട വരിയായി മാറി. മൂന്നു മണിയോടെ ആയിരത്തോളം പേരാണ് സിനിമ കാണാനാവാതെ മടങ്ങിയത്.
തിരുവനന്തപുരത്തെ ഏറ്റവും വലിയ തിയറ്ററായിരുന്ന ന്യൂ ചെറിയ മൂന്നു തിയറ്ററുകളാക്കി മാറ്റിയതും അധികമാളുകളെ ഉൾക്കൊള്ളാൻ പറ്റാത്തതിനു കാരണമായി. വർധിച്ച പ്രേക്ഷക പങ്കാളിത്തവും തിരക്കിനു കാരണമാണ്. മിക്ക തിയേറ്ററുകളിൽ നിന്നും സീറ്റ് ലഭിക്കാതെ ഇറങ്ങിപ്പോകേണ്ടിരുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. കലാഭവനിലും മറ്റും റിസർവേഷെൻറ പേരു പറഞ്ഞ് ഡെലിഗേറ്റുകളെ ദേശീയ ഗാനം തുടങ്ങുന്നതു വരെ അകത്തു കയറാൻ സമ്മതിക്കാതെ തടഞ്ഞു നിർത്തുന്നതായി പരാതി ഉയർന്നിരുന്നു. റിസർവ് ചെയ്തവർ 15 മിനിറ്റു മുമ്പെങ്കിലും തിയറ്ററിൽ പ്രവേശിക്കണമെന്നാണ് വ്യവസ്ഥ.
പല തിയറ്ററുകളിലും ഡലിഗേറ്റുകളെ നിയന്ത്രിക്കാൻ പോലീസിനെ വിന്യസിക്കുന്നത് പ്രതിഷേധമുയർത്തിയിട്ടുണ്ട്. കിം കി ഡൂക് ചിത്രം ദി നെറ്റിന്റെ ആദ്യ പ്രദർശനം നിശാഗന്ധിയിൽ നടക്കുമ്പോൾ കനത്ത പൊലീസ് സാന്നിധ്യമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.