പുത്രാവകാശ തര്‍ക്കം: നടന്‍ ധനുഷ് കോടതിയില്‍ ഹാജരായി
text_fieldsചെന്നൈ: തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധദമ്പതികള്‍ സമര്‍പ്പിച്ച പരാതിയില്‍ അടയാള പരിശോധനക്കായി പ്രമുഖ തമിഴ് നടന്‍ ധനുഷ് കോടതിയില്‍ ഹാജരായി. മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസ് ജി. ചൊക്കലിംഗത്തിന് മുന്നിലാണ് ധനുഷ് നേരിട്ടത്തെിയത്. മാതാവ് വിജയലക്ഷ്മിയും ഒപ്പമുണ്ടായിരുന്നു.
കോടതി നിര്‍ദേശപ്രകാരം രൂപവത്കരിച്ച സര്‍ക്കാര്‍ ഡോക്ടര്‍മാരും കോടതി രജിസ്ട്രാറും ഉള്‍പ്പെട്ട സംഘം നടന്‍െറ ശരീരത്തിലെ അടയാളങ്ങള്‍ പരിശോധിച്ചു. കേസ് മാര്‍ച്ച് രണ്ടിലേക്ക് മാറ്റി. മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടി ഗ്രാമത്തിലെ ആര്‍. കതിരേശന്‍ (65)-മീനാക്ഷി (53) ദമ്പതികളാണു ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും തങ്ങളെ സംരക്ഷിക്കണമെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. ദമ്പതികള്‍ ഹാജരാക്കിയ രേഖകള്‍ പ്രകാരം താടിയില്‍ ഒരു കാക്കപ്പുള്ളിയും ഇടതു കൈത്തണ്ടയില്‍ ഒരു കലയുമുണ്ട്. ഇതിനിടെ ധനുഷ് ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതി ജൂലൈ 28, 1983 ആണ്.
എന്നാല്‍ പത്തുവര്‍ഷത്തിനു ശേഷം 1993 ജൂണ്‍ 21നാണ് അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത് . ജനനസര്‍ട്ടിഫിക്കറ്റില്‍ പേര് രേഖപ്പെടുത്തിയിട്ടില്ല. പത്ത് വര്‍ഷത്തിനുശേഷം ജനനസര്‍ട്ടിഫിക്കറ്റ് വാങ്ങിയതും ഹരജിക്കാര്‍ സംശയം പ്രകടിപ്പിച്ചു. 1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്‍െറ യഥാര്‍ഥ പേര് കാളികേശവന്‍ എന്നാണെന്ന് ദമ്പതികള്‍ അവകാശപ്പെടുന്നു. ധനുഷിന്‍െറ സ്കൂള്‍ കാലഘട്ടങ്ങളിലെ യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കോടതി ദമ്പതികളോട് ഉത്തരവിട്ടിരുന്നു. ആവശ്യമെങ്കില്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ തയാറാണെന്നും കോടതിയില്‍ ഇവര്‍ വ്യക്തമാക്കിയിരുന്നു.
ധനുഷിന്‍െറതാണെന്ന് അവകാശപ്പെടുന്ന പഴയ ഫോട്ടോയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പ്രായം ചെന്ന തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നു ഇവര്‍ നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ധനുഷിന്‍െറ മറുപടിയില്‍ തൃപ്തിയാകാതെ കോടതി നടനോട് യഥാര്‍ഥ രേഖകള്‍ ഹാജരാക്കാനും ദമ്പതികള്‍ അവകാശപ്പെടുന്ന ശരീരത്തിലെ അടയാളങ്ങള്‍ പരിശോധിക്കാനും നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. അതേ സമയം, സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് പരാതിയെന്ന് ധനുഷ് കോടതിയെ അറിയിച്ചിരുന്നു.
ചെന്നൈ എഗ്മോറിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് ജനിച്ചതെന്നും വെങ്കടേഷ് പ്രഭുവെന്നാണ് യഥാര്‍ഥപേരെന്നും നിര്‍മാതാവും സംവിധായകനുമായ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനാണ് താനെന്നും ധനുഷ് അവകാശപ്പെട്ടിട്ടുണ്ട്. നടന്‍ രജനീകാന്തിന്‍െറ മകളും സംവിധായികയുമായ ഐശ്വര്യയെയാണ് ധനുഷ് വിവാഹം കഴിച്ചിരിക്കുന്നത്. ധനുഷിന് രണ്ട് മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.