അക്രമിക്കപ്പെട്ട നടിയെ അഭിനയിപ്പിക്കാന്‍ നിര്‍മാതാക്കള്‍ തയാറാകുന്നില്ല -വിധു വിന്‍സെൻറ്
text_fieldsതിരുവനന്തപുരം: കൊച്ചിയില്‍ അക്രമിക്കപ്പെട്ട നടിയെ അഭിനയിപ്പിക്കാന്‍ നിര്‍മാതാക്കള്‍ തയാറാകുന്നില്ലെന്ന് സംവിധായിക വിധു വിന്‍സെൻറ്. ‘സിനിമയിലെ സ്ത്രീ സാന്നിധ്യം’ എന്ന വിഷയത്തിൽ നടന്ന ഓപണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
അടുത്തിടെ ഇൗ നടിയെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ചെയ്യുന്നതിന് നിർമാതാവിനെ സമീപിച്ചിരുന്നു. നടിയുടെ എതിര്‍പക്ഷം സിനിമയെ കൂവിത്തോൽപിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അതെന്തുകൊണ്ടാണെന്ന് ചിന്തിക്കണം. സിനിമ കാണാന്‍ തിയറ്ററുകളില്‍ എത്തുന്നതില്‍ ഭൂരിഭാഗവും പുരുഷന്മാരാണ്. സ്ത്രീകള്‍ വരുന്നുണ്ടെങ്കിലും അതു പുരുഷന്മാര്‍ക്കൊപ്പമാണ്. അതുകൊണ്ട് പുരുഷന്മാരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ സിനിമയെടുക്കാന്‍ നിര്‍മാതാക്കളും സംവിധായകരും നിര്‍ബന്ധിതരാകുന്നു. സംവിധായകരും നിര്‍മാതാക്കളുമായ സ്ത്രീകള്‍ക്കു പോലും ഇതംഗീകരിക്കേണ്ടി വരുകയാണെന്നും വിധു പറഞ്ഞു.
പുരോഗമന സമൂഹമെന്ന് നടിക്കുെമ്പാഴും പുരുഷ മേധാവിത്വത്തിന് അടിപ്പെട്ടിരിക്കുന്ന സമൂഹമാണ് കേരളത്തിലേതെന്ന് നടി ഗീതു മോഹൻദാസ് പറഞ്ഞു. സിനിമയുടെ പേരും നഗ്നതയും സെന്‍സര്‍ ചെയ്യപ്പെടുകയും അതിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളും നിലപാടുകളും സെന്‍സര്‍ ചെയ്യപ്പെടാതെ പോകുകയുമാണെന്ന് നടി പാര്‍വതി പറഞ്ഞു. വിഷയത്തിൽ സദസ്സും ഇടപെട്ടതോടെ ആദ്യമായി ചൂടേറിയ വാഗ്വാദങ്ങൾക്ക് 22ാമത് മേള സാക്ഷിയായി. നടി റീമ കല്ലിംഗൽ, സംവിധായിക സുമ ജോസൻ, ഛായാഗ്രാഹകരായ ഫൗസിയ ഫാത്തിമ, മാഹീന്‍ മിര്‍സ, ദീദി ദാമോദരൻ, സജിത മഠത്തില്‍, ജെ. ദേവിക എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.