സിമി മോൾ എന്ന ടീച്ചർ സ്റ്റാർ
text_fieldsഅതിവേഗമാണ് ദുബൈ നഗരത്തിെൻറ സ്വഭാവം. സമയത്തിനൊപ്പം ഒാടിയെത്താനുള്ള പാച്ചിലിലാണ് എല്ലാവരും. സമയവുമായി കൊമ്പുകോർത്ത് ജീവിതം പോലും മറന്നുപോയവരുടെ നാട്ടിൽ സിനിമയും അഭിനയവുമൊന്നും അത്ര എളുപ്പമല്ല. എന്നാൽ, അതെല്ലാം മറന്നേക്കൂ എന്നുപറയുകയാണ് രണ്ടു കുട്ടികളുടെ അമ്മയും അധ്യാപികയുമായ സിമി മോൾ റൈജോ. ‘‘ആഗ്രഹവും താൽപര്യവും ഉണ്ടെങ്കിൽ സമയം നമ്മുടെ പിറകെ വരും. അഭിനയവും ടീച്ചിങ്ങും വീട്ടുജോലിയുമെല്ലാം കഴിഞ്ഞാലും എനിക്ക് സമയം ബാക്കിയാണ്’’.
മോഡൽ, ഡാൻസർ, ആങ്കർ, സ്കൂൾ അധ്യാപിക, സൺഡേ സ്കൂൾ അധ്യാപിക, വീട്ടമ്മ... ജീവിതത്തിലും കരിയറിലും വിവിധ റോളുകൾ കൈകാര്യം ചെയ്യുന്ന സിമിമോൾക്കിപ്പോൾ സിനിമാതാരത്തിെൻറ മേലാപ്പുകൂടിയുണ്ട്. ബോബൻ സാമുവേൽ സംവിധാനം ചെയ്ത ‘അൽ മല്ലു’ എന്ന സിനിമയിൽ ശ്രേയ എന്ന കഥാപാത്രമായാണ് സിമിയുടെ അരങ്ങേറ്റം.
ദുബൈ റാഫിൾസ് ഇൻറർനാഷനൽ സ്കൂളിലെ കമ്പ്യൂട്ടർ അധ്യാപികയായ കോട്ടയംകാരി സിനിമയിലേക്കെത്തിയത് യാദൃച്ഛികമായാണ്. ‘മോഡലിങ്ങാണ് സിനിമയിലേക്ക് വഴിതുറന്നത്. സുഗീത് സംവിധാനം ചെയ്ത പർദയുടെ പരസ്യത്തിൽ മോഡലായി അഭിനയിച്ചിരുന്നു. അന്ന് കാമറ കൈകാര്യം ചെയ്ത വിവേക് മേനോനാണ് അൽ മല്ലുവിെൻറയും കാമറാമാൻ. അദ്ദേഹം വഴിയാണ് സിനിമയിലേക്കെത്തിയത്’.

ആദ്യ സിനിമ
‘സിനിമയിലേക്ക് വിളി വന്നപ്പോൾ ടെൻഷനേക്കാളേറെ ത്രില്ലിലായിരുന്നു. ചിത്രത്തിെൻറ 80 ശതമാനവും യു.എ.ഇയിൽ ആയതിനാലാണ് ഒ.കെ പറഞ്ഞത്. അബൂദബിയിലും ഷാർജയിലുമായിരുന്നു ഷൂട്ട്. നമിത പ്രമോദിെൻറ സുഹൃത്തിെൻറ റോളാണ്. പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമാലോകം വിത്യസ്തമാണ്. ഇതുവരെ കേട്ടുമാത്രം പരിചയിച്ചിരുന്ന സിനിമാലോകത്തെ സൗഹൃദ കൂട്ടായ്മകൾ പുതിയ അനുഭവമായിരുന്നു. ദുബൈയിലെ മലയാളി പ്രവാസികൾ കുറെയുണ്ട് ഇൗ സിനിമയിൽ.
അതിനാൽ, ഹോംലി അറ്റ്മോസ്ഫിയറായിരുന്നു ലൊക്കേഷനിൽ. മോശമല്ലാതെ അഭിനയിച്ചു എന്നാണ് കരുതുന്നത്. കുടുംബക്കാർ കൂടെയില്ലാതെയാണ് ആദ്യം സിനിമ കണ്ടത്. രണ്ടാം ദിവസം ഭർത്താവും മക്കളും പള്ളിയിലെ സൗഹൃദവലയത്തിലെ ഇരുപതോളും പേരും ചേർന്നാണ് സിനിമ കാണാൻ പോയത്. ചെറിയ സ്ക്രീനിൽനിന്ന് ബിഗ് സ്ക്രീനിൽ കാണുേമ്പാൾ അതിയായ സന്തോഷമുണ്ട്’.
ടീച്ചിങ്ങും കുടുംബവും സിനിമയും
‘ഭർത്താവ് റൈജോ ജെയിംസും മക്കളായ ആഷിഖയും എയ്ഡനുമാണ് എെൻറ ലോകം. പ്രഥമ പരിഗണന കുടുംബത്തിനാണ്. മക്കളുമായി സെറ്റിലെത്തിയ ദിവസം നമിതയും ചോദിച്ചു, എങ്ങനെയാണ് അഭിനയവും കുടുംബവും ജോലിയും ഒരുമിച്ചുകൊണ്ടുപോകുന്നതെന്ന്. എനിക്ക് അതൊരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. അഡ്ജസ്റ്റ് ചെയ്യാനറിയുന്ന കുട്ടികളാണ് ആഷിഖയും എയ്ഡനും. സെറ്റിലേക്ക് എന്നെ പ്രോത്സാഹിപ്പിച്ച് പറഞ്ഞയക്കുന്നത് അവരാണ്. എയ്ഡൻ ഗ്രേഡ് ഒന്നിലും ആഷിഖ ഗ്രേഡ് ആറിലുമാണ്. എല്ലാത്തിനും പ്രചോദനമായി റൈജോയും ഒപ്പമുണ്ട്. ഞങ്ങൾ നാലുപെൺമക്കളാണ്.

ഒരിക്കൽ ഞങ്ങളുടെ ഒാണച്ചിത്രം പത്രത്തിൽ പ്രസിദ്ധീകരിക്കാൻ കോട്ടയത്തെ മാധ്യമ പ്രവർത്തകർ സമീപിച്ചെങ്കിലും ഡാഡി സമ്മതിച്ചില്ല. അന്ന് വലിയ സങ്കടം തോന്നിയിരുന്നു. ആ സങ്കടങ്ങൾക്കെല്ലാം പരിഹാരമാണ് സിനിമ. ജോലിെയയും കുടുംബത്തെയും ബാധിക്കാത്തരീതിയിൽ സിനിമകൾ കിട്ടിയാൽ ഇനിയും ചെയ്യണമെന്നാണ് ആഗ്രഹം. സ്കൂളിൽ പലർക്കും അറിയില്ല ഞാൻ സിനിമയിൽ അഭിനയിച്ച വിവരം. ബ്രിട്ടീഷ് കരിക്കുലം ആയതിനാൽ ഇന്ത്യൻ അധ്യാപകർ കുറവാണ്. മുമ്പ് പഠിപ്പിച്ചിരുന്ന ഇന്ത്യൻ സ്കൂളിലെ അധ്യാപകർ സിനിമ കണ്ടിട്ട് വിളിച്ചിരുന്നു’.
**********************************************************************
ടീച്ചർ അത്ര ചില്ലറക്കാരിയല്ല. ബെറ്റ് മിഡിലീസ്റ്റ് ഉച്ചകോടിയിൽ പ്രബന്ധം അവതരിപ്പിച്ചും ദുബൈയിലെ വേൾഡ് എജുക്കേഷൻ സമ്മിറ്റിൽ സ്പീക്കറായും തിളങ്ങിയിട്ടുണ്ട്. കേരള സർക്കാറിന്‍റെ പ്രവാസി ഡിവിഡൻറ് പദ്ധതിയുടെ പരസ്യത്തിലെ മുഖ്യ അവതാരകയും സിമിമോളായിരുന്നു. മീഡിയവൺ ഉൾപ്പെടെയുള്ള ചാനലുകളിലും റേഡിയോകളിലും അവതാരകയുടെ റോളിലും സിമിമോൾ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.