ൈകയടിച്ച് കൂടെ നിന്നവർ ഒടുവിൽ തള്ളിപ്പറഞ്ഞു
text_fieldsകൊച്ചി: ദിലീപിെൻറ അറസ്റ്റ് സൃഷ്ടിച്ച അമ്പരപ്പിൽനിന്ന് സിനിമ ലോകം ഇനിയും മുക്തമായിട്ടില്ല. കൈയടിച്ചും കൂക്കിവിളിച്ചും കൂടെ നിന്നവർ ദിലീപിനെ തള്ളിപ്പറയുന്നതാണ് ചൊവ്വാഴ്ച കണ്ടത്. മകനായി കരുതി സംരക്ഷിക്കുമെന്ന് പറഞ്ഞ ‘അമ്മ’യും ദിലീപിനെ പുറത്താക്കി. ട്രഷറർ കൂടിയായ ദിലീപിനെ പുറത്താക്കിയ തീരുമാനം വിശദീകരിക്കവെ വ്യക്തിപരമായും സംഘടനാപരമായും തങ്ങൾ ഇരയാക്കപ്പെട്ട സഹോദരിക്കൊപ്പമാെണന്ന് ജനറൽ സെക്രട്ടറി മമ്മൂട്ടി ഉൗന്നിപ്പറഞ്ഞു. ദിലീപിനെ അറസ്റ്റ് ചെയ്തെന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടതെന്നായിരുന്നു എം.എൽ.എ കൂടിയായ മുകേഷിെൻറ പ്രതികരണം. സഹോദരനെപ്പോലെ കരുതിയ ഒരാൾ ഇങ്ങനെയാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും മുകേഷ് കൂട്ടിച്ചേർത്തു.
മമ്മൂട്ടിയുടെ വീട്ടിൽ നടന്ന ‘അമ്മ’’ എക്സിക്യൂട്ടിവ് യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിച്ച നടൻ പൃഥ്വിരാജ് സിനിമയിൽ ഇനിയും ക്രിമിനലുകൾ ഉണ്ടോയെന്ന് അറിയില്ലെന്നാണ് പ്രതികരിച്ചത്. ചോദ്യം ചെയ്യലിെൻറ മാത്രം അടിസ്ഥാനത്തിൽ ആരും കുറ്റവാളികൾ ആകില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ദിലീപിനെ ‘അമ്മ’യിൽ നിന്ന് പുറത്താക്കാൻ ഏകകണ്ഠമായാണ് തീരുമാനിച്ചതെന്ന് നടൻ ആസിഫലി പറഞ്ഞു. ദിലീപിനെ ‘അമ്മ’യിൽനിന്ന് പുറത്താക്കിയില്ലെങ്കിൽ കാര്യങ്ങൾ മാധ്യമങ്ങളോടു വെളിപ്പെടുത്തേണ്ടിവരുമെന്ന് പൃഥ്വിരാജ് അടക്കം മുന്നറിയിപ്പ് നൽകിയിരുന്നു.
നടികളുടെ കൂട്ടായ്മയായ വിമൻ ഇന്‍ സിനിമ കലക്ടീവും താനും ദിലീപിനെ പുറത്താക്കിയ നടപടിയില്‍ തൃപ്തരാണെന്ന് ‘അമ്മ’ എക്സിക്യൂട്ടിവ് അംഗം കൂടിയായ നടി രമ്യാ നമ്പീശൻ പറഞ്ഞു. ‘അമ്മ’യുടെ മുൻ നിലപാടിൽ അതൃപ്തിയുണ്ടായിരുന്നു. സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ലെന്ന നടൻ ശ്രീനിവാസെൻറയും ഇന്നസെൻറിെൻറയും പ്രതികരണം തെറ്റായിരുന്നെന്നും അവർ ചൂണ്ടിക്കാട്ടി. ദിലീപിേൻറത് ഹീനവും നീചവുമായ പ്രവൃത്തിയാണെന്നായിരുന്നു നടി നവ്യാനായരുടെ പ്രതികരണം. ദിലീപിനെ അറസ്റ്റ് ചെയ്തതില്‍ വേദനിച്ചിട്ട് കാര്യമില്ലെന്നും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും നടന് സിദ്ദീഖ് പറഞ്ഞു.
സിനിമയില്‍ സ്ത്രീകള്‍ക്കെതിരെ ചൂഷണം നടക്കുന്നതായി അറിയില്ലെന്നും അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോട് ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മമ്മൂട്ടിക്കും മോഹന്‍ലാലിനും ദിലീപിനും വേണ്ടി മാത്രമല്ല, അവശരായ കലാകാരൻമാർക്ക് വേണ്ടിക്കൂടിയാണ് ‘അമ്മ’യെന്നും ദേവൻ പ്രതികരിച്ചു. കുറ്റവാളി ആണോയെന്ന് കോടതിയിലാണ് തെളിയിക്കേണ്ടതെന്നും കൂടെ നടക്കുന്ന ഒരാൾ പറയുന്നത് വിശ്വസിക്കാനേ കഴിയൂ എന്നതിനാലാണ് ദിലീപിനെ പിന്തുണച്ചതെന്നും കെ.ബി. ഗണേഷ്കുമാർ പറഞ്ഞു.
‘അമ്മ’ ഉടൻ വാർത്തസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ബാലചന്ദ്രമേനോൻ ഭാരവാഹികൾക്ക് കത്തയച്ചിട്ടുണ്ട്. ദിലീപിനൊപ്പം ചില സിനിമകളിലെങ്കിലും അഭിനയിക്കേണ്ടിവന്നതില്‍ ലജ്ജിക്കുന്നുവെന്ന് നടൻ ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു. ദിലീപിനെതിരെ കടുത്ത ആരോപണങ്ങളാണ് തിരക്കഥാകൃത്ത് റഫീഖ് സീലാട്ട് ഉന്നയിച്ചത്.
ദിലീപ് നായകനായ ‘പടനായകന്’ എന്ന ചിത്രത്തിെൻറ ഷൂട്ടിങ്ങിനിടെ എറണാകുളത്തെ ഹോട്ടലില്‍ മറ്റൊരു മുറിയിലേക്ക് ഒളിഞ്ഞു നോക്കിയതിനെ തിരക്കഥാകൃത്തായ താൻ ചോദ്യം ചെയ്തതാണ് ദിലീപ് തെൻറ സിനിമജീവിതത്തിന് തടയിടാൻ കാരണമെന്നാണ് റഫീക്കിെൻറ ആരോപണം. ഇതിനിടെ, ദിലീപിെൻറ അറസ്റ്റിന് പിന്നാലെ ഭാര്യയും നടിയുമായ കാവ്യ മാധവെൻറ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി. ഞായറാഴ്ച വരെ സജീവമായിരുന്ന പേജില്‍ നടി ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.