മോദിക്കെതിരെ പറഞ്ഞതോടെ ബോളിവുഡ് തഴയുന്നു –പ്രകാശ് രാജ്
text_fieldsമംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ ശബ്ദമുയർത്തിയതോടെ ബോളിവുഡിൽനിന്ന് അഭിനയിക്കാൻ വിളിക്കുന്നില്ലെന്ന് ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും നടനുമായ പ്രകാശ് രാജ്. പത്രാധിപയും സാമൂഹിക പ്രവർത്തകയുമായ ഗൗരി ലേങ്കഷ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രിയുടെ നിശ്ശബ്ദത ചോദ്യം ചെയ്തതോടെയാണ് തന്നെ ബോളിവുഡ് തഴയാൻ തുടങ്ങിയതെന്നും പ്രകാശ് രാജ് പറഞ്ഞു. ‘ദി പ്രിൻറ്’ വാർത്ത വെബ്സൈറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൗരി ചോദ്യങ്ങൾ ചോദിച്ചിരുന്നു. അവരെ ഇല്ലാതാക്കിയത് തന്നെ വേദനിപ്പിച്ചു. അതേപ്പറ്റി കൂടുതൽ ചോദ്യങ്ങളുയർത്തുേമ്പാൾ തന്നെ പല രീതിയിൽ നിശ്ശബ്ദനാക്കാനുള്ള ശ്രമം തുടരുകയാണ്. അതിൽ ഭീഷണിയുണ്ട്. വ്യക്തിഹത്യയുണ്ട്. ഇതിന് പിന്നിൽ ബി.ജെ.പിയാണെന്നും അദ്ദേഹം ആേരാപിച്ചു.
സർക്കാറുകളെ അട്ടിമറിക്കുന്ന ചാണക്യനാണ് ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ. തെരഞ്ഞെടുപ്പുകൾ ജയിക്കാൻ അദ്ദേഹത്തിന് കഴിയും. എന്നാൽ, ഇതാണോ നമുക്ക് വേണ്ടത്. ഒരു നേതാവെന്ന നിലയിൽ എന്താണ് അദ്ദേഹത്തിെൻറ യോഗ്യത. രാജ്യത്തിനു നാഴികക്കല്ലാവുന്ന ഏതെങ്കിലും കർമപദ്ധതി ഷാ മുന്നോട്ടു വെച്ചിട്ടുണ്ടോയെന്നും പ്രകാശ് രാജ് ചോദിച്ചു.
കള്ളപ്പണം ഇല്ലാതാക്കും, രണ്ടുകോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കും തുടങ്ങി മോഹന വാഗ്ദാനങ്ങളുമായി അധികാരത്തിലേറിയ മോദി സർക്കാർ മൂന്നര വർഷം പിന്നിടുേമ്പാൾ നിന്നിടത്തു തന്നെ നിൽക്കുകയാണ്. എവിടെയാണ് ആ കള്ളപ്പണം. ഒരു വിമർശനമുന്നയിച്ചാൽ ഹിന്ദു വിരുദ്ധനായി. നിങ്ങളെ പാകിസ്താനിലേക്ക് അയക്കുമെന്നാണ് മറുപടി വരിക. എന്തുകൊണ്ടാണ് പാകിസ്താൻ എന്നുമാത്രം പറയുന്നത്. അതിനുത്തരം അവരുടെ തലച്ചോറിലാണ്. അവിടെ ഇസ്ലാം ശരിയല്ലെന്ന മുൻവിധിയാണുള്ളത്. പാകിസ്താനിൽ ഇസ്ലാം ദേശീയ മതമാണ്. അവിടെ കൊടിയ ദാരിദ്ര്യമുണ്ട്. അതുപോലെയാകണോ ഇന്ത്യ? അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ പാർട്ടിയുണ്ടാക്കാനോ ഏതെങ്കിലും പാർട്ടിയിൽ ചേരാനോ ആലോചിച്ചിരുന്നുവെന്നും എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ രാഷ്ട്രീയേതര വേദിയിൽനിന്ന് ശബ്ദമുയർത്തുകയാണ് വേണ്ടതെന്ന് തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് എം.എൽ.എയോ എം.പിയോ ആകണ്ട. രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നത് ഒരു കെണിയാണ്. രാഷ്ട്രീയ അവബോധമാണ് വേണ്ടതെന്നും പ്രകാശ് രാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.