തമിഴ് സംവിധായകൻ സി.വി. രാജേന്ദ്രൻ നിര്യാതനായി
text_fieldsചെന്നൈ: വിഖ്യാത തമിഴ് ചലച്ചിത്ര സംവിധായകൻ സി.വി. രാജേന്ദ്രൻ നിര്യാതനായി. 81 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മധുരാന്തകത്തിനടുത്ത് ചിറ്റമൂർ ആണ് സ്വദേശം. തമിഴിലെ സൂപ്പർ താരങ്ങളായ ശിവാജി ഗണേശൻ, രജനീകാന്ത്, പ്രഭു, കമൽഹാസൻ എന്നിവരെ നായകരാക്കി നിരവധി ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
ശിവാജി ഗണേശനും ജയലളിതയും ഒരുമിച്ചഭിനയിച്ച ‘കലാട്ട കല്യാണം’ അടക്കം ശ്രദ്ധേയമായ ചിത്രങ്ങൾ രാജേന്ദ്രൻ തമിഴ് ചലച്ചിത്ര ലോകത്തിന് സംഭാവന ചെയ്തു. മലയാളം, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും സംവിധാനമുദ്ര പതിപ്പിച്ചു. പ്രമുഖ സംവിധായകൻ സി.വി. ശ്രീധറിെൻറ അടുത്ത ബന്ധുവാണ് രാജേന്ദ്രൻ. ശ്രീധറിെൻറ അസിസ്റ്റൻറായാണ് സംവിധാന രംഗത്തേക്ക് കാലെടുത്തുവെച്ചത്.
ആർ. മുത്തുരാമനെ നായകനാക്കി 1967ൽ എടുത്ത ‘അനുഭവം പുതുമൈ’ ആണ് രാജേന്ദ്രൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. നടൻ പ്രഭുവിനെ ‘സൻഗിലി’ എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് കൊണ്ടുവന്നതും രാജേന്ദ്രൻ ആണ്. ശിവാജി ഗണേശനെവെച്ച് 20ലേറെ ചിത്രങ്ങൾ ചെയ്തിട്ടുണ്ട്.
സുമതി എൻ സുന്ദരി, പൊന്നൂഞ്ഞാൽ, രാജ, ചിരഞ്ജീവി തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ. ഭാര്യ: ജാനകി രാജേന്ദ്രൻ. മകനും മകളുമുണ്ട്. യു.എസിലുള്ള മകൻ എത്തിയാൽ മൃതദേഹം സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.