ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം; പങ്കെടുക്കുമെന്ന് യേശുദാസും ജയരാജും
text_fieldsന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം വിവാദമാകുന്നതിനിടെ ചങ്ങിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച് ഗായകൻ യേശുദാസും സംവിധായകൻ ജയരാജും. വേദി കൈയടക്കാനുള്ള വാര്‍ത്താവിതരണ മന്ത്രി സ്മൃതി ഇറാനിയുടെ നീക്കത്തെ തുടർന്ന് ചടങ്ങ് ബഹിഷ്കരിക്കാൻ ജേതാക്കൾ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ചടങ്ങ് ബഹിഷ്കരിക്കില്ലെന്ന് യേശുദാസും ജയരാജും പ്രഖ്യാപിച്ചത്. രാഷ്ട്രപതിക്ക് നൽകിയ പരാതിയിൽ ഒപ്പിടുക മാത്രമാണ് താൻ ചെയ്തത്. വിവേചനത്തിൽ പ്രതിഷേധിക്കാനാണ് ഒപ്പിട്ടതെന്നും യേശുദാസ് വ്യക്തമാക്കി.
രാഷ്ട്രപതി പുരസ്കാരം നല്‍കിയില്ലെങ്കില്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ഫഹദ്, പാർവതിയടക്കമുള്ള ജേതാക്കള്‍ വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതി പുരസ്‌കാരം നല്‍കുമെന്ന തീരുമാനം മാറ്റിയതെന്തു കൊണ്ടാണെന്ന് വ്യക്തമാക്കണം. എല്ലാ ജേതാക്കളും ഒപ്പിട്ട പരാതി വാര്‍ത്താവിതരണ മന്ത്രാലയത്തിന് നല്‍കുമെന്നും അവർ അറിയിച്ചു.
ഇവരെ അനുനയിപ്പിക്കാന്‍ മന്ത്രി സ്മൃതി ഇറാനി രാവിലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച പരാതിയും ഇവര്‍ മന്ത്രാലയത്തിനു നല്‍കി. വിനോദ് ഖന്നക്ക് മരണാനന്തര ബഹുമതിയായി ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം, മികച്ച നടി ശ്രീദേവിക്കുള്ള മരണാനന്തര പുരസ്‌കാരം, മികച്ച നടന്‍ റിദ്ദി സെന്‍, മികച്ച ഗായകന്‍ യേശുദാസ്, മികച്ച സംവിധായകന്‍ ജയരാജ്, മികച്ച സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‍മാന്‍ തുടങ്ങി 11 പുരസ്‌കാരങ്ങളാണ് രാഷ്ട്രപതി വിതരണം ചെയ്യുന്നത്.
ഇന്ന് വൈകീട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരം നല്‍കുമെന്നാണ് അറിയിപ്പുകളിലും ക്ഷണപത്രങ്ങളിലുമുള്ളത്. ജേതാക്കള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം അയച്ച ക്ഷണക്കത്തുകളിലും രാഷ്ട്രപതി സമ്മാനം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുവരെയുള്ള പതിവും അതാണ്. എന്നാല്‍, ബുധനാഴ്ച വിജ്ഞാന്‍ ഭവനില്‍ നടന്ന പുരസ്‌കാരച്ചടങ്ങിന്റെ റിഹേഴ്‌സലിനിടെയിലാണ് ഈ തീരുമാനം മാറ്റിയതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അവാര്‍ഡ് ജേതാക്കളെ അറിയിച്ചത്. 11 പുരസ്‌കാരങ്ങള്‍ മാത്രം രാഷ്ട്രപതി നല്‍കുകയും ബാക്കി മന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.