'പൊലീസിനെ വട്ടം കറക്കിയ കള്ളന്‍റെ കഥക്ക്' ദേശീയ അവാർഡ്; ആഹ്ലാദത്തിൽ ഷേണി ഗ്രാമവും
text_fieldsകാഞ്ഞങ്ങാട് 'പൊലീസിനെ വട്ടം കറക്കിയ കള്ളന്‍റെ കഥയായ തൊണ്ടിമുതലും ദൃക്സാക്ഷിക്കും ദേശീയ അവാർഡ് കിട്ടിയത്തിന്റെ ആഹ്ലാദത്തിമിർപ്പിലാണ് ഷേണി ഗ്രാമം. ഇൗ ഗ്രാമത്തിലെ പൊലീസ് സ്റ്റേഷന് ചുറ്റിപറ്റിയ കഥയാണ് ഇൗ സിനിമ. ദിലീഷ് പോത്തന്‍റെ സംവിധാനത്തിലൊരുങ്ങിയ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച മലയാള ചിത്രമായും ഫഹദ് ഫാസിൽ മികച്ച സഹനടനായും സജീവ് പാഴൂർ തിരക്കഥക്കുള്ള പുരസ്കാരവും നേടി.
പൊലീസുകാരുടെയും കള്ളന്‍റെയും കളവിനിരയായവരുടെയും ജീവിതത്തിന്‍റെ ധര്‍മ്മസങ്കടങ്ങളാണ് ദിലീഷ് പോത്തന്‍ കാസര്‍ക്കോടിന്‍റെ മണ്ണില്‍ ഏറ്റവും സരസമായി ‘തൊണ്ടിമുതലും ദൃക്‌സാക്ഷി’യിലൂടെ ദൃശ്യവത്കരിച്ചത്. പ്രേക്ഷകര്‍ അതില്‍ ഏറ്റവും നെഞ്ചേറ്റിയ ഒരാളാണ് ചിത്രത്തിലെ ഷേണി പൊലീസ് സ്റ്റേഷനിലെ എസ്.ഐ. ആയി അഭിനയിച്ച സിബി തോമസ്. ഇദ്ദേഹം ആദൂർ മുൻ സി.െഎ.യാണ്. സിനിമക്ക് ദേശീയ അവാർഡ് ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഇത് പ്രതീക്ഷിച്ചതാണെന്നും കാസർകോട് കോസ്റ്റൽ പൊലീസ് സി.െഎ. സിബി തോമസ് മാധ്യമത്തോട് പറഞ്ഞു.
സിബി തോമസിന് പുറമേ തുക്കരിപ്പൂർ കോസ്റ്റൽ പൊലീസിലെ ബാബുദാസ് കോടോത്ത്, എ.ആർ. ക്യാമ്പിലെ സജിത്ത് സി. പടന്ന, അശോകൻ കള്ളാർ എന്നിവർ കൂടി സിനിമയിൽ പൊലീസുകാരായി വേഷമിട്ടിരുന്നു. വനിത പൊലീസുകാരായി വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ ഷീബ, രാജപുരം പൊലീസ് സ്റ്റേഷനിലെ സരള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ ശരാവതി എന്നിവരും അഭിനയിച്ചു.
സിനിമക്കായി അണിയറ പ്രവർത്തകർ എത്തിയത് മുതൽ വളരെ നല്ല സഹകരണത്തോടെയായിരുന്നു ഷേണിയിലുള്ള നാട്ടുകാർ അവരോട് സഹകരിച്ചിരുന്നത്. സാധാരണ സിനിമ അണിയറ പ്രവർത്തകർ ജില്ലയിലേക്കുള്ള വരവ് കുറവായത് കൊണ്ട് തന്നെ വളരെ താൽപര്യത്തോട് കൂടിയായിരുന്നു അണിയറ പ്രവർത്തകരെ വരവേറ്റിരുന്നത്. സിനിമയുടെ ചിത്രീകരണത്തിനു വേണ്ടി ഷേണിക്കടുത്ത മണിയംപാറയിലാണ് 25 ലക്ഷം രൂപ ചെലവിൽ പൊലീസ് സ്റ്റേഷൻ നിർമ്മിച്ചത്.
പൊലീസ് സ്റ്റേഷൻ നിർമ്മിക്കുന്നതിന് വേണ്ടിയുള്ള എല്ലാ സഹായവും ഒരുക്കിയത് ഷേണിയിലുള്ള നാട്ടുകാരായിരുന്നു. നാട്ടുകാരുടെ പൂർണമായ സഹകരണത്തോടെ ഒരുമാസം കൊണ്ടാണ് ഇരുനില കെട്ടിടം പണി പൂർത്തീകരിക്കാനായത്. ഇതിൽ നാട്ടുകാരെ സിനിമയുടെ അണിയറ പ്രവർത്തകർ അനുമോദിക്കുകയും ചെയ്തിരുന്നു. ഷൂട്ടിങ്ങിനു വേണ്ടിയൊരുക്കിയ ഇരുനില പൊലീസ് സ്റ്റേഷൻ നാടിന്റെ പിന്നാക്കാവസ്ഥ പരിഗണിച്ച് എൻമകജെ പഞ്ചായത്തിന്റെ മണിയംപാറയിലെ ലൈബ്രറിക്ക് കൊടുക്കാനുള്ള ഒരുക്കത്തിലാണ്. നാട്ടിൽ ചിത്രീകരിച്ച സിനിമക്ക് അവാർഡ് കിട്ടിയ വാർത്ത പടക്കം പൊട്ടിച്ചാണ് ഷേണിയിലെ നാട്ടുകാർ ആഘോഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.