പത്മാവതിക്ക് ഭീഷണി: ഞായറാഴ്ച സിനിമാ ലോകം 'ലൈറ്റ് അണച്ച്' പ്രതിഷേധിക്കും
text_fieldsമുംബൈ: സഞ്ജയ് ലീല ഭൻസാലി ചിത്രം ‘പത്മാവതി’ക്കും അഭിനയിച്ച താരങ്ങൾക്കും നേരെയുള്ള ഭീഷണിക്കെതിരെ പ്രതിഷേധവുമായി സിനിമാ സംഘടനകൾ രംഗത്ത്. ഞായറാഴ്ച 15 മിനിറ്റ് നേരം ഷൂട്ടിങ് ലൊക്കേഷന്‍ 'ബ്ലാക്ക് ഔട്ട്' ചെയ്ത് പ്രതിഷേധിക്കാനാണ് വിവിധ സിനിമാ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ളത്. മുംബൈയിലെ എല്ലാ ഷൂട്ടിങ് യൂണിറ്റുകളും ചിത്രീകരണം നിര്‍ത്തി ലൈറ്റുകള്‍ അണച്ചാണ് പ്രതിഷേധിക്കുക.
ഇന്ത്യന്‍ ഫിലിം ടിവി ഡയറക്ടേഴ്സ് അസോസിയേഷൻ (ഐ.എഫ്.ടി.ഡി.എ) അടക്കം 20 സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഞാന്‍ സ്വതന്ത്ര ആണ് എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഉച്ചക്ക് മൂന്നു മണിക്ക് മുംബൈ ഫിലിം സിറ്റിയില്‍ ബ്ലാക്ക് ഔട്ട് പ്രതിഷേധത്തിന് തുടക്കമാകും.
തന്‍റേതായ ശൈലിയിൽ ഒരു കഥ പറയുക എന്നത് ഒരു സൃഷ്ടാവിന്‍റെ പ്രാഥമിക അവകാശമാണെന്നും പത്മാവതിക്കും സഞ്ജയ് ലീല ഭന്‍സാലിക്കും നല്‍കുന്ന പിന്തുണ അവസാനിപ്പിക്കില്ലെന്നും ഐ.എഫ്.ടി.ഡി.എ അംഗം അശോക് പണ്ഡിറ്റ് മാധ്യമങ്ങളോട് പറഞ്ഞു. ഉത്തരവാദിത്തബോധമുള്ള ഒരു സംവിധായകനാണ് ഭന്‍സാലി. ചരിത്രപരമായ ഒരു ചിത്രം ഒരുക്കുക എന്നത് ചെറിയ കാര്യമല്ല. അത് വലിയ ഉത്തരവാദിത്തമാണെന്നും അശോക് പണ്ഡിറ്റ് വ്യക്തമാക്കി.
14ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പത്മാവതിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ദീപിക റാണി പത്മിനിയാകുന്ന ചിത്രത്തിൽ രണ്‍വീര്‍ സിങ് അലാവുദ്ദീന്‍ ഖില്‍ജിയാകുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടർന്നുണ്ടാകുന്ന സംഘർഷവുമാണ് സിനിമ. 190 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിച്ചത്. ഭന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.