പൂര്‍ത്തിയാകാത്ത പൂക്കളം
text_fields
ബസിറങ്ങിയപ്പോള്‍ മൂടിക്കെട്ടിയ ആകാശത്തില്‍നിന്ന് മഴപെയ്യാന്‍ വെമ്പിനില്‍ക്കുകയായിരുന്നു. വന്നിറങ്ങിയ ബസ് ശബ്ദത്തോടെ കടന്നുപോയി. ഓട്ടോയില്‍ കയറി പാലത്തിന് മുകളിലൂടെ കടന്നുപോകുമ്പോള്‍ താഴെ ചാലക്കുടി പുഴ മൂകമായൊഴുകുന്നപോലെ തോന്നി. അതേ, മണിയിലൂടെയും അദ്ദേഹത്തിന്‍െറ പാട്ടുകളിലൂടെയും ലക്ഷക്കണക്കിന് മലയാളികളുടെ മനസ്സുകളിലേക്ക് ഒരു നീണ്ട ചിരിയോടെ ഒഴുകിയത്തെിയ ഈ നാടിന് മുകളിലിപ്പോള്‍ മൂടിക്കെട്ടിയ മൗനം. അവരുടെ സ്വന്തം മണി, കലാഭവന്‍ മണി ഇന്നില്ല. ജീവിതം ആഘോഷമാക്കിയ മനുഷ്യനാണ് കലാഭവന്‍ മണി. ജീവിതത്തിന്‍െറ പാതിവഴിയില്‍ വീണ് ആറുമാസം പിന്നിടുമ്പോള്‍ മറ്റൊരോണാഘോഷം ഉമ്മറത്തത്തെി നില്‍ക്കുന്നു. മണിയുമൊത്തുള്ള ഓണം ഓര്‍മകളിലൂടെ സഞ്ചരിക്കുകയാണ് ഭാര്യയും സഹോദരനും നാട്ടുകാരും.
‘മണിച്ചേട്ടന്‍െറ പൂക്കളം’
‘എത്ര തിരക്കുണ്ടേലും ഷൂട്ടിങ് നേരത്തെ തീര്‍ത്ത് ഓണത്തിന് തലേദിവസം രാത്രിയാകുമ്പോള്‍ എനിക്കും മോള്‍ക്കുമുള്ള (വാസന്തി) ഓണക്കോടിയും പൂക്കളമിടാനുള്ള പൂക്കളുമായി മണിച്ചേട്ടന്‍ വീട്ടിലത്തെും. വീട്ടിലത്തെി കുളി കഴിഞ്ഞാല്‍ പിന്നെ സംസാരമാണ്. ഷൂട്ടിങ് സെറ്റിലെ തമാശകളുമൊക്കെയായി സംസാരം നീണ്ടുപോകും. അച്ഛനെപ്പോലെ വിദ്യാഭ്യാസം ഇല്ലാത്തവളാകരുത് മോളെന്ന് എപ്പോഴും പറയും. പിന്നെ പാട്ടുപാടും. സംസാരത്തിനിടക്ക് പൂക്കളത്തിനായുള്ള പൂക്കളെല്ലാം വാസന്തി അരിഞ്ഞുവെക്കും. പിറ്റേദിവസം അതിരാവിലെ മണിച്ചേട്ടന്‍ കൊണ്ടുവന്ന ഓണക്കോടിയുടുത്ത് ഞങ്ങള്‍ കണ്ണമ്പുഴ ക്ഷേത്രത്തില്‍ പോകും. തിരിച്ചത്തെിയതിന് ശേഷം പൂക്കളമിടാന്‍ തുടങ്ങും. വാസന്തിയാണ് പൂക്കളമിടാന്‍ നേതൃത്വം നല്‍കുക. വലിയ പൂക്കളമിടാനാണ് മണിച്ചേട്ടനിഷ്ടം. എല്ലാ വര്‍ഷവും വലിയ പൂക്കളമിട്ടശേഷം കുറച്ചു മാറിനിന്ന് പൂക്കളത്തിന്‍െറ സൗന്ദര്യം നോക്കി മണിച്ചേട്ടന്‍ പുഞ്ചിരിച്ചോണ്ട് നില്‍ക്കും.
പിന്നീട് അടുക്കളയിലേക്ക് കയറും. നോണ്‍വെജ് പാചകം ചെയ്യാനാണ് ചേട്ടന് കൂടുതലിഷ്ടം. പാചകത്തില്‍ നല്ല കൈപുണ്യമാണ് ചേട്ടന്. മണിച്ചേട്ടന്‍െറ മാങ്ങാക്കറി എന്നൊരു സ്പെഷല്‍ ഐറ്റമുണ്ട്. പായസങ്ങളില്‍ പരിപ്പു പായസമാണ് മണിച്ചേട്ടന്‍െറ ഫേവറിറ്റ്. ഭക്ഷണം കഴിച്ചതിന് ശേഷം ചിലപ്പോള്‍ സിനിമക്ക് പോകും. ഇവിടെയുള്ള സുരഭി തിയറ്ററില്‍നിന്നാണ് അധികം സിനിമകളും കണ്ടിട്ടുള്ളത്. മണിച്ചേട്ടന്‍ അഭിനയിച്ച സിനിമകളെല്ലാം ഞങ്ങളെല്ലാവരും ഒരുമിച്ചാണ് കാണാറ്.
ഇങ്ങനെയൊക്കെയാണ് മണിച്ചേട്ടന്‍െറ ഓണാഘോഷം. കഴിഞ്ഞ വര്‍ഷവും ഇതുപോലെ മണിച്ചേട്ടന്‍ ഓണക്കോടിയും പൂക്കളുമായി ഓണത്തിന് തലേദിവസംതന്നെ വന്നു. തമാശ പറഞ്ഞു. ചിരിച്ചു. പാട്ടു പാടി. അമ്പലത്തില്‍പോയി. ശേഷം പൂക്കളമിടാന്‍ തുടങ്ങി. അന്ന് പൂക്കള്‍ കുറച്ച് കുറവായിരുന്നു. തേങ്ങയുടെ ചണ്ടിയില്‍ നിറം കൊടുത്ത് ഉപയോഗിച്ചാണ് ആ കുറവ് പരിഹരിച്ചത്. പക്ഷേ, മണിച്ചേട്ടന് പൂക്കളം അത്രക്ക് ഇഷ്ടപ്പെട്ടില്ല. മാറിനിന്ന് പൂക്കളത്തിന്‍െറ സൗന്ദര്യംനോക്കി ചിരിച്ചുനിന്നത് ഞാന്‍ കണ്ടില്ല. പകരം ഇങ്ങനെ പറഞ്ഞു: ‘അടുത്ത വര്‍ഷം നമുക്ക് വലിയ പൂക്കളമിടണം. വലിയ പൂക്കളമായിരുന്നു മണിച്ചേട്ടന് ഏറെ ഇഷ്ടം.’
o o o
തിരിച്ചുപോരുമ്പോള്‍ മണിയുടെ വീടിനടുത്തുള്ള പ്രായം ചെന്ന ഹൈറുന്നീസ ബീവിയുടെ വാക്കുകള്‍ മനസ്സിലേക്ക് കടന്നുവന്നു. ‘അന്നവന് ഏഴുവയസ്സ് മാത്രമാണ് പ്രായം. ഇത്ത, എന്താണ് കറിയുള്ളതെന്ന് ചോദിച്ച് അവന്‍ വീട്ടില്‍ കയറിവരും. വയറുനിറയെ ഭക്ഷണം കഴിച്ച് മക്കളോടൊപ്പം കളിച്ച് ചിലപ്പോള്‍ ഇവിടെതന്നെ കിടന്നുറങ്ങും. ചിലപ്പോള്‍ പച്ചരിച്ചോറ് മാത്രമാകും അവന്‍െറ വീട്ടില്‍ ഉണ്ടാകുക. ഞങ്ങള്‍ക്കൊരു ഓട്ടോറിക്ഷയുണ്ടായിരുന്നു. ‘മുസ്തഫ സണ്‍സ് ’ എന്നായിരുന്നു അതിന്‍െറ പേര്. വളര്‍ന്ന മണി അത് ഓടിക്കാറുണ്ടായിരുന്നു. അവനതൊരു വരുമാനമാര്‍ഗമായിരുന്നു. അതിനിടയിലാണ് മിമിക്രി കളിക്കാന്‍ അവസരം കിട്ടിയെന്ന് അവന്‍ വന്ന് പറഞ്ഞത്. അങ്ങനെയാണവന്‍െറ വളര്‍ച്ച. വല്യ നടനായപ്പോഴും എന്നെവന്ന് കാണും. കുറച്ച് മുമ്പ് അവന്‍െറ പിറന്നാളാഘോഷം എന്നോട് പറഞ്ഞില്ല. മറന്നു പോയതായിരിക്കും. ഇപ്പോള്‍ യാത്രപറയാതെ വീണ്ടും പോയിരിക്കുന്നു. അതും പറയാന്‍ മറന്നതായിരിക്കും. ബസ് പാലം കടക്കുമ്പോള്‍ താഴെ അപ്പോഴും മൂകമായൊഴുകുകയായിരുന്നു ചാലക്കുടിപ്പുഴ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.