"ജ്യോതിക പറഞ്ഞത് സ്വാമി വിവേകാനന്ദന്റെ വാക്കുകൾ "- വിവാദത്തിന് മറുപടിയുമായി സൂര്യ
text_fieldsചെന്നൈ: കൊറോണക്കാലത്തിന് മുമ്പ് ഒരു അവാർഡുദാന ചടങ്ങിൽ നടി ജ്യോതിക നടത്തിയ ഒരു പരാമർശം ഏറെ വിവാദമായിരുന്നു. ക് ഷേത്രങ്ങൾക്കും ദൈവങ്ങൾക്കും നൽകുന്നതിന് പകരം അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സർക്കാർ ആശുപത്രികൾക്കും സ്കൂളുകൾ ക്കുമാണ് ഭീമമായ തുക സംഭാവന നൽകേണ്ടതെന്നായിരുന്നു ജ്യോതിക പറഞ്ഞത്. ഇതിനെതിരെ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു.
ജ്യോതിക മാപ്പ് പറയണമെന്നും നിരവധി പേർ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജ്യോതികയുടെ ഭർത്താവും തമിഴ് സൂപ്പർ താരവുമായ സൂര്യ.
വളരെ പണ്ട് സ്വാമി വിവേകാനന്ദൻ പറഞ്ഞ വാക്കുകൾ തന്നെയാണ് ജ്യോതിക പറഞ്ഞതെന്ന് സൂര്യ ചൂണ്ടിക്കാട്ടുന്നു. സഹജീവിക്ക് സേവനം ചെയ്യുന്നത് ദൈവത്തെ ആരാധിക്കുന്നതിന് തുല്യമാണ്. മനസിൽ നല്ല ചിന്തകൾ ഉള്ളവർക്ക് അത് മനസിലാകും. ഇതൊക്കെ വിജ്ഞാനികളുടെ ചിന്തകളുടെ പ്രതിഫലനമാണ്. അതുകൊണ്ട് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നെന്നും സൂര്യ വ്യക്തമാക്കി.
"മനുഷ്യത്വം എന്നത് എല്ലാ മതങ്ങൾക്കും അതീതമാണ്. ഇത് പഠിപ്പിച്ച് വേണം വരും തലമുറയെ നമ്മൾ വളർത്താൻ. ജ്യോതികക്കെതിരെ വിമർശനവും വിദ്വേഷവും ഉയർന്നപ്പോൾ ഈ കൊറോണ കാലത്തും ഞങ്ങൾക്കൊപ്പം നിന്ന സുഹൃത്തുക്കൾക്കും ആരാധകർക്കും നന്ദി. മാധ്യമങ്ങളും ശരിയായ രീതിയിലാണ് വിഷയം കൈകാര്യം ചെയ്തത്. അവർക്കും നന്ദി" - സൂര്യ പറഞ്ഞു.
തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഔദ്യോഗിക പ്രതികരണം സൂര്യ പുറത്തുവിട്ടത്. ആരാധകർ ഏറ്റെടുത്തതോടെ ഇത് വൈറലാകാൻ അധികം നേരമെടുത്തില്ല. നിരവധി സംഘ് പരിവാർ സംഘടനകൾ ജ്യോതികക്കെതിരെ രംഗത്തെത്തിയത് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.