അമ്മ യോഗത്തിൽ ആരൊക്കെ പങ്കെടുക്കും; ദിവസം മുൻകൂട്ടി അറിയിക്കണം -വനിതാ കൂട്ടായ്മ
text_fieldsകൊച്ചി: ദിലീപിനെ തിരിച്ചെടുത്ത നടപടി ചർച്ച ചെയ്യാൻ അമ്മ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിൽ ആരൊക്കെ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി). വിഷയം ചർച്ച ചെയ്യാമെന്നല്ലാതെ, എപ്പോൾ ചർച്ച ചെയ്യുമെന്നോ, ആരൊക്കെ ചർച്ചയിൽ പങ്കെടുക്കുമെന്നോ വ്യക്തമാക്കാതെയാണ് പ്രസ്തുത സംഘടന കത്ത് നൽകിയിരിക്കുന്നത്. ഈ വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് ചർച്ചക്കുള്ള ദിവസം മുൻകൂട്ടി അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡബ്ല്യു.സി.സി വ്യക്തമാക്കി.
ഡബ്ല്യു.സി.സിയുടെ കുറിപ്പിന്‍റെ പൂർണരൂപം:
കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കുവാനുള്ള A.M .M.A നടപടിയിൽ പ്രതിഷേധിച്ച് രാജി വച്ച ഞങ്ങളുടെ സുഹൃത്തുക്കൾക്കും, അടിയന്തിരയോഗം കൂടി വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട wcc അംഗങ്ങളായ മറ്റ് സുഹൃത്തുക്കൾക്കും, ജനാധിപത്യ കേരളം നല്കി വരുന്ന എല്ലാ വിധ പിന്തുണകൾക്കും നന്ദി പറഞ്ഞു കൊള്ളട്ടെ.രാഷ്ട്രീയ പ്രവർത്തകർ, സാമൂഹ്യ പ്രസ്ഥാനങ്ങൾ, വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ, മാധ്യമ സുഹൃത്തുക്കൾ, ഓൺലൈൻ കൂട്ടായ്മകൾ, വനിതാമാധ്യമ പ്രവർത്തകർ, ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രവർത്തിക്കുന്ന വനിതാ ചലച്ചിത്ര പ്രവർത്തകർ, സിനിമയുടെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കുന്ന കേരളത്തിലെ ചലച്ചിത്ര സാങ്കേതിക പ്രവർത്തകർ.... ഇവരൊക്കെ ഞങ്ങൾക്ക് നല്കി കൊണ്ടിരിക്കുന്ന കലവറയില്ലാത്ത പിന്തുണക്ക് ഒരായിരം നന്ദി. സിനിമാ മേഖലയിലെ ചില സംഘടനകൾ തമ്മിലുള്ള പോര് എന്ന പതിവ് കേൾവിക്കപ്പുറത്തേക്ക് സിനിമയുടെ അകങ്ങളേയും പുറങ്ങളേയും ജനാധിപത്യ വല്ക്കരിക്കാനും സ്ത്രീ സൗഹാർദ്ദ ഇടങ്ങളാക്കി ഇവിടങ്ങളെ പരിവർത്തിപ്പിക്കാനും നടക്കുന്ന ശ്രമങ്ങളായി ഈ സംഭവങ്ങളെ കാണാനും മനസ്സിലാക്കാനും കഴിഞ്ഞ പതിനായിരകണക്കിന് പേരാണ് ഇന്ന് WCC ക്ക് കരുത്തു പകരുന്നത്. സിനിമയും രാഷ്ട്രീയ പ്രവർത്തനമാണ് എന്ന് വിശ്വസിക്കുന്ന സാമൂഹ്യബോധമുള്ള ചലച്ചിത്ര പ്രവർത്തകരും ഇനി എന്ത്? എന്ന് ആലോചിച്ചു തുടങ്ങിയിരിക്കുന്നു.
ഞങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ വ്യക്തിയെ തിരിച്ചെടുത്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് W C C അംഗങ്ങൾ നല്കിയ കത്തിന് A.M. M.A എക്സിക്യൂട്ടീവ് കമ്മിറ്റി മറുപടി നല്കിയ വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ.. വിഷയം ചർച്ച ചെയ്യാമെന്നല്ലാതെ, എപ്പോൾ ചർച്ച ചെയ്യുമെന്നോ, ആരൊക്കെ ചർച്ചയിൽ പങ്കെടുക്കുമെന്നോ വ്യക്തമാക്കാതെയാണ് പ്രസ്തുത സംഘടന കത്ത് നല്കിയിരിക്കുന്നത്.ഈ വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് ചർച്ചയ്ക്കുള്ള ദിവസം മുൻകൂട്ടി അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു .
ഏറ്റവും ശക്തമായ സിനിമ എന്ന മാധ്യമത്തിൽ ഇക്കാലമത്രയും പ്രവർത്തിച്ചിട്ടും അതിക്രമത്തെ അതിജീവിച്ച സഹപ്രവർത്തകക്കൊപ്പം നില്ക്കാനുള്ള ആത്മശക്തി ഉണ്ടാകാതെ പോയ എല്ലാവർക്കും ഇനിയെങ്കിലും അതിനു കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു കൊണ്ട്,
പ്രിയപ്പെട്ടവരെ ,നിങ്ങൾ നല്കുന്ന എല്ലാവിധ പിന്തുണക്കും ഒപ്പം നിൽക്കലിനും ഒരിക്കൽ കൂടി നന്ദി.. !
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.