കമൽഹാസനെതിരെ 100കോടി രൂപയുടെ മാനനഷ്ടക്കേസ്
text_fieldsചെന്നൈ: ബിഗ് ബോസിന്‍റെ തമിഴ് പതിപ്പായ റിയലിറ്റി ഷോയിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് നടൻ കമൽഹാസൻ, കൊറിയോഗ്രാഫർ ഗായത്രി രഘുറാം എന്നിവരടക്കം ഏഴ് പേർക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്. റിയാലിറ്റി ഷോയിൽ പങ്കെടുക്കവെ ഗായത്രി രഘുറാം ചേരി, ചേരിനിവാസി എന്നീ വാക്കുകൾ ഉപയോഗിച്ചത് സമൂഹത്തിലെ അരികുവൽക്കപ്പെട്ടവരുടെ വികാരങ്ങൾ വ്രണപ്പെടുത്തി എന്നാരോപിച്ചാണ് കേസ്. ഈ പരാമർശം ഉണ്ടായപ്പോൾ ഷോയിലെ ആതിഥേയനായ കമൽഹാസൻ ഗായത്രി രഘുറാമിനെ തടഞ്ഞില്ല എന്നും നോട്ടീസിൽ പറയുന്നു.
ഇതേക്കുറിച്ചുയർന്ന ചോദ്യത്തിന് വാർത്താ സമ്മേളനത്തിൽ കമൽ ഹാസൻ പ്രതികരിച്ചില്ല എന്നും നോട്ടീസിലുണ്ട്. സംഭവത്തിൽ നോട്ടീസിൽ പറയുന്ന ഏഴ് പേരും നിരുപാധികം മാപ്പ് പറയണമെന്ന് പുതിയ തമിഴകം നേതാവ് ഡോ.കൃഷ്ണസ്വാമി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം 100 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ആരോപണവിധേയർ തയാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
എ.ഐ.എ.ഡി.എം.കെക്കെതിരെ പരസ്യ വിമർശനവമായി കമൽഹാസൻ രംഗത്തെത്തുകയും താരം സജീവ രാഷ്ട്രീയ പ്രവേശനത്തിന് തയാറെടുക്കുന്നതുമായ വാർത്തകൾക്കിടയിലാണ് കേസ് എന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.