കണ്ണകന്നു, മായില്ല കോഴിക്കോട്ടുകാരുടെ ഖല്‍ബില്‍ നിന്ന്
text_fieldsകോഴിക്കോട്: ‘രാപ്പകല്‍’ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കൃഷ്ണന്‍ എന്ന കഥാപാത്രത്തോട് ഗീതുമോഹന്‍ദാസിന്‍െറ കഥാപാത്രം പറയുന്ന ഒരു വാചകമുണ്ട്; എന്‍െറ മുറ്റത്തെ നന്മമരമാണ് കൃഷ്ണേട്ടനെന്ന്.. ആ കൃഷ്ണേട്ടനെ തൂലികയില്‍ ഒരുക്കിയ മറ്റൊരു നന്മമരമായിരുന്നു ടി.എ. റസാഖ്. മലബാറിന്‍െറ, വിശേഷിച്ച് കോഴിക്കോടിന്‍െറ മുറ്റത്തെ നന്മമരം. കൊണ്ടോട്ടിയിലെ തുറക്കലായിരുന്നു ജന്മനാടെങ്കിലും കോഴിക്കോട് അദ്ദേഹത്തിന്‍െറ വാടകവീടായിരുന്നു.
നാടിന്‍െറ പച്ചമണമുള്ള കഥകള്‍ പറഞ്ഞ് മലയാളത്തെ ചിന്തിപ്പിച്ച റസാഖ് എഴുതിയതേറെയും കോഴിക്കോടിന്‍െറയും മലബാറിന്‍െറയും ജീവിതങ്ങള്‍. കല്ലായിയിലെ റസിയയുടെയും കല്‍പാത്തിയിലെ ഗംഗയുടെയും വിരഹനോവിന്‍െറ കഥ വിസ്മയിപ്പിക്കുംവിധം സമന്വയിപ്പിച്ച, കാഴ്ചക്കാരന്‍െറ കണ്ണിലും ഖല്‍ബിലും നൊമ്പരത്തിന്‍െറ കണ്ണീര്‍ പെയ്യിച്ച ‘പെരുമഴക്കാലം’; സ്വപ്രയത്നത്തിലൂടെ ഉന്നതനിലയിലത്തെിയിട്ടും സ്വന്തം നാടിന്‍െറയും ഗ്രാമീണതയുടെയും വിശുദ്ധി കാത്തുസൂക്ഷിക്കുന്ന അപ്പുവേട്ടന്‍െറയും കോഴിക്കോട്ടെ പാളയം, വലിയങ്ങാടി മാര്‍ക്കറ്റുകളുടെയും കഥ പറഞ്ഞ ‘വേഷം’; കുടുംബശ്രീ പ്രവര്‍ത്തകരനുഭവിക്കുന്ന ദുരിതങ്ങളുടെയും അതിജീവനത്തിന്‍െറയും ചിത്രം വരച്ചിട്ട ‘പെണ്‍പട്ടണം’; മുരളിയും മുകേഷും സുകന്യയും ചേര്‍ന്നഭിനയിച്ച ‘കാണാക്കിനാവ്’ തുടങ്ങിയവയെല്ലാം അദ്ദേഹം കോഴിക്കോടിന്‍െറ നന്മക്കായി തൂലികയിലൂടെ സമര്‍പ്പിച്ച ചിത്രങ്ങളായിരുന്നു.
20 വര്‍ഷംമുമ്പ് എടപ്പാളില്‍ കെ.എസ്.ആര്‍.ടി.സിയില്‍ ജോലിചെയ്യുമ്പോഴാണ് എ.ടി. അബു തന്‍െറ ‘ധ്വനി’ എന്ന ചിത്രത്തിലേക്ക് സഹസംവിധായകനായി ടി.എ. റസാഖിനെ കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നത്. അവിടെ നിന്നിങ്ങോട്ട് കോഴിക്കോടിനെ സ്വന്തം നാടുപോലെ അദ്ദേഹം സ്നേഹിച്ചു. എഴുത്തും മറ്റുമായി പകല്‍സമയങ്ങളില്‍ തിരക്കാണെങ്കിലും വൈകുന്നേരങ്ങളില്‍ നഗരത്തിലെ സിനിമാ-നാടകപ്രവര്‍ത്തകരുമായി ഒത്തുചേരും. ‘എന്‍െറ ഗ്രാമം കൊണ്ടോട്ടിയാണെങ്കിലും നഗരമെന്നാല്‍ എനിക്ക് കോഴിക്കോടാണെ’ന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞു. ‘രാപ്പകല്‍’ എന്ന ചിത്രത്തിലെ അമ്മയുടെ സ്നേഹം പോലെയാണ് കോഴിക്കോട്. സ്വന്തം മക്കളെ മാത്രമല്ല, പുറത്തുനിന്നുവരുന്നവരെയും സ്നേഹത്തോടെ ചേര്‍ത്തുനിര്‍ത്തും. ഉപ്പയുടെ കൂടെ ആദ്യമായി സര്‍ക്കസ് കാണാന്‍ കോഴിക്കോടുവന്നതും, പുതിയ സിനിമ ഇറങ്ങുമ്പോള്‍ നഗരത്തിലത്തെിയതുമെല്ലാം അദ്ദേഹത്തിന്‍െറ ചെറുപ്പത്തിലെ കോഴിക്കോടന്‍ ഓര്‍മകളാണ്. ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് പഠന കാലവും റസാഖിന് സിനിമ കാണാനുള്ളതായിരുന്നു.
മലബാറുകാരെ സിനിമയെന്ന കലയോട് അടുപ്പിച്ചുനിര്‍ത്തിയതില്‍ ടി.എ. റസാഖിന്‍െറ ചിത്രങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ‘ഗസല്‍’, ‘വേഷം’, ‘പെരുമഴക്കാലം’, ‘ബസ്കണ്ടക്ടര്‍’ തുടങ്ങി നാടിന്‍െറ ഹൃദയം തൊടുന്ന കഥകളായിരുന്നു പറഞ്ഞതേറെയും. കഥയോ തിരക്കഥയോ എഴുതിക്കഴിഞ്ഞാല്‍ കഥാകൃത്തിന്‍െറ ജോലി അവസാനിച്ചുവെന്ന് ചിന്തിക്കാതെ സിനിമാ നിര്‍മാണത്തിന്‍െറ ഓരോ ഘട്ടത്തിലും അദ്ദേഹം കൂടെ നില്‍ക്കുമായിരുന്നു. കല്ലായിയില്‍ ‘പെരുമഴക്കാല’ത്തിന്‍െറ ചിത്രീകരണവേളയില്‍ എല്ലാ ദിവസവും സെറ്റിലത്തെുകയും കൂടെനിന്ന് പിന്തുണക്കുകയും ചെയ്തിരുന്നു ടി.എ. റസാഖെന്ന് നടന്‍ മാമുക്കോയ ഓര്‍ക്കുന്നു.
‘ഉപ്പാപ്പ’ എന്ന പേരില്‍ അടുത്ത ചിത്രം തയാറാക്കുന്നതിന്‍െറ ആലോചനക്കിടെയാണ് ആ വേര്‍പാട്. ഇതിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാന്‍ മാമുക്കോയയോടാവശ്യപ്പെട്ടിരുന്നു. എന്നാല്‍, ‘ഉപ്പാപ്പ’യും കുറെ നല്ല കഥകളും ബാക്കിവെച്ച് അദ്ദേഹം യാത്രയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.