ഭാനുപ്രിയയുടെ വീട്ടിൽ നാല് പെൺകുട്ടികൾ; കുട്ടിക്കടത്തെന്ന് ആരോപണം
text_fieldsചെന്നൈ: 14 വയസുകാരിയെ വീട്ടുജോലിക്ക് നിർത്തി പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന തമിഴ്-തെലുങ്ക് നടി ഭാനുപ്രിയക്ക് കുരുക്ക് മുറുകുന്നു. നടിയുടെ വീട്ടിൽ നടന്ന റെയ്ഡിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കൂടി കണ്ടെത്തിയെന്നും അത് കുട്ടിക്കടത്തിെൻറ ഭാഗമാണെന്ന് സംശയിക്കുന്നതായി ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ അറിയിച്ചു.
ഭാനുപ്രിയ മോഷണക്കുറ്റം ആരോപിച്ച പെൺകുട്ടിയുടെ അമ്മ പ്രഭാവതി ആന്ധ്രപ്രദേശിലെ സമൽകോട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ ചെന്നൈയിലെ ടി. നഗറിലുള്ള നടിയുടെ വീട്ടിൽ തിരച്ചിൽ നടത്തിയിരുന്നു. നാല് പെൺകുട്ടികൾ അനധികൃതമായി നടിയുടെ വീട്ടിൽ ജോലിചെയ്യുന്നുണ്ടെന്നും ലൈംഗികമായി ഉപദ്രവിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ടെന്നും ചൈൽഡ് ലൈൻ ഉദ്യോഗസ്ഥൻ ബാലവകാശ കമ്മീഷനെ അറിയിച്ചു. മനുഷ്യക്കടത്തുമായി ഇതിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കുട്ടിയുടെ അമ്മയും നടിയും ബാലാവകാശ നിയമം ലംഘിച്ചു. പെൺകുട്ടികളെയെല്ലാം ആന്ധ്രയിൽ നിന്നും ചെന്നൈയിൽ എത്തിച്ചത് ഒരേ ഇടനിലക്കാരനാണെങ്കിൽ ഇത് കുട്ടിക്കടത്താണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് എൻ.സി.പി.സി.ആറിനും സംസ്ഥാന കമ്മീഷനും അച്യുത റാവു കത്തയച്ചിട്ടുണ്ട്. ഭാനുപ്രിയയെ അറസ്റ്റ് ചെയ്യാനും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വീട്ടിൽ ജോലി ചെയ്യുന്ന പെൺകുട്ടിക്ക് 14 വയസാണ് പ്രായം. അവൾക്ക് 18 വയസ്സെന്ന് തെറ്റിധരിപ്പിച്ചാണ് പെൺകുട്ടിയെ ജോലിക്ക് നൽകിയതെന്നും ഭാനുപ്രിയ പ്രതികരിച്ചു. പെൺകുട്ടിയെ ഉപദ്രവിച്ച ആരോപണവും അവർ നിഷേധിച്ചു.
തെൻറ മകളെ നടി വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും ഒരു വർഷത്തോളമായി മകൾക്ക് കൂലി നൽകുന്നില്ലെന്നും കാട്ടിയാണ് പ്രഭാവതി പരാതി നൽകിയത്. എന്നാൽ ഒന്നര ലക്ഷത്തോളം രൂപയുടെ സാധന സാമഗ്രികൾ വീട്ടിൽ നിന്നും പെൺകുട്ടി മോഷ്ടിച്ചിരുന്നു. ഇതിനെതിരെ പരാതി നൽകിയതോടെയാണ് പ്രഭാവതി തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്ന് ഭാനുപ്രിയ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.