നികുതി വെട്ടിപ്പ്: സംശയ ഫ്രെയിമിൽ സിനിമലോകം
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിെൻറ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതോടെ മലയാള സിനിമലോകംതന്നെ സംശയത്തിെൻറ ഫ്രെയിമിൽ. കോടികൾ മറിയുന്ന മലയാള സിനിമയിൽ പല രീതിയിൽ നികുതിവെട്ടിപ്പും കുഴൽപ്പണം അടക്കം മറ്റുസാമ്പത്തിക കുറ്റകൃത്യങ്ങളും നടക്കുന്നതായാണ് സംശയം.
ദിലീപിെൻറ അനധികൃത സ്വത്തിനെക്കുറിച്ച അന്വേഷണം ചില താരങ്ങളിലേക്കും അവരുടെ സാമ്പത്തിക ഇടപാടുകളിലേക്കും നീങ്ങുന്നതായാണ് സൂചന. ദിലീപിെൻറ സ്വത്തുവിവരങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയെക്കുറിച്ച് എൻഫോഴ്സ്മെൻറ്, ആദായ നികുതി വകുപ്പ്, ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എന്നിവയുടെ അന്വേഷണം പുരോഗമിക്കുകയാണ്.
റിയൽ എസ്റ്റേറ്റ് ഇടപാടുകൾ, ദിലീപ് നിർമിച്ച സിനിമകളുടെ സാമ്പത്തിക ഉറവിടം, ട്രസ്റ്റുകളിലെയും ഹോട്ടലുകളിെലയും മറ്റുബിസിനസ് സംരംഭങ്ങളിലെയും നിക്ഷേപങ്ങൾ, ബിനാമി ഇടപാടുകൾ എന്നിവയെല്ലാം അന്വേഷണപരിധിയിൽ വരും. സംസ്ഥാനത്തിനകത്തും പുറത്തും വിവിധ മേഖലകളിൽ ദിലീപിന് കോടികളുടെ നിക്ഷേപമുള്ളതായാണ് കണ്ടെത്തൽ. വിദേശരാജ്യങ്ങളിലെ ചില ബന്ധുക്കളും സുഹൃത്തുക്കളും വഴി ദിലീപ് അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. തെൻറ സിനിമകൾ വിദേശരാജ്യങ്ങളിൽ പ്രദർശിപ്പിക്കാനുള്ള അവകാശം വിറ്റതുവഴി ലഭിച്ച തുക ദിലീപ് സ്വന്തമാക്കി അവിടങ്ങളിൽ നിക്ഷേപിച്ചെന്നും ആരോപണമുണ്ട്. ഇങ്ങനെ ലഭിക്കുന്ന തുക കുഴൽപ്പണമാക്കി നാട്ടിലെത്തിച്ച് നികുതി വെട്ടിച്ചതായും വിവരം ലഭിച്ചു. സമാനരീതിയിൽ മറ്റുചില താരങ്ങളും ഇടപാട് നടത്തിയതായാണ് സൂചന.
ഇതിനിടെയാണ് ‘അമ്മ’യുടെ സാമ്പത്തിക ഇടപാടുകളും വിവാദമായത്. സ്റ്റേജ് ഷോകൾ വഴി ലഭിച്ച ആറുകോടിയോളം രൂപ വരുമാനത്തിൽ ഉൾപ്പെടുത്താതെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള ഫണ്ടായി കാണിച്ച് നികുതി വെട്ടിച്ചെന്നാണ് ‘അമ്മ’ക്കെതിരായ ആരോപണം. 2014--15ലെ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് ആദായ നികുതി വകുപ്പ് നടപടിക്കൊരുങ്ങുന്നത്. ചില താരങ്ങൾ സമർപ്പിച്ച രേഖകളിലും ‘അമ്മ’ സമർപ്പിച്ച വിവരങ്ങളിലും പൊരുത്തക്കേടുള്ളതായും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.