'മക്കൾ നീതി മയ്യം'; കമൽഹാസൻ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു
text_fieldsകോയമ്പത്തൂർ: ക്ഷേത്രനഗരമായ മധുരയിൽ പതിനായിരങ്ങളെ സാക്ഷിനിർത്തി നടൻ കമൽഹാസൻ പുതിയ പാർട്ടി പ്രഖ്യാപിച്ചു. ‘മക്കൾ നീതി മയ്യം’ എന്നാണ് പാർട്ടിയുടെ പേര്. തൂവെള്ളയിൽ ചുവപ്പും വെള്ളയും നിറത്തിലുള്ള ആറ് കൈകൾ കൂട്ടിപ്പിടിച്ച് മധ്യത്തിൽ കറുത്ത പശ്ചാത്തലത്തിൽ വെള്ളനക്ഷത്രം ആലേഖനം ചെയ്തതാണ് പതാക.
ബുധനാഴ്ച രാത്രി ഏഴരക്ക് സമ്മേളന നഗരിയിലെ വേദിക്കരികെ സ്ഥാപിച്ച 40 അടി ഉയരത്തിലുള്ള കൊടിമരത്തിലാണ് പാർട്ടി പതാക ഉയർത്തിയത്. പ്രവർത്തകരുടെ ഹർഷാരവങ്ങൾക്കിടെ വേദിയിൽ കയറിയ കമൽഹാസൻ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു. ജനങ്ങൾക്കുവേണ്ടി രൂപവത്കരിച്ച പാർട്ടിയാണിതെന്നും ഇൗ കക്ഷിയിൽ മുഴുവൻ പ്രവർത്തകരും നേതാക്കളാണെന്നും കമൽഹാസൻ അറിയിച്ചു. ഇത് ഒരു ദിവസത്തെ ആഘോഷമാക്കരുത്. പാർട്ടി പ്രവർത്തനം രാഷ്ട്രീയ മാതൃകയും ജീവിതക്രമമാക്കുകയുമാണ് വേണ്ടത്. അഴിമതിയിൽ മുങ്ങിക്കുളിച്ച രാഷ്ട്രീയ കക്ഷികൾക്ക് പുതിയ പാർട്ടി ഭീഷണിയാവുമെന്നും തമിഴകത്തെങ്ങും ഇത്തരം പൊതുയോഗങ്ങൾ സംഘടിപ്പിക്കുമെന്നും കമൽഹാസൻ പറഞ്ഞു.
തുടർന്ന് വേദിയിലേക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ബൊക്കെ നൽകി സ്വീകരിച്ചു. ഡൽഹി മുൻ നിയമമന്ത്രിയും എം.എൽ.എയുമായ സോമനാഥ്ഭാരതിയും ഒപ്പമുണ്ടായിരുന്നു. കമൽഹാസൻ, കെജ്രിവാൾ, സോമനാഥ്ഭാരതി എന്നിവർക്കൊപ്പം തമിഴ്നാട് കർഷക സംഘം നേതാവ് പി.ആർ. പാണ്ഡ്യനും എത്തിയിരുന്നു.
എ.പി.ജെ. അബ്ദുൽ കലാമിെൻറ പേരമകൻ ഷേഖ്സലിം ഉൾപ്പെടെയുള്ള പ്രമുഖരും പാർട്ടിയുടെ മുഖ്യഭാരവാഹികളും ആശംസകളർപ്പിച്ചതിനുശേഷമാണ് കെജ്രിവാളും കമൽഹാസനും പ്രസംഗിച്ചത്.
‘എൻ അൻപാർത്ത വണക്കം’എന്ന് തമിഴിൽ തുടങ്ങിയ, കേരള മുഖ്യമന്ത്രി പിണറായി വിജയെൻറ ഇംഗ്ലീഷിലുള്ള ആശംസാപ്രസംഗവും വേദിയിൽ പ്രദർശിപ്പിച്ചു.
രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് ഡി.എം.കെ -ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ തലമുതിർന്ന നേതാക്കളുമായി കമൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേ സമയം, ബി.ജെ.പി -അണ്ണാ ഡി.എം.കെ നേതാക്കളെ അദ്ദേഹം പൂർണമായും തഴയുകയും ചെയ്തിരുന്നു. പാർട്ടി പ്രഖ്യാപന സമ്മേളനത്തിലേക്ക് വർഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രിമാരെയാണ് ക്ഷണിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.