മെര്‍സല്‍ വിജയിപ്പിച്ചവർക്ക് ഹൃദയം നിറഞ്ഞ നന്ദി;വിവാദങ്ങൾക്ക് ഇളയദളപതിയുടെ മറുപടി
text_fieldsവിജയ് ചിത്രം മെർസൽ വിവാദമായപ്പോൾ ചിത്രത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. രജനിയും കമൽഹാസനുമടക്കമുള്ള സൂപ്പർ സ്റ്റാറുകൾ മെർസലിനെ അനുകൂലിച്ചപ്പോഴും വിജയ് പ്രതികരണമൊന്നും നടത്തിയിരുന്നില്ല. എന്നാൽ ഒടുവിൽ വിജയും പ്രതികരണമറിയിച്ചു. പത്രകുറിപ്പിലൂടെയാണ് വിജയ് മെർസൽ വിഷയത്തിൽ തന്‍റെ അഭിപ്രായവുമായെത്തിയത്.
സി.ജോസഫ് വിജയ് എന്ന പേരിൽ പുറത്തിറക്കിയ കുറിപ്പിൽ മെർസലിന്‍റെ വിവാദത്തിലേക്ക് കടക്കാതെ ആരാധകരെയും പ്രേക്ഷകരെയും നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.
വിജയുടെ വാക്കുകൾ
ദീപാവലിക്ക് പുറത്തിറങ്ങിയ മെര്‍സല്‍ ഇപ്പോള്‍ തിയറ്ററുകളില്‍ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തെ ചിലർ എതിർത്തിരുന്നു. എന്നാല്‍ സിനിമാ മേഖലയില്‍ നിന്നുമുള്ള സുഹൃത്തുക്കള്‍, സഹനടന്മാര്‍, സംവിധായകര്‍, നടിഗര്‍ സംഘം, പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍, നേതാക്കന്മാര്‍, പാര്‍ട്ടി പ്രതിനിധികള്‍, മാധ്യമ സുഹൃത്തുക്കള്‍, എന്‍റെ സ്നേഹിതർ (ആരാധകര്‍), സാധാരണക്കാര്‍, എല്ലാവരും ഒന്നിച്ച് ചേര്‍ന്ന് മെര്‍സലിന്‍റെ മുഴുവന്‍ ടീമിനും വേണ്ട സഹായം നല്‍കി.
മെര്‍സല്‍ വിജയമാക്കി മാറ്റിയ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. പ്രതിസന്ധിഘട്ടങ്ങളിൽ പിന്തുണ നൽകിയ എല്ലാവർക്കും നന്ദി.
നിങ്ങളുടെ വിജയ്
ജി.എസ്.ടിയയെും ഡിജിറ്റൽ ഇന്ത്യയെയും പരിഹസിക്കുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയതോടെയാണ് മെർസൽ വാർത്തകളിൽ ഇടം പിടിച്ചത്. എന്നാൽ തിയേറ്ററുകളിൽ പ്രദർശന വിജയം നേടുന്ന ചിത്രം രണ്ടാം വാരത്തില്‍ 200 കോടി ക്ലബ്ബിലെത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ വിജയ് ചിത്രത്തിന് വിജയുടെ റെക്കോർഡ് കളക്ഷൻ നേടുന്ന ചിത്രമാകും മെർസൽ. ദീപാവലിക്ക് റിലീസായ ചിത്രം ഇതു വരെ ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ നിന്ന് 170 കോടി രൂപ കളക്ഷന്‍ നേടിയതായാണ് റിപ്പോർട്ടുകൾ.
ഇതു വരെ തമിഴ്നാട്ടിൽ നിന്ന് മാത്രം 90 കോടിയോളം രൂപ മെർസൽ നേടിയതായാണ് റിപ്പോർട്ട്. യുഎസ്, ഫ്രാന്‍സ്, ഓസ്ട്രേലിയ, മലേഷ്യ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലും മെര്‍സലിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.