ഓട്ടോ മുഹമ്മദ്; മേളയുടെ ദുഃഖം
text_fieldsകേരളത്തിന്‍റെ രാജ്യാന്തര ചലച്ചിത്രമേളയുടെ ദുഃഖമായി മാറുകയാണ് നരിക്കുനിക്കാരൻ ഓട്ടോ ഡ്രൈവറായ മുഹമ്മദ്. കേരളത്തിൽ നടന്ന 22 ഫെസ്റ്റിവലുകളിൽ ഇരുപതെണ്ണത്തിലും പ്രതിനിധിയായി പങ്കെടുത്ത വ്യക്തിയായിരുന്നു മുഹമ്മദ്. എല്ലാ കൊല്ലവും ശബരിമലയിലേക്ക് പോകുവാൻ ഭക്തർ മാലയിടുന്നതു പോലെ ഒക്ടോബർ, നവംബർ മാസമാകുമ്പോൾ ഐ.എഫ്.എഫ്.കെയിലേക്ക് പോകാൻ മുഹമ്മദും മാലയിടും.
എന്നാൽ, ഈ പ്രാവശ്യം മുഹമ്മദിന് പാസ് കിട്ടിയില്ല, കാരണം കേരളത്തിലെ സർക്കാരിന്‍റെ ഡിജിറ്റൽ ഇന്ത്യയോടുള്ള പ്രേമം അമിതമായതോടെ വിവര സാങ്കേതികവിദ്യാ വിസ്ഫോടനത്തിൽ ഈ പാവം ഓട്ടോ തൊഴിലാളി തള്ളപ്പെട്ടു. ഐ.എഫ്.എഫ്.കെയിൽ രജിസ്റ്റർ ചെയ്യുവാൻ ദിവസങ്ങൾ കുത്തിയിരുന്നിട്ടും ഇയാൾക്ക് സാധിച്ചില്ല.
എന്നാൽ, ഒരു ഓട്ടോക്കാരൻ തള്ളപ്പെട്ടതിനപ്പുറമാണ് ഈ തിരസ്ക്കാരമെന്ന് മുഹമ്മദിനെ അടുത്തറിയുന്നവർക്കറിയാം. മാധ്യമ പ്രവർത്തകരും സിനിമാ പ്രവർത്തകരും അടക്കമുള്ളവർക്ക് പലപ്പോഴും വഴികാട്ടിയാണ് ഈ സാധാരണക്കാരൻ. ഈ സിനിമ നന്നാകുമെന്ന് മുഹമ്മദ് പറഞ്ഞാൽ പിന്നെ അതിൽ മറ്റൊരു അഭിപ്രായത്തിന്‍റെ ആവശ്യമേയില്ല.
തൃശൂർ വിബ്ജിയോർ അടക്കം മലബാറിൽ എവിടെ ഫെസ്റ്റിവലുണ്ടോ, അവിടെയെല്ലാം ആദ്യത്തെ പ്രതിനിധികളിൽ ഒരാൾ മുഹമ്മദായിരുന്നു. സിനിമയെക്കുറിച്ച് പ്രത്യേകിച്ച് ലോക സിനിമയെക്കുറിച്ച് മുഹമ്മദിനെ അപേക്ഷിച്ച് തുലോം പരിജ്ഞാനമുള്ളവർ പ്രതിനിധികളായപ്പോൾ, അർഹതപ്പെട്ട ഒരാൾ പുറത്തിരിക്കുകയാണ്.
22 കൊല്ലത്തെ ചരിത്രമെടുക്കുമ്പോൾ ഈ പ്രാവശ്യമാണ് ഡെലിഗേറ്റ് രജിസ്ട്രേഷനിൽ ഇത്രത്തോളം വ്യാപക പരാതി വന്നിരിക്കുന്നത്. ഇതിനെപ്പറ്റി ചോദിക്കുമ്പോൾ ആർക്കും വ്യക്തമായ മറുപടിയില്ല. എല്ലാവരും സാങ്കേതികത്വത്തെ കുറ്റം പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്.
മേള രണ്ടു ദിനം പിന്നീടുമ്പോഴും ഇതുതന്നെയാണ് കാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.