യൂത്ത്സ്പ്രിങ് ചലച്ചിത്രമേള ഇന്നുമുതൽ
text_fieldsകോഴിക്കോട്: അഞ്ചാമത് യൂത്ത്സ്പ്രിങ് ചലച്ചിത്രമേള ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ കോഴിക്കോട് ടൗൺഹാളിൽ നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യൂത്ത് സ്പ്രിങ് ഫിലിം ഫ്രറ്റേണിറ്റി വിവിധ സംഘടനകളുമായി ചേർന്നാണ് ‘സ്റ്റേറ്റ്: റീവിസിറ്റിങ് ഫ്രീഡം’ എന്ന പ്രമേയത്തിൽ മേള സംഘടിപ്പിക്കുന്നത്. ഡോക്യുമെൻററി, ഷോർട്ട്ഫിലിം വിഭാഗത്തിലുള്ള മത്സരചിത്രങ്ങളും പ്രമേയത്തിലൂന്നിയ ഫീച്ചർ, ഡോക്യുമെൻററി ചിത്രങ്ങളും മ്യൂസിക് വിഡിയോകളും പ്രദർശിപ്പിക്കും.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ദേശീയ പുരസ്കാരം നേടിയ സംവിധായകനും ആക്ടിവിസ്റ്റുമായ ബിജു ടോപ്പോ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനചിത്രമായ സജി പാലമേൽ സംവിധാനം ചെയ്ത ‘ആറടി’ തുടർന്ന് പ്രദർശിപ്പിക്കും. ബുധനാഴ്ച വൈകീട്ട് നാലിന് ഹാഷിർ കെ. സംവിധാനം ചെയ്ത ‘ഡിസപ്പിയറൻസ്’ എന്ന ഡോക്യുമെൻററിയുടെ പ്രീമിയർ പ്രദർശനവും, തുടർന്ന് ഫെസ്റ്റിവൽ പ്രമേയത്തെ മുൻനിർത്തി ചർച്ചയും നടക്കും. കെ.ഇ.എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യുന്ന ചർച്ചയിൽ കെ.പി. ശശി, ഡോ. അജയ് ശേഖർ, ടി. മുഹമ്മദ് വേളം, രൂപേഷ് കുമാർ, സമദ് കുന്നക്കാവ് തുടങ്ങിയവർ പങ്കെടുക്കും.
തുടർന്ന് മഖ്മൽബഫ് സംവിധാനം ചെയ്ത ഇറാനിയൻ ചിത്രം ‘ദ പ്രസിഡൻറ്’ പ്രദർശിപ്പിക്കും. വ്യാഴാഴ്ച മൂന്നിന് താനൂരിലെ പൊലീസ് നടപടികളുമായി ബന്ധപ്പെട്ട് ഉദൈഫ റഹ്മാൻ സംവിധാനം ചെയ്ത ഡോക്യുമെൻററിയുടെ പ്രീമിയർ പ്രദർശനവും, തുടർന്ന് സ്റ്റുഡൻറ്സ് ആൻഡ് യൂത്ത് എന്ന വിഷയത്തിൽ ചർച്ചയും നടക്കും. വൈകീട്ട് ആറിന് സമാപന സമ്മേളനം കൽപറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ടി.എ. റസാഖിനുള്ള ആദരമായി അദ്ദേഹം സംവിധാനം ചെയ്ത ‘മൂന്നാംനാൾ ഞായറാഴ്ച’ എന്ന ചിത്രം പ്രദർശിപ്പിക്കും.
ഫെസ്റ്റിെവൽ ആർട്ടിസ്റ്റിക്ക് ഡയറക്ടർ മുഹമ്മദ് ശമീം, അസി. ഡയറക്ടർ സി.എം. ശരീഫ്, ജൂറി ചെയർപേഴ്സൻ പി. ബാബുരാജ്, ജന.കൺവീനർ ഹാമിദ് സാലിം, സലീം കുരിക്കളകത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.