Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവെള്ളിത്തിരയില്‍...

വെള്ളിത്തിരയില്‍ ചായംപൂശാന്‍ വാന്‍ഗോഗും കൂട്ടരും

text_fields
bookmark_border
വെള്ളിത്തിരയില്‍ ചായംപൂശാന്‍ വാന്‍ഗോഗും കൂട്ടരും
cancel

തിരുവനന്തപുരം: ‘‘പ്രിയ മോറീസ് പിയലാറ്റ് നിന്‍്റെ സിനിമ വിസ്മയിപ്പിച്ചിരിക്കുന്നു.’’ ‘വാന്‍ഗോഗ്’ എന്ന ചലച്ചിത്രം കണ്ടതിനുശേഷം സംവിധായകനായ മോറീസിനെ ആശ്ളേഷിച്ച് വിഖ്യാത സംവിധായകനായ ഴാങ് ലുക് ഗോദാര്‍ദ് പറഞ്ഞതാണീ വാചകം.

വിഖ്യാത ഡച്ച് ചിത്രകാരന്‍ വിന്‍സെന്‍്റ് വാന്‍ഗോഗിനെക്കുറിച്ച് 1991ല്‍ നിര്‍മിച്ച ഈ ഫ്രഞ്ച് ചിത്രം 1991ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച അന്യഭാഷ ചിത്രത്തിനുള്ള 64-ാമത് അക്കാദമി അവാര്‍ഡും ഈ ചിത്രത്തിനു ലഭിച്ചു. വാന്‍ഗോഗിനെക്കുറിച്ച് ‘ലസ്റ്റ് ഫോര്‍ ലൈഫ്’ എന്നൊരു ചിത്രം 1956ല്‍ നിര്‍മിച്ചിരുന്നു. ഇര്‍വിംഗ്സ്റ്റോണിന്‍്റെ നോവലിനെ ആസ്പദമാക്കിയാണ് വിന്‍സെന്‍്റ് മിനേലിയുടെ ഈ ചിത്രം.
"വാന്‍ഗോഗിനെക്കുറിച്ച് ഇനിയും സിനിമകള്‍ നിര്‍മിക്കും. അദ്ദേഹം അവശേഷിപ്പിച്ചുപോയ ചിത്രങ്ങളെക്കുറിച്ച് പോയ ചിത്രങ്ങള്‍ക്ക് പറയാന്‍ ഇനിയും കഥകളുണ്ട്."

വാന്‍ഗോഗിന്‍്റെ ഇഷ്ട ഇടമായ അവേര്‍ സുര്‍ ഓസില്‍ ((Auvers Sur Oise)) ജീവിക്കുന്ന അവസാന മൂന്നു മാസങ്ങളിലെ ജീവിതവും വ്യഥയും പ്രണയവും നൈരാശ്യവും ആത്മഹത്യയുമാണ് ഈ ചിത്രം വിഷയമാക്കുന്നത്. വാന്‍ഗോഗിന്‍്റെ അറിയപ്പെടുന്ന ജീവിതത്തില്‍ ഇല്ലാത്ത ഒരു സംഭവം ഈ ചിത്രത്തിലുണ്ട്. അത് സംവിധായകന്‍്റെ കൂട്ടിച്ചേര്‍ക്കലാണ്. അത് വാന്‍ഗോഗ് താമസിക്കുന്ന വീട്ടുടമയുടെ സുന്ദരിയായ മകളുമായുള്ള പ്രണയമാണ്. ചിത്രകാരന്‍്റെ ജീവിതത്തില്‍ പുതിയൊരു വെളിച്ചം പകരുന്നുണ്ട് ഈ പ്രണയം. ഇംപ്രഷണിസം കാലത്തെ ചിത്രകാരന്മാരായ റെനേ, മോണേ എന്നിവരുടെ ചിത്രങ്ങളെക്കാള്‍ വാന്‍ഗോഗിന്‍്റെ കാഴ്ചപ്പാടിന്‍്റെ വ്യത്യസ്തത ഈ ചിത്രം വരച്ചുകാട്ടുന്നുണ്ട്. രചനയില്‍ പരാജയപ്പെട്ടയാളാണ് സംവിധായകനായ മോറിസ് പിയലറ്റെന്ന് ചലച്ചിത്ര നിരൂപകര്‍ അഭിപ്രായപ്പെടുന്നു.

ഫിഫി ഹൗള്‍സ് ഫ്രം ഹാപിനസ്സ് (Fifi Howls from Happiness) എന്ന വിഖ്യാത ഡോക്യുമെന്‍്ററി പേര്‍ഷ്യന്‍ പിക്കാസോ എന്നറിയപ്പെടുന്ന ബഹ്മാന്‍ മൊഹസ്സസിന്‍്റെ ചിത്രമെഴുത്ത് യാത്രയുടെ കഥയാണ് പറയുന്നത്. അന്താരാഷ്ര്ട പ്രശസ്തയായ ഇറാനിയന്‍ സംവിധായകയും ചിത്രകാരിയുമായ മിത്രാ ഫറഹാനിയുടെ ഈ ചിത്രം നിരവധി അന്താരാഷ്ര്ട ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ചിത്രമെഴുത്ത്, ശില്പനിര്‍മ്മാണം, നാടകസംവിധാനം തുടങ്ങിയ വിഭാഗങ്ങളില്‍ ശ്രദ്ധേയനായ മൊഹസ്സസിന് ഇസ്ളാമിക് റവല്യൂഷന്‍ കാലത്ത് നാടുവിടേണ്ടിവന്നു. അദ്ദേഹത്തിന്‍്റെ ശില്പങ്ങള്‍ പലതും തകര്‍ക്കുകയോ വികൃതമാക്കുകയോ ചെയ്തിട്ടുണ്ട്. വെങ്കലത്തില്‍ നിര്‍മിച്ച ചില നഗ്നശില്പങ്ങള്‍, ഭരണകൂടത്തിന്‍്റെ അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് അദ്ദേഹം തന്നെ നശിപ്പിക്കുകയുണ്ടായി.

കാമില്ളെ ക്ളോഡല്‍ (Camille Claudel) എന്ന ഫ്രഞ്ച് ശില്പിയുടെ പ്രണയത്തിന്‍്റേയും പ്രണയ നിരാസത്തിന്‍്റേയും ഭ്രാന്തിന്‍്റേയും കഥപറയുന്ന ബ്രൂനോ നൂയ്ട്ടന്‍ 1880 ലെ ഫ്രഞ്ച് കലാലോകത്തേക്ക് നമ്മെകൂട്ടി കൊണ്ടുപോകുന്നു.

‘കാമില്ളെ ക്ളോഡല്‍’ എന്നുതന്നെയാണ് ചിത്രത്തിന്‍്റേയും പേര്. വിഖ്യാത ശില്പിയായ അഗസ്റ്റേ റോഡിനുമായി പ്രണയത്തിലാകുന്ന കാമില്ളെ, ശില്പകലയുടെ ഉന്നതങ്ങളിലേക്ക് എത്തുന്നു. റോഡിനുമായുള്ള ബന്ധം മറ്റു വനിതാശില്പികളുടെ എതിര്‍പ്പുകളെ അതിജീവിക്കുവാന്‍ കാമില്ളെയെ സഹായിക്കുന്നുണ്ട്. എന്നാല്‍ റോഡിന്‍്റെ പ്രശസ്തിയും മറ്റൊരു പ്രണയവും കാമില്ളെയെ തകര്‍ക്കുന്നു. തന്‍്റെ ശില്പങ്ങള്‍ക്ക് മൂല്യമുണ്ടോ എന്നുപോലും സംശയിക്കുന്ന അവള്‍ ക്രമേണ ഭ്രമാത്മക ലോകത്തേക്ക് വഴുതിപ്പോകുന്നു.

മറ്റൊരു ചിത്രം ‘മോണ്‍ട് പര്‍ണസയിലെ കാമുകര്‍’ (Modigliani of Montparnasse) ജാക്വസ് ബെക്കര്‍ സംവിധാനം ചെയ്തതാണ്. പിക്കാസോയുടെ സുഹൃത്തായിരുന്ന ഇറ്റാലിയന്‍ ചിത്രകാരന്‍ അമെഡോ മൊഡിഗ്ളിയാനിയുടെ ചിത്രമെഴുത്തിന്‍്റേയും പ്രണയത്തിന്‍്റേയും കഥപറയുന്ന ചിത്രം സംവിധാനം ചെയ്ത് തുടങ്ങിയത് മാക്സ് ഒഫല്‍സാണ്. അദ്ദേഹത്തിന്‍്റെ മരണത്തെ തുടര്‍ന്ന് ചിത്രം പൂര്‍ത്തിയാക്കിയത് ബെക്കര്‍ ആണ്.
ഫ്രഞ്ച് ഇംപ്രഷനിസ്റ്റ് പെയിന്‍്ററായ ബെര്‍ത്തെ മൊറിസട്ടിന്‍്റെ ജീവിതവും ചിത്രമെഴുത്തും പകര്‍ത്തിയ ചിത്രമാണ് കാരലിന്‍ കംപേറ്റിയര്‍ (Caroline Champetier) സംവിധാനം ചെയ്ത 'ബെര്‍ത്തേ മോറിസട്ട്'.

മാര്‍ട്ടിന്‍ പ്രൊവോസ്റ്റ് സംവിധാനം ചെയ്ത 'സെറാഫിന്‍', പ്രകൃതിയില്‍ ദര്‍ശിക്കുന്ന സൗന്ദര്യവും പ്രകൃതിവര്‍ണങ്ങളും മാറ്റിമറിച്ച ഫ്രഞ്ച് ചിത്രകാരിയെക്കുറിച്ച് പ്രതിപാദിക്കുന്നു. വീട്ടുജോലിക്കാരിയായിരുന്ന സെറാഫിന്‍്റെ ചിത്രത്തിലെ ചുവപ്പിന് ഒരു പ്രത്യേകതയുണ്ട്. അതിന്‍്റെ രഹസ്യം അവര്‍ ആരോടും പങ്കുവെക്കുന്നില്ല. ലോകത്തിന്‍െറ കാന്‍വാസില്‍ മായാത്ത ചിത്രങ്ങള്‍ വരച്ചിട്ട ഈ കലാതാരകങ്ങളുടെ ജീവിതചിത്രങ്ങള്‍ പ്രേക്ഷകമനസ്സില്‍ ചായം പടര്‍ത്തുകതന്നെ ചെയ്യും. കാത്തിരിക്കുക.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iffk 2016vangogh
News Summary - van gogh Maurice Pialat iffk 2016
Next Story