മെര്‍സലിനെതിരെ തിയറ്ററുകള്‍ക്കു മുന്നില്‍ ഹിന്ദുമുന്നണിയുടെ പ്രതിഷേധം
text_fieldsചെന്നൈ: വിജയ് നായകനായ സിനിമ ‘മെര്‍സല്‍’ ഹിന്ദുമത വികാരം വ്രണപ്പെടുത്തുന്നെന്ന് ആരോപിച്ച് ഹിന്ദുമുന്നണി കക്ഷി ജനകീയ പ്രതിഷേധവുമായി രംഗത്ത്. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്കു മുന്നില്‍ ഞായറാഴ്ച രാവിലെ ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
ഇവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. മെര്‍സലിലെ രണ്ടു രംഗങ്ങള്‍ ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തുന്നുണ്ടെന്നും ഇവ നീക്കം ചെയ്യണമെന്നുമായിരുന്നു ആവശ്യം.
ചിത്രത്തില്‍ ക്ഷേത്രങ്ങള്‍ക്കു പകരം ആശുപത്രികള്‍ നിർമിക്കണമെന്ന നായകകഥാപാത്രത്തിെൻറ സംഭാഷണമാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്. ക്ഷേത്രങ്ങള്‍ എന്നു മാത്രം എടുത്തുപറഞ്ഞത് ഹിന്ദു മതത്തെ അവഹേളിക്കാനാണെന്ന് ഹിന്ദുമുന്നണി കക്ഷി ഭാരവാഹി കുമരവേല് ആരോപിച്ചു. ചിത്രത്തിലെ മറ്റൊരു രംഗത്തില്‍ വിജയ് വള്ളിച്ചെരിപ്പ് ധരിച്ച് ക്ഷേത്രത്തിനകത്ത് നടക്കുന്ന ഭാഗമുണ്ടെന്നും ഇതും അപമാനിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാറിനെയും ചരക്കു സേവന നികുതിയെയും വിമര്‍ശിക്കുന്ന ഭാഗങ്ങളെയും ഇവര്‍ കുറ്റപ്പെടുത്തി.
മെര്‍സലിനെതിരെ സംസ്ഥാനത്തെ തിയറ്ററുകളില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഹിന്ദുമക്കള്‍ കക്ഷി നേതാവ് അര്ജുന് സമ്പത്ത് രണ്ടു ദിവസം മുമ്പ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.