അത്ഭുതകാഴ്ചകളുടെ വര്ണലോകം
text_fieldsനിറങ്ങളുടെ സങ്കലനങ്ങൾ, അവതരണത്തിലെ തനിമ എന്നിവയിലൂടെ അത്ഭുതക്കാഴ്ചകളുടെ ലോകമൊരുക്കുകയാണ് ജപ്പാനിൽനിന്നുള്ള ആനിമേഷൻ ചിത്രങ്ങൾ. ആനിമേഷൻ എന്നതിെൻറ ജാപ്പനീസ് ഭാഷ രൂപമായ ‘ആനിെമ’ എന്ന വിഭാഗത്തിലുൾപ്പെടുത്തി അഞ്ച് സിനിമകളാണ് 22ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലുള്ളത്. ക്യോകോ ഡാൻ തെരഞ്ഞെടുത്ത ഇൗ ചിത്രങ്ങളിൽ പ്രണയവും സാഹസികതയും അതിജീവനവുമെല്ലാം നിറഞ്ഞുനിൽക്കുന്നു.
ആനിമേഷൻ സിനിമകളിലൂടെ പ്രശസ്തനായ ഹയോ മിയാസാക്കിയുടെ ‘ദ വിൻഡ് റൈസസ്’ (2013) വിസ്മയിപ്പിക്കുന്ന അവതരണത്തിലൂടെ ശ്രദ്ധേയമായ സിനിമയാണ്. മികച്ച അന്യഭാഷ ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ജപ്പാൻ അക്കാദമി പുരസ്കാരവും നേടിയ ചിത്രം വിമാന രൂപകൽപകൻ ജിറോ ഹൊരികോഷിയുടെ ജീവിതമാണ് പ്രമേയമാക്കിയിരിക്കുന്നത്.
ബോസ്റ്റൺ ഒാൺലൈൻ ഫിലം ക്രിട്ടിക്സ് അസോസിയേഷൻ, സെൻട്രൽ ഒഹിയോ ഫിലം ക്രിട്ടിക്സ് അസോസിയേഷൻ, ന്യൂയോർക്ക് ഫിലം ക്രിട്ടിക്സ് സർക്കിൾ, ടൊറേൻറാ ഫിലിം ക്രിട്ടിക്സ് അസോ. എന്നിവയുടെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പ്രശസ്ത ഇറ്റാലിയൻ വ്യോമയാന ശിൽപി കാപ്രോണിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് വിമാനരൂപകൽപന സ്വപ്നം കണ്ടുവളരുന്ന ജിറോയുടെ ജീവിതത്തിെൻറ കാലാനുഗത വിവരണമാണ് സിനിമ.
ഇസാവോ തകാഹതയുടെ ‘ദ ടെയ്ൽ ഒാഫ് ദ പ്രിൻസസ് കഗൂയ’ (2013) രസാവഹമായ കഥാതന്തുവിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. മുളവെട്ടുകാരൻ ഒകിന കാട്ടിനുള്ളിൽനിന്ന് കിട്ടുന്ന പെൺകുഞ്ഞിനെ കഗൂയ എന്ന് പേരിട്ട് വളർത്തുന്നതും അവളുടെ ഭാഗ്യത്തിലൂടെ സമ്പന്നതയിലേക്ക് കുടുംബം വളരുന്നതുമാണ് ചിത്രം പറയുന്നത്. മൈനിചി ഫിലിം അവാർഡ്സ്, ഏഷ്യ പസഫിക് സ്ക്രീൻ അവാർഡ്, ടൊറേൻറാ ഫിലം ക്രിട്ടിക്സ് അസോ. അവാർഡ്, ബോസ്റ്റൺ സൊസൈറ്റി ഒാഫ് ഫിലിം ക്രിട്ടിക്സ് അവാർഡ്, ലോസ് ആഞ്ജലസ് ഫിലം ക്രിട്ടിക്സ് അസോ. അവാർഡ് എന്നിവ നേടിയിട്ടുണ്ട്.
സുനാവോ കതബുചിയുടെ ‘ഇൻ ദിസ് കോർണർ ഒാഫ് ദ വേൾഡ്’ (2016) ഹിരോഷിമ പീസ് ഫിലിം അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ ചിത്രമാണ്. നാവിക സൈന്യത്താവളത്തിലെ യുവഗുമസ്തനായ ഷുസാക ഹോജോവിനെ വിവാഹംചെയ്ത് ക്യുറെ ഗ്രാമത്തിൽ എത്തുന്ന സുസു എന്ന പെൺകുട്ടിയുടെ കഥയാണിത്. 1945ൽ അമേരിക്കൻ പട്ടാളത്തിെൻറ തീവ്രമായ ബോംബാക്രമണം തകർക്കുന്ന ക്യുറെ ഗ്രാമത്തിൽ ദുരിതപൂർണമായ ജീവിതത്തെ സുസു ധൈര്യപൂർവം നേരിടുന്നതാണ് സിനിമ ദൃശ്യവതകരിക്കുന്നത്. 38ാം യോകോഹാമ ഫിലിം െഫസ്റ്റിവലിലെ മികച്ച സിനിമയായിരുന്നു ‘ഇൻ ദിസ് കോർണർ ഒാഫ് ദ വേൾഡ്’.
കിയിച്ചി ഹാര സംവിധാനം ചെയ്ത ‘മിസ് ഹോകുസായ്’ (2015) ലോകപ്രസിദ്ധ ചിത്രകാരനായ കാത്സുഷിക ഹോകുസായ്യുടെ ജീവിതവും സൃഷ്ടികളും മകൾ ഒായിയുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന സിനിമയാണ്. അന്നെസി ആനിമേഷൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി അവാർഡ്, ഫൻറാസിയ ഫിലിം ഫെസ്റ്റിവലിൽ സതോഷി കോൻ അവാർഡ്, എഷ്യ-പസഫിക് സക്രീൻ അവാർഡ്, ജപ്പാൻ അക്കാദമി എക്സലൻസ് ൈപ്രസ്, മൈനിചി ഫിലിം അവാർഡ്സ് തുടങ്ങിയവ നേടിയിട്ടുണ്ട്.
ഏകാകിയായ ഒരാൺകുട്ടിയുടെയും ശക്തനും സ്വാർഥനുമായ സത്വത്തിെൻറയും ജീവിതം ആക്ഷനും സാഹസികതയും ഇടകലർത്തി പറയുന്ന സിനിമയാണ് മമോരു ഹൊസോഡ സംവിധാനം ചെയ്ത ‘ദ ബോയ് ആൻഡ് ദ ബീസ്റ്റ്’ (2015). ജപ്പാൻ അക്കാദമിയുടെ മിച്ച ആനിമേഷൻ ചിത്രത്തിനുള്ള അവാർഡ് ഇതിന് ലഭിച്ചിട്ടുണ്ട്. ടോകിയോ ആസ്ഥാമായി പ്രവർത്തിക്കുന്ന സ്റ്റുഡിയോ ഗിബ്ലി ആനിമെ സിനിമകളുടെ നിർമാണത്തിലൂടെയാണ് പ്രശസ്തമാകുന്നത്.
ഹയോ മിയാസാക്കി, ഇസാവോ തകാഹത, ടോസിയോ സുസുക്കി, യാസുയോഷി ടോകുമ എന്നിവർ 1985ൽ സ്ഥാപിച്ച സ്റ്റുഡിയോ നിർമിച്ച സിനിമകളൊക്കെ ആനിമെയെ അന്താരാഷ്ട്രതലത്തിൽ ജനപ്രിയമാക്കി.
ജപ്പാനിൽ ഏറ്റവും കൂടുതൽ പ്രസിദ്ധീകരിക്കപ്പെടുന്ന, ആബാലവൃദ്ധം ജനങ്ങൾക്കുമിടയിൽ പ്രചാരത്തിലുള്ള കോമിക് പുസ്തക വിഭാഗമാണ് മാംഗ. സയൻസ് ഫിക്ഷൻ മുതൽ ചരിത്ര വിഷയങ്ങൾ വരെ മാംഗ സൃഷ്ടികളിലുണ്ട്. ആനിമെ രംഗത്ത് പ്രശസ്തരായ പലരും മാംഗ ആർട്ടിസ്റ്റുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.