നവീന്‍ നീ എവിടെയാണ്...
text_fieldsഞാനിന്നും നവീന്‍ എന്ന എന്‍െറ സഹപാഠിയെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നോടൊപ്പം സ്കൂളില്‍ പഠിച്ചവരെ കാണുമ്പോഴെല്ലാം ഞാന്‍ ആദ്യം ചോദിക്കുന്നത് നവീനെ കുറിച്ച് എന്തെങ്കിലും അറിയുമോ എന്നാണ്. പക്ഷേ, ഏത് നവീന്‍ എന്നായിരിക്കും അവരുടെ എല്ലാം ചോദ്യം. ശരിയാണ്, അവരുടെ ആരുടെയും ശ്രദ്ധയില്‍ നവീന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്തൊന്നും പെട്ടിരിക്കാന്‍ സാധ്യതയില്ലായിരുന്നു. കാരണം അവന് ഏറ്റവും കുറച്ച് സുഹൃത്തുക്കളായിരുന്നു ഉണ്ടായിരുന്നത്. അതില്‍ ഏറ്റവും വലിയ മിത്രം ഞാനും. എങ്കിലും അവനെയും എന്നെയും കൂടുതല്‍ പരിചയമുള്ള ചില ചങ്ങാതിമാരുണ്ട്. അരുണ്‍, ദീപു, റജിമോന്‍, ഷംനാദ് അങ്ങനെ കുറച്ചുപേര്‍. ഇതില്‍ അരുണ്‍ ഇപ്പോള്‍ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടറാണ്.
ജീവിതത്തിന്‍െറ വിവിധ തുറകളില്‍ കഴിയുന്ന എന്‍െറ സഹപാഠികളെ എല്ലാവരെയും ഒരിക്കലെങ്കിലും എവിടെയെങ്കിലും വെച്ച് ഞാന്‍ കണ്ടിട്ടുണ്ട് എന്നതാണ് സത്യം. പഴയ കൂട്ടുകാരെ കാണുമ്പോള്‍, തമ്മില്‍ തിരിച്ചറിയുമ്പോള്‍ ഞങ്ങള്‍ അതിശയത്തോടെ പരസ്പരം നോക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പഴയ രൂപമായിരിക്കും പിന്നെ ഓര്‍മ വരുക. ഒരാള്‍ എത്ര മുതിര്‍ന്നിരുന്നാലും ഏതൊക്കെ മേഖലയില്‍ എത്തിയിരുന്നാലും അയാളുടെ പഴയ സഹപാഠികളെ കാണുമ്പോള്‍ അയാള്‍ കുട്ടിയായി മാറുക തന്നെ ചെയ്യും. ഏത് ആള്‍ക്കൂട്ടത്തിന്‍െറ നടുവില്‍ നിന്നിരുന്നാലും സ്നേഹവും ആര്‍ദ്രതയും ഹൃദയത്തില്‍ നുരയും. ആ തിരക്കിന്‍െറ നടുവില്‍ നിന്നും എങ്ങോട്ടെങ്കിലും പ്രിയ ചങ്ങാതിയെയും കൊണ്ട് ഊളിയിടും. ചോദിക്കാനും കൈമാറാനും എന്തൊക്കെയോ മനസ്സില്‍ ഉണ്ടാകും. എപ്പോഴോ വീര്‍പ്പുമുട്ടുന്ന മനസ്സും വിടരുന്ന മിഴികളുമായി ഇനിയും കാണാം എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ച് കൈവീശി യാത്ര പറയും. നവീനെ കാണുമ്പോള്‍ അവനോട് ഞാന്‍ ആദ്യം പറയുക എന്തായിരിക്കും. വടിവൊത്ത കോട്ടയം സ്ളാങ്ങില്‍ അവന്‍ പണ്ട് പറഞ്ഞിരുന്ന ആ വാക്കുകള്‍ ആയിരിക്കും..‘സുരാജെ, എന്‍െറ നാട് തിരുവല്ലയാ..’ഒരിക്കല്‍ അവന്‍ അത് പറഞ്ഞപ്പോള്‍ ആ ശൈലി കേട്ട് ഞാന്‍ ഒരുപാട് തവണ ചിരിച്ചു. എന്‍െറ ചിരികേട്ട് അമ്പരപ്പോടെ ഇരുന്ന അവന്‍ വീണ്ടും ആ വാക്കുകള്‍ ആവര്‍ത്തിച്ചു. അപ്പോഴെല്ലാം ഞാന്‍ ചിരിച്ചു. എന്‍െറ ചിരിയുണ്ടാകുമെന്നറിയാമായിരുന്നിട്ടും ഇടക്കിടക്ക് അവന്‍ തന്‍െറ നാട് തിരുവല്ല ആണ് എന്ന് ആവര്‍ത്തിക്കുമായിരുന്നു. അങ്ങനെയാണ് ഞാന്‍ ആ സ്ളാങ്ങില്‍ അവനെ കാണുമ്പോള്‍ ‘സുരാജെ, എന്‍െറ നാട് തിരുവല്ലയാ..’എന്ന് പറഞ്ഞ് കളിയാക്കി തുടങ്ങിയത്. പ്രത്യേക പരിഭവങ്ങളില്ലാതെ അതുകേട്ട് ചെറിയ ചിരിയുമായി അവന്‍ എന്നെ കെട്ടിപ്പിടിക്കും. പിന്നെ കൈകൊണ്ട് ചേര്‍ത്തുപിടിക്കും. നീയെന്‍െറ ഏറ്റവും വലിയ ഫ്രന്‍ഡാണ് എന്ന് പറയും.
എനിക്ക് അത് കേള്‍ക്കുമ്പോള്‍ ഏറെ ആഹ്ളാദമുണ്ടാകും. കാരണം, ഒന്നാം ക്ളാസുമുതല്‍ ആറാം ക്ളാസുവരെയായി ഒരേ ക്ളാസില്‍, ഒരേ ബെഞ്ചില്‍ എന്നോടൊപ്പമിരുന്ന് പഠിക്കുന്ന ക്ളാസിലെ ഏറ്റവും മിടുക്കനായ കുട്ടി. അവന്‍െറ നാവില്‍ നിന്നും ആ വാക്കുകള്‍ വരുമ്പോള്‍ എനിക്ക് സ്വര്‍ഗം കിട്ടിയ പ്രതീതിയാകും. ഞാനൊക്കെ ക്ളാസിലെ ശരാശരി വിദ്യാര്‍ഥിയായിരുന്നു. പക്ഷേ, നവീന് ഞങ്ങളില്‍ നിന്നും കുറേ പ്രത്യേകതകള്‍ ഉണ്ടായിരുന്നു. ഒന്നാമത് അവന്‍െറ അച്ഛന്‍ ബാങ്കില്‍ ഉദ്യോഗസ്ഥന്‍. അടുക്കും ചിട്ടയും മര്യാദയും ഒക്കെ ആവോളം. ക്ളാസില്‍ ആരുമായും തല്ലുകൂടില്ല. വഴക്കിനും പോകില്ല. പത്രാസ് കാണിച്ചുള്ള നടപ്പുമില്ല. എന്‍െറ ഓര്‍മയില്‍ ഞങ്ങളുടെ സ്കൂള്‍ കാലത്ത് ഇന്നത്തെപ്പോലെ ആര്‍ക്കും ബാഗുകളില്ല. എല്ലാവരും പുസ്തകങ്ങളും നോട്ടുബുക്കുകളും കൈകളില്‍ പിടിച്ചുകൊണ്ടാണ് വരുന്നത്. മഴയത്തൊക്കെ നനയാതിരിക്കാന്‍ ചിലര്‍ പ്ളാസ്റ്റിക് കവറില്‍ ഇട്ടുകൊണ്ടുവരും. നവീന്‍ ഒരു അലുമിനിയം ബോക്സുമായാണ് സ്കൂളില്‍ വന്നിരുന്നത്. ആ സമയത്ത് അവനുമാത്രമായിരുന്നു ആ ബോക്സ് ഉണ്ടായിരുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ചില ഗള്‍ഫുകാരുടെ മക്കള്‍ ഇത്തരത്തിലുള്ള അലുമിനിയം ബോക്സുകളില്‍ പുസ്തകങ്ങള്‍ ഇട്ടുകൊണ്ട് വരാന്‍ തുടങ്ങി. നവീന്‍ സ്കൂളിലത്തെിയാല്‍ എന്‍െറ പുസ്തകങ്ങളും വാങ്ങി അവന്‍െറ ബോക്സിനകത്ത് സൂക്ഷിച്ചുവെക്കും. എനിക്ക് ചില സമ്മാനങ്ങളൊക്കെ കൈമാറും. എന്‍െറ കൈയിലുള്ള മാമ്പഴം ഞാന്‍ അവന് കൊടുക്കും. നവീന്‍ പലപ്പോഴും എന്നെ വീട്ടിലേക്ക് നിര്‍ബന്ധിച്ചുകൊണ്ടുപോകും. വെഞ്ഞാറമൂട് ജങ്ഷന് അടുത്തുള്ള ലീലാരവി ആശുപത്രിയുടെയും പഴയ യൂനിയന്‍ കോളജിന്‍െറയും അടുത്തായിരുന്നു അവന്‍ താമസിച്ച വാടക വീട്. വീട്ടിലത്തെിയാല്‍ നവീനിന്‍െറ അമ്മച്ചി എന്നെ സല്‍ക്കരിക്കും. പലഹാരങ്ങളും ചോറുമൊക്കെ നിര്‍ബന്ധിച്ച് കഴിപ്പിച്ചേ വിടൂ.
അമ്മച്ചിയുടെ പേര് ശാന്തമ്മ എന്നാണെന്ന് ഓര്‍മയുണ്ട്. ഒന്ന് തൊട്ട് നാലുവരെ ഞങ്ങള്‍ പഠിച്ച ക്ളാസുകളില്‍ കുട്ടികളെ സ്കൂള്‍ അധികൃതര്‍ തന്നെ സൗകര്യപൂര്‍വം ക്ളാസ് മാറ്റിയിരുത്താറുണ്ട്. ഒരു ഡിവിഷനില്‍ നിന്നും മറ്റൊരു ഡിവിഷനിലേക്ക് ഇങ്ങനെ മാറിയിരിക്കേണ്ടി വന്ന നിരവധി പേരുണ്ട്. എന്നാല്‍, ഞങ്ങള്‍ നാലുവരെ ഒരുമിച്ച് തന്നെയായിരുന്നു. എല്‍.പി സ്കൂളില്‍ നിന്ന് വിടുതല്‍ വാങ്ങി വെഞ്ഞാറമൂട് ഗവ.ഹൈസ്കൂളിലേക്ക് വന്നപ്പോള്‍ ഞങ്ങളുടെ പ്രാര്‍ഥന ഒരേ ക്ളാസില്‍ ആയിരിക്കണേ എന്നായിരുന്നു.
അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. ആറാം ക്ളാസില്‍ സ്കൂള്‍ അടച്ചപ്പോള്‍ നവീനും ഞാനും കൂടുതല്‍ ദൃഢമായ ബന്ധത്തിലേക്ക് എത്തിയിരുന്നു. തിരുവല്ലയെ കുറിച്ച് അഭിമാനത്തോടെ പറയുന്ന ആ ശീലത്തിന് തെല്ലും മാറ്റം സംഭവിച്ചിരുന്നില്ല.
എന്നാല്‍, വെഞ്ഞാറമൂടിനോടുള്ള അവന്‍െറ സ്നേഹത്തിന് കുറവുമില്ലായിരുന്നു. ആറാം ക്ളാസ് പരീക്ഷയും വേനലവധി കാലവും കഴിഞ്ഞപ്പോള്‍ സ്കൂള്‍ തുറക്കുന്ന ദിവസത്തിനായുള്ള കാത്തിരിപ്പ് കൂടിവന്നു. എന്‍െറ പുതിയ ഷര്‍ട്ട് ഇട്ടുകൊണ്ട് നവീന്‍െറ മുന്നില്‍ ചെല്ലണം. അവന്‍െറ പുതിയ ഷര്‍ട്ടിനെ വെല്ലുന്നതായിരിക്കുമോ എന്‍െറ ഷര്‍ട്ട് എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നെങ്കിലും. പിന്നെ അവനെ എന്‍െറ വീട്ടിലേക്ക് ഈ വര്‍ഷത്തിലെ ഏതെങ്കിലും വിശേഷ ദിവസം കൂട്ടിച്ചെല്ലണം. വെഞ്ഞാറമൂടില്‍ നിന്നും രണ്ടര കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നത് കൊണ്ടാണ് ഇത്രയും കാലം ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയാതിരുന്നത്. ഏഴാം ക്ളാസില്‍ സ്കൂള്‍ തുറക്കുന്ന ദിനത്തില്‍ ഞാന്‍ ആഹ്ളാദത്തോടെ ക്ളാസിലെത്തി.
എന്‍െറ സഹപാഠികളുടെ നിറഞ്ഞ വര്‍ത്തമാനത്തിനിടക്ക് ബഹളങ്ങള്‍ക്കിടയില്‍ നീണ്ട മണിമുഴങ്ങി. ക്ളാസ് ടീച്ചര്‍ എത്തി എല്ലാവരെയും പരിചയപ്പെടുമ്പോഴും എന്‍െറ ഉത്കണ്ഠ നവീന്‍ വരാന്‍ താമസിക്കുന്നത് എന്താണെന്നായിരുന്നു. ക്ളാസ് ടീച്ചര്‍ ഹാജര്‍ ബുക്കിലെ പേരുകള്‍ വായിച്ചപ്പോള്‍ ഞാന്‍ തളര്‍ന്നു. അതില്‍ നവീന്‍െറ പേര് ഉണ്ടായിരുന്നില്ല. അന്ന് സ്കൂള്‍ വിട്ടപ്പോള്‍ മഴ നനഞ്ഞുകൊണ്ട് നവീന്‍ താമസിച്ചിരുന്ന വാടക വീട് തേടി ഓടി. പക്ഷേ, അത് അടഞ്ഞുകിടക്കുകയായിരുന്നു. വേദനയോടെ അതിന്‍െറ അരികിലുള്ള മാടക്കടയില്‍ ഞാന്‍ അന്വേഷിച്ചപ്പോള്‍ അവര്‍ അവരുടെ നാട്ടിലേക്ക് പോയി എന്നായിരുന്നു ഉത്തരം. ഇന്നും ഞാന്‍ നവീനെ തിരയുകയാണ്. തിരുവല്ലയില്‍ ഷൂട്ടിങ്ങിന് പോയ സന്ദര്‍ഭങ്ങളില്‍ ഞാന്‍ നവീന്‍ എന്ന പേര് അന്വേഷിക്കാറുണ്ട്. പക്ഷേ, നിരാശയായിരുന്നു ഫലം.
എന്‍െറ പ്രിയ സ്നേഹിതാ..നിനക്കുവേണ്ടി ഈ പഴയ ചങ്ങാതി തിരച്ചില്‍ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.