തെറ്റായ വിവരമെന്ന്; രജനീകാന്തിന്‍റെ ജനതാ കർഫ്യൂ ട്വീറ്റ് ട്വിറ്റർ നീക്കി
text_fieldsചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിനെ പിന്തുണച്ച് നടൻ രജനീകാന്തിൻെറ ട്വീറ്റ് തെറ്റായ വിവരമെന്ന് കാട്ടി ട്വിറ്റർ അധികൃതർ നീക്കം ചെയ്തു. രജനീകാന്ത് തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നുവെന്ന പരാതികൾ വന്നതിനാലാണ് ട്വിറ്റർ തന്നെ സ്വമേധയാ ട്വീറ്റ് നീക്കിയത്.
‘കോവിഡ് 19 വൈറസ് ഇന്ത്യയിൽ രണ്ടാമത്തെ സ്റ്റേജിലാണ്. ജനങ്ങൾ വീട്ടിനകത്ത് കഴിയുകയാണെങ്കിൽ മൂന്നാം സ്റ്റേജിലേക്ക് ഈ മഹാമാരി പ്രവേശിക്കുന്നത് തടയാം. മാർച്ച് 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത് അതിനാണ്’ -രജനി ട്വിറ്ററിൽ കുറിച്ചു. വൈറസ് പടരുന്നതിൻെറ കണ്ണിപൊട്ടിക്കാൻ 14 മണിക്കൂർ സാമൂഹിക അകലം പാലിച്ചാൽ മതിയെന്നും ഈ സമയം കൊണ്ട് വൈറസ് നശിച്ചുപോകുമെന്നും രജനി കൂട്ടിച്ചേർത്തു.
ഇറ്റലിയിലെ കോവിഡ് മരണങ്ങളുടെ കാരണവും രജനി വിഡിയോ സന്ദേശത്തിൽ വിശദീകരിച്ചു. മോദി പ്രഖ്യാപിച്ചത് പോലുള്ള കർഫ്യൂ ഇറ്റലി സർക്കാരും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജനങ്ങൾ അത് അനുസരിച്ചില്ല. അതോടെ ആയിരങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു. അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകാൻ ഇന്ത്യക്ക് സാധ്യമല്ലെന്നും രജനി പറഞ്ഞു.
എന്നാൽ രജനീകാന്തിൻെറ ട്വീറ്റിനെ എതിർത്ത് നിരവധിപേർ രംഗത്തെത്തി. 14 മണിക്കൂർ വീട്ടിനകത്ത് അടച്ചിരുന്നാൽ എങ്ങനെയാണ് വൈറസ് ഇന്ത്യയിൽ മൂന്നാം സ്റ്റേജിലേക്ക് കടക്കുന്നതിൽ നിന്ന് തടയാൻ സാധിക്കുകയെന്ന് ചിലർ ചോദിച്ചു. തെറ്റായ സന്ദേശമാണ് താരം പ്രചരിപ്പിക്കുന്നതെന്ന മറുപടി ട്വീറ്റുകൾക്കിടെ ട്വിറ്റർ തന്നെ അദ്ദേഹത്തിൻെറ ട്വീറ്റ് നീക്കം ചെയ്തു. കൂടെ ‘ട്വിറ്ററിൻെറ നിയമങ്ങൾ ലംഘിച്ചതിനാൽ ഈ ട്വീറ്റ് ഇനി ലഭ്യമായിരിക്കില്ല’ എന്ന നിർദേശവും ട്വീറ്റിന് പകരം പ്രദർശിപ്പിച്ചു.
അതേസമയം രജനീകാന്തിൻെറ ഇതേ സന്ദേശങ്ങൾ നൽകുന്ന വിഡിയോ യൂട്യൂബിൽ ഇപ്പോഴും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.