അവൾ ഒരു ദാവണിക്കാരി...
text_fieldsഅങ്ങിനെയൊരു തമിഴ് സിനിമാക്കാലമുണ്ടായിരുന്നു. ആവാരം പൂക്കൾ വിരിഞ്ഞു നിൽന്ന വഴികളിലൂടെ കരിമ്പിൻ പാടങ്ങൾക്കിടയിലെ വള്ളി പോലുള്ള വരമ്പുകളിലൂടെ, തട്ടിച്ചിതറി കുതറി ഒഴുകുന്ന ആറ്റു തീരത്തുള്ള കൽമണ്ഡപങ്ങളിലൂടെ, ഊർക്കാവലർ വാളോങ്ങി നിൽക്കുന്ന ചെമ്മണ്ണു പുരട്ടി തടവിയ ഗ്രാമങ്ങളിലൂടെ, മുത്തുമാരി കുടിയിരിക്കുന്ന ജടപിടിച്ച അരയാൽക്കൂട്ടങ്ങൾക്കരികിലൂടെ, സ്ലോ മോഷനിൽ നീങ്ങുന്ന വെളുത്ത ആട്ടിൻ പറ്റം പോലെ തമിഴ് സിനിമ ഓടിയിരുന്ന കാലം. ഒന്നു തൊടുമ്പോഴേക്കും ഉതിരുന്ന കടലാസു പൂക്കളുടെ ഉദ്യാനങ്ങളിൽ നിന്നും, അരയന്നത്തോണികളിൽ നിന്നും, പ്രചണ്ഡ ബ്രഹ്മാണ്ഡ പാണ്ടിക്കോട്ടകളിൽ നിന്നും, ചുവന്ന പരവതാനിയിലൂടെ കയറി രണ്ടായി പിളരുന്ന ഗോവണി സെറ്റുകളിൽ നിന്നും പടിയിറങ്ങിത്തുടങ്ങിയ തമിഴ് സിനിമ, ഊട്ടിയിലെ കൊടൈയിലെ മധുവിധു ക്കാലങ്ങളും കഴിഞ്ഞ്, നാടൻ പെൺപോൽ ജാഡ പേശുന്ന, പരുവ പ്രായത്തിൽ നാണമൂറുന്ന, ശെയ്തിയുമായി പൂവരശ് പൂക്കുന്ന ചെമ്മൺ വഴികളിലേക്കിറങ്ങിയ കാലം. ‘ഉച്ചി വക്ന്ത്ട് ത്ത് പിച്ചിപ്പൂ വെച്ച കിളി ....’ മണ്ണപ്പം ചുട്ടതു പോലുള്ള മൺകുടിലുകൾക്കു മുന്നിലിരുന്ന്, തേമ്പിയ കാലുകൾ തിരുമ്മി, ചുവന്ന മണ്ണു ചാലിച്ച കണ്ണീരൊഴുക്കുന്ന നായകനെ, ഉരുക്കു കോട്ടകൾ പോലെ ഗർജിക്കുന്ന സിംഹങ്ങളെപ്പോലെ പടക്കപ്പലുകൾ പോലെയുള്ള നായകൻമാരെ പിന്തള്ളി, അരിപ്പൊടി കോലമണിഞ്ഞ മുറ്റത്ത് മഞ്ഞൾ നീരാട്ടി ഇരുത്തിയ കാലം.
മുഖം പൂവെന്ന് നമ്പി തേൻ നുകരാനടുക്കുന്ന പൊൻ വണ്ടിനെക്കുറിച്ച് കാമുകനോട് പരാതിപ്പെടുന്ന തമിഴ് പെണ്മ, കല്ലുവെട്ടുകുഴിയിലെ കൂത്താടിയാടുന്ന കറുത്ത കുടിവെള്ളം മുന്താണിയിൽ അരിച്ചെടുക്കുന്ന യാഥാർത്ഥ്യങ്ങളിലേക്ക് ഇറങ്ങി വന്ന കാലം. മുടന്തിയും വിക്കിയും മൂക്കൊലിപ്പിച്ചും ഉമിനീരൊഴുക്കിയും ഒരു ചപ്പാണി, മൗണ്ട് റോഡിലെ വലിയ കൊടിമരത്തിൽ ഉത്സവക്കൊടിയേറ്റിയ കാലം.
അന്നൊരുവൾ, നീണ്ട് കൊലുന്നനെ ഒരുവൾ, വെള്ള പാവാടയും ജാക്കറ്റും ദാവണിയും ഇട്ട് വെളുത്ത പൊട്ടു കുത്തി, ചുവന്ന പൂക്കൾ നഖം കൂർപ്പിച്ചു നിൽക്കുന്ന മുരുക്കിൻ കൊമ്പിൽ തൂങ്ങിയാടി പാടി : ‘‘ചെന്തൂര പൂവേ ചെന്തൂര പൂവേ ... ജില്ല് ന്റ്ര് കാറ്റേ .... ’’ ഒരു നാടിെൻറ മുഴുവൻ സൗന്ദര്യ സങ്കൽപം കൂടെ പാടി : ‘‘എന്നൈ തേടി സുകം വര്മോ ....’’ ശ്രീദേവി എന്നൊരു ദാവണിക്കാരി.
എെൻറ ചേച്ചിമാരെല്ലാം വെളുത്ത പാവാട ദാവണി ചുറ്റി, വെളുത്ത ‘ആഷ’ പൊട്ട് കുത്തി താളത്തിൽ ദീപാരാധന തൊഴാൻ നടന്നു. സീ ത്രൂ ദാവണി എന്ന ഒരിനം അന്ന് പരുവ പ്രായ പെൺമണികൾക്കിടയിൽ വൈറലായി. പട്ടുപ്പാവാട കഴിഞ്ഞ് സാരിയിലേക്ക് ചാടിക്കയറാൻ ഓങ്ങിയവരൊക്കെ, പാദസരം കാണും വിധം പാവാട പൊക്കിയുടുത്ത് ദാവണി ചുറ്റി നടന്നു. ദാവണി തുമ്പു കറക്കി, വെച്ചുപിന്നിയ നീളൻ മുടിയാട്ടി, മഷിയിട്ട കണ്ണുകൾ ഉരുട്ടി എെൻറ നാട്ടിലെ വല്യ ചേച്ചിമാർ ആരേയോ അനുകരിച്ചു കൊണ്ട് ശിന്നക്കണ്ണൻമാരെ വെല്ലുവിളിച്ചു നടന്നു. ഇളമൈ എന്ന പൂങ്കാറ്റ് ഉടുപ്പിച്ച, തുടകൾ മറയ്ക്കാത്ത കൊച്ചു പാവാട, ദാവണിയുടെ മുറുക്കിക്കുത്തിൽ പറന്നു പോയി. അല്ലെങ്കിലും ഞങ്ങടെ ചിറ്റൂർക്കാവിൽ ‘വെള്ളി’ തൊഴാൻ വരുന്ന, മുടി മെടഞ്ഞ് കനകാംബര മാല ചൂടി, നെഞ്ചത്ത് ഇണയരയന്നങ്ങൾ കൊക്കു ചേർക്കുന്ന ലോക്കറ്റുള്ള സ്വർണമാലയിട്ട് കൂമ്പിയ താമരമൊട്ടു പോലെ വരുന്ന പെൺകൊടികൾക്കെല്ലാം ‘അവളുടെ’ മുഖച്ഛായ ആയിരുന്നല്ലോ ....
മരണം പോലും എത്ര സൗമ്യമായി മൃദുവായി അവരെ തൊട്ടു, അതീവ പ്രണയത്തോടെ ..... പൂമരക്കൊമ്പിൽ പാടിയാടുന്നതിനിടയിൽ കറൻറ പോയി സിനിമ നിലച്ചതു പോലെ .... മധുരമായ മരണം .. മനോഹരവും ....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.