മെർസൽ വിവാദം ബി.ജെ.പിയെ തിരിഞ്ഞുകുത്തുന്നു
text_fieldsചെന്നൈ: പുതിയ വിജയ് ചിത്രമായ ‘മെര്‍സലി’നെതിരായ ആരോപണങ്ങള്‍ ബി.ജെ.പിയെ തിരിഞ്ഞുകുത്തുന്നു. ഡിജിറ്റല്‍ ഇന്ത്യയെയും ജി.എസ്.ടിയെയും മോശമായി ചിത്രീകരിക്കുന്ന ഭാഗം നീക്കംചെയ്യണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. എന്നാല്‍, ചിത്രത്തിൽനിന്ന് ഇത് നീക്കിയാലും ഈ രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ജി.എസ്.ടി ഡയലോഗുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്താണ് ‘ഇളയ ദളപതി’ ആരാധകർ വിവാദത്തോട് പ്രതികരിച്ചത്.
തമിഴ് സംസ്കാരത്തിെൻറയും ഭാഷയുടെയും അഭിവാജ്യ ഘടകമാണ് സിനിമയെന്നും അനാവശ്യ വിവാദങ്ങളുണ്ടാക്കി തമിഴ്ജനതയുടെ ആത്മാഭിമാനത്തില്‍ മോദി ഇടപെടരുതെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. സിനിമ മേഖലയില്‍നിന്ന് വലിയ പിന്തുണയാണ് ട്വീറ്റിന് ലഭിച്ചത്. തമിഴ് പ്രതാപത്തിെൻറ മൂല്യം ഇല്ലാതാക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അദ്ദേഹം ആവശ്യപ്പെട്ടു. നടൻ കമൽ ഹാസൻ, സംവിധായകൻ പാ. രഞ്ജിത്ത്, തെന്നിന്ത്യൻ നടികർ സംഘം അധ്യക്ഷൻ വിശാൽ തുടങ്ങി സിനിമാ പ്രവർത്തകരും ബി.ജെ.പി നീക്കത്തെ അപലപിച്ചു. ചിത്രം സെൻസർ ചെയ്തതാണെന്നും സിനിമ ഉയർത്തുന്ന വിമർശനങ്ങളെ വസ്തുതകൾ കൊണ്ടാണ് നേരിടേണ്ടതെന്നും കമൽ അഭിപ്രായപ്പെട്ടു. അഭിപ്രായങ്ങൾ തുറന്നുപറയുേമ്പാഴാണ് ഇന്ത്യ തിളങ്ങുന്നെതന്നും കമൽ ട്വിറ്ററിൽ കുറിച്ചു.
വിമർശനങ്ങളെ നിശ്ശബ്ദമാക്കുകയല്ല വേണ്ടതെന്നു സംവിധായകൻ പാ. രഞ്ജിത്ത് അഭിപ്രായപ്പെട്ടു. സെൻസർ ചെയ്ത ചിത്രങ്ങളിലെ പടങ്ങൾ വീണ്ടും നീക്കം ചെയ്യണമെങ്കിൽ പിന്നെയെന്തിനാണു സെൻസർ ബോർഡ്. ഇത്തരം വാദങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വിശാൽപറഞ്ഞു. കേന്ദ്ര സര്‍ക്കാറിനെ പുകഴ്ത്തുന്ന ഡോക്യുമെൻററികള്‍ മാത്രം നിർമിച്ചാല്‍ മതിയെന്ന നിയമം ഉടന്‍ വരുമെന്ന് പറഞ്ഞാണ് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം ബി.ജെ.പിയെ പരിഹസിച്ചത്.
അതേസമയം നടന് വിജയിയുടെ പേരുമായി ബന്ധപ്പെട്ട് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജയുടെ പ്രതികരണം വിവാദത്തിലായി. ‘ കോവിലുകൾ നിർമിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്ന വിജയ് പള്ളികളും ചർച്ചുകളും പുതിയതായി ഉയർന്നുവരുന്നതു കാണുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ജോസഫ് വിജയിെൻറ എതിർപ്പാണ് മെർസൽ ’ എന്നായിരുന്നു രാജയുടെ പ്രതികരണം. വിജയിയുടെ യഥാർഥ പേര് ജോസഫ് വിജയ് എന്നാണെന്ന രാജയുടെ പരാമർശവും പ്രതിഷേധത്തിനിടയാക്കി.
കോവിലുകള്‍ക്ക് പകരം ആശുപത്രികള്‍ നിർമിക്കണമെന്ന ചിത്രത്തിലെ മറ്റൊരു ഡയലോഗും ബി.ജെ.പിയെ ചൊടിപ്പിച്ചു. ഇതിനിടെ തിയറ്ററുകളിൽ മെർസൽ കാണാൻ ജനം തള്ളിക്കയറുകയാണ്. ചെന്നൈയിലെ വിവിധ തിയറ്ററുകളിൽ പ്രത്യേക പ്രദർശനം നടത്തേണ്ടിവന്നു. ആദ്യ നാലുദിനം തമിഴ്നാട്ടിൽനിന്നു മാത്രം കലക്ഷൻ 80 കോടിയോട് അടുക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.