ജീവന് ഭീഷണി; വിശാലിനെ പിന്തുണച്ചവരെ കാണാനില്ലെന്ന്
text_fieldsചെന്നൈ: നാമ നിർദേശകപത്രികയിൽ തന്നെ പിന്തുണച്ചവരെ കാണാനില്ലെന്നും അവരുടെ ജീവന് ഭീഷണിയുണ്ടെന്നും നടൻ വിശാൽ. തനിക്ക് വേണ്ടി ഒപ്പിട്ടവരെ കുറിച്ച് ഇപ്പോൾ വിവരമൊന്നുമില്ലെന്നും എ.ഐ.എ.ഡി.എം.കെ ഭരിക്കുന്ന തമിഴ്നാട്ടിൽ അവരുടെ ജീവൻ ഭീഷണിയിലാണെന്നും അദ്ദേഹം എൻ.ഡി.ടി.വി ചാനലിനോട് പറഞ്ഞു.
പിന്തുണച്ചവരെ തേടി എൻ.ഡി.ടി.വി ചാനൽ നടത്തിയ അന്വേഷണത്തിലും ഇവരെ കണ്ടെത്താനായില്ല. കെ. സുമതി, ദീപൻ എന്നിവരെയാണ് കാണാതായത്. വീടുകളിൽ അന്വേഷിച്ചപ്പോൾ ബന്ധുക്കൾ മാധ്യമങ്ങളോട് സംസാരിക്കാൻ തയാറായില്ല. തങ്ങളെ വെറുതെ വിടൂ, ജീവൻ അപകടത്തിലാണ്. ഞങ്ങൾക്കിനിയും ജീവിക്കണമെന്നാണ് ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, ആരാണ് ഭീഷണിപ്പെടുത്തുന്നതെന്ന റിപ്പോർട്ടറുടെ ചോദ്യത്തിന് ബന്ധുക്കൾ ഉത്തരം പറഞ്ഞില്ല.
അതേസമയം, വിശാലിന്‍റെ ആരോപണങ്ങളെ തള്ളി എ.ഐ.എ.ഡി.എം.കെ മന്ത്രി പാണ്ഡിരാജൻ രംഗത്തെത്തി. ആരോപണങ്ങളെല്ലാം അവാസ്തവമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, വിശാലിന്‍റെ പത്രിക തള്ളിയ തെരഞ്ഞെടുപ്പ് കമീഷൻ ഒഫീസറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെയും രംഗത്തെത്തിയിട്ടുണ്ട്.
സൂക്ഷ്മ പരിശോധനക്കിടെയാണ് വിശാലിെൻറ പത്രിക തള്ളിയത്. ആദ്യം പത്രിക തള്ളിയ വരണാധികാരി പിന്നീട് സ്വീകരിച്ചെങ്കിലും ഒടുവിൽ തള്ളുകയായിരുന്നു. പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഡിസംബർ 21നാണ് ആർ.കെ നഗറിൽ ഉപതെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 24ന് ഫലം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.