Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightപക്ഷേ, മാധവിക്കുട്ടി...

പക്ഷേ, മാധവിക്കുട്ടി ഒരു ലളിതഗാനമല്ല, പടപ്പാട്ടാണ്​..

text_fields
bookmark_border
Aami
cancel

‘എ​​​​െൻറ കഥ’ എന്ന മാധവിക്കുട്ടിയുടെ പ്രശസ്തമായ കൃതിയെ കുറിച്ച് കെ.പി അപ്പൻ പറഞ്ഞുവെച്ചത് ഈ കൃതി ഒരേ സമയം ആത്മകഥയും സ്വപ്ന സാഹിത്യവുമാണ് എന്നാണ്. ഒരുപക്ഷേ ആമി /മാധവിക്കുട്ടി / കമലദാസ് / കമല സുരയ്യ എന്നീ വ്യത്യസ്ത മുഖങ്ങളിൽ അടയാളപ്പെടുന്ന, മലയാളം കണ്ട എഴുത്താളിൽ ഏറ്റവും ആദരവ് അർഹിക്കുന്ന, കവിതയെഴുത്തിൽ അന്താരാഷ്ട്ര പ്രശസ്തയായ  ഈ നാലപ്പാട്ടുകാരിയുടെ ജീവിതത്തെ കൂടി കെ.പി അപ്പ​​​​െൻറ വാചകം കൊണ്ട് സാധൂകരിക്കാം.

 ജീവിതം സ്വപ്നമിശ്രിത പാനീയമാക്കിയ മനുഷ്യത്തി !
എന്നാൽ ഈ ജീവിതം ജീവിക്കുമ്പോൾ മാധവിക്കുട്ടി സ്വയം മുറിയുന്നുണ്ട്. ആ ചോരയുടെ സത്യമാണ് അവരുടെ കൃതികളുടെ / ജീവിതത്തിന്റെ സത്ത. അതുകൊണ്ടാണ് ഏത് സാധാരണ മനുഷ്യനും ഏതു പ്രായത്തിലും ആ വാക്കുകളിലെ പൊള്ളലേൽക്കുന്നത്​. 

Aami-23

എളിയ വായനക്കാരിയെന്ന നിലയിൽ ‘ആമി’ എന്ന സിനിമ കാണാനിരിക്കുമ്പോൾ, അതിൽ ആമിയില്ലലോ എന്ന് വേദനിക്കുന്നത് ഈ വ്രണിത ഹൃദയത്തി​​​​െൻറ ആഴം രേഖപ്പെടുത്താത്തത് കൊണ്ട് തന്നെയാണ്. കപടത്വമോ, കൃത്രിമത്വമോ ഇല്ലാത്ത, ജൈവികമായ തെളിമ  ഭാഷയിൽ ജീവിതാന്തംവരെ സൂക്ഷിച്ച മാധവിക്കുട്ടിയുടെ വാക്കി​​​​െൻറ ഊക്ക് പൾപ് ഫിക്ഷൻ സാഹിത്യത്തി​േൻറതല്ല.  വാക്ക് ലളിതമെങ്കിലും അതി​​​​െൻറ മുഴക്കം ഹൃദയത്തി​​​​െൻറ അഗാധതകളിൽ തുടർന്നു കൊണ്ടേയിരിക്കും. ജനപ്രിയ സിനിമ / നോവൽ കാലങ്ങളായി പിന്തുടരുന്ന  തൊലിപ്പുറ സ്പർശനമായി ആമിയുടെ ചലച്ചിത്രാവിഷ്കാരം എന്ന നിരാശ  തീർച്ചയായും പ്രകടമാക്കേണ്ടി വരും.

സംവിധായകൻ കമലിന് അദ്ദേഹത്തിന് ഇഷ്ടമുള്ള ഏത് സിനിമയും എടുക്കാനുള്ള അവകാശമുണ്ട്. മുപ്പതു വർഷത്തിലേറെയായി സംവിധായകനായി രംഗത്തുള്ള ഒരാൾ, മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കാൻ ഇറങ്ങുമ്പോൾ എടുക്കുന്ന റിസ്കിനെ കണ്ടില്ലെന്നു നടിക്കുന്നില്ല. വളരെ ശ്രമകരമാണത്. പക്ഷേ, അത് കാലത്തോടുള്ള ഉത്തരവാദിത്തം കൂടിയാണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ പിടിതരാത്ത,  അപ്പഴപ്പോഴുള്ള വിശുദ്ധ വെളിപാടുകൾക്കനുസരിച്ച് സ്വന്തം നിലപാടുകൾ പ്രഖ്യാപിച്ചിരുന്ന എഴുത്തുകാരിയെ സിനിമയുടെ ‘ചട്ട’ത്തിൽ എങ്ങനെ ആവിഷ്കരിക്കുന്നു എന്നറിയാനുള്ള ആകാംക്ഷ എന്നെപ്പോലെ സാധാരണക്കാരായ, തിയറ്ററിൽ ക്യൂ നിന്ന് ടിക്കറ്റെടുത്ത് സിനിമ കാണുന്ന നിരവധി മനുഷ്യർക്ക് ഉണ്ടായിരിക്കണം.

Aami25

പകുതി കഴിഞ്ഞപ്പോൾ ഉറക്കത്തിലേക്ക് വഴുതിയ ഒരു കാണിയേയും, ഇടക്ക് ചാഞ്ഞും ചെരിഞ്ഞും സമയം നോക്കിയും ഇരുന്നു തീർക്കാൻ കഷ്ടപ്പെടുന്ന മറ്റൊരു സ്ത്രീയേയും, ‘ഇതെന്താ പ്രഛന്നവേഷമത്സരാ..’ എന്ന് പറഞ്ഞ് മുണ്ടും മടക്കി കുത്തി ഇറങ്ങി പോയ മനുഷ്യനും ഒക്കെ കാണിക്കുന്ന പ്രതികരണങ്ങൾ, അത് ബുദ്ധി ജീവി നാട്യമോ, എഫ്​.ബി പ്രതികരണ തൊഴിലാളിയുടേതോ ആവണമെന്നില്ല; പക്ഷേ പ്രസക്തമാണ്.

കമലിന്റെ സിനിമ ആമിയാണിത്, അത് കണ്ടിട്ട് പോയ്ക്കോളൂ എന്ന രീതിയിൽ തിട്ടൂരമിറക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂ   മലയാളത്തിൽ ഒരു മാധവിക്കുട്ടിയേ ഉള്ളൂ. ഏത് കാലത്തും മലയാള ഭാഷയിൽ സജീവമായി ജീവിക്കുന്ന എഴുത്തുകാരി.
പ്രണയത്തിൽ മത ഗൂഢാലോചനയുടെ നിറം ആരോപിക്കുന്ന ഈ കാലത്ത്, സദാചാര ഭ്രംശനങ്ങളാരോപിച്ച് സ്നേഹിക്കുന്ന മനുഷ്യരെ വിറളി പൂണ്ടു തല്ലാനും കൊല്ലാനും നടക്കുന്ന സംഘടനകളുടെ ഈ കാലത്ത്, മാധവിക്കുട്ടിയുടെ ജീവിതത്തിൽ വലിയ രാഷ്ട്രീയ പ്രസ്താവനയുണ്ട്. അത് എത്രകണ്ട് സിനിമ എന്ന നിലയിൽ സാധ്യമായി എന്ന് നോക്കുമ്പോഴാണ്, അങ്ങിങ്ങ് ചില നിമിഷങ്ങളുടെ മിഴിവുണ്ട് എന്നതൊഴിച്ചാൽ പാഴായ ശ്രമമായി ആമി മാറുന്നത്.

aami-kamal

ജനപ്രിയ / വാണിജ്യ സിനിമ ചെയ്യുന്നു എന്നത് കൊണ്ട് കമലിന് ‘ആമി’ ചെയ്യാനാവില്ല എന്ന മുൻ വിധി ഇല്ല. പക്ഷേ, അദ്ദേഹം ഇതുവരെ തുടർന്നു വന്ന കമേഴ്സ്യൽ കോംപ്രമൈസുകൾ അതുപോലെ ആമിയിലും തുടരുന്നു . സിനിമ ജനപ്രിയമാക്കുന്നതിന് ഒത്തുതീർപ്പുകൾക്ക് വഴങ്ങുന്ന സംവിധായകനെ ഈ ചിത്രത്തിൽ വ്യക്തമായി കാണാം. ഈ ഒത്തുതീർപ്പുകൾ മാധവിക്കുട്ടിയുടെ ജീവിതത്തോടാണ് എന്നതിലാണ് കടുത്ത വിയോജിപ്പ്.

സിനിമയുടെ ഭാഷയ്ക്ക് പിടി തരാത്ത, കാണിച്ചു തരാൻ ദുഷ്കരമായ ആന്തരക്ഷോഭങ്ങൾ മാധവിക്കുട്ടിയിൽ ഉണ്ടായിരുന്നു.
അത് പുതുമയുള്ള ദൃശ്യ ഭാഷയിലൂടെ  ആവിഷ്ക്കരിക്കാനുള്ള ഒരു ശ്രമവും / പരീക്ഷണാത്മകതയും കമൽ എന്ന ഇത്രയും പരിചയസമ്പന്നനായ, മാധ്യമ ബോധമുള്ള സംവിധായകനിൽ നിന്നുണ്ടായില്ല.

തുടക്കം മുതൽ ഒടുക്കം വരെ വൈകാരികതയുടെ ചരടിൽ കോർത്തിണക്കിയ തിരക്കഥയാണ് കമൽ ഒരുക്കിയത്.
കമൽ എന്ന സംവിധായകനേക്കാൾ  ഒരു പക്ഷേ ആമിയിൽ ഒരുപടി മുന്നിൽ നില്ക്കുന്നത് അദ്ദേഹത്തിലെ തിരക്കഥാകൃത്താണ്.

1970 കളുടെ തുടക്കത്തിൽ  മരണത്തെ അഭിമുഖീകരിച്ച് ആശുപത്രിയിൽ കിടക്കേണ്ടി വന്നപ്പോഴാണ് ജീവിതത്തിന്റെ തിരനോട്ടം പോലെ ‘എന്റെ കഥ’ മാധവിക്കുട്ടി എഴുതുന്നത്.
കമൽ സിനിമ തുടങ്ങുന്നത് ‘ഒരു കുരുവിയുടെ ദുരന്തം’  എന്ന ‘എന്റെ കഥ’യിലെ ആദ്യ വരികൾ  ദൃശ്യവത്​കരിച്ചുകൊണ്ടാണ്​. 
ആ വാക്കുകളുടെ ദൃശ്യാനുകൽപനം മനസ്സിലേൽക്കാതെ പോയി. ആമിയുടെ ജീവിതത്തിലേക്ക് കടക്കാനുള്ള പ്രവേശിക എന്ന നിലയിൽ നന്നാവാമായിരുന്ന  തുടക്കം ഹൃദയത്തെ തൊടാതെ മുഴച്ചു നിന്നു. 

ഈ സിനിമ ഫിക്ഷൻ ആണെന്നും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ വ്യക്തികളുമായുള്ള സാദൃശ്യം യാദൃച്ഛികമാണെന്ന മുൻകൂർ ജാമ്യം പതിവുപോലെ ഈ ചിത്രത്തിലും ഉണ്ട്!

ആമിയുടെ കുട്ടിക്കാലം തൊട്ടുള്ള ഓർമകൾ, കൗമാരം, യൗവനം, വാർധക്യം, മരണം എന്നിങ്ങനെയുള്ള ഘട്ടങ്ങൾ കോർത്തിണക്കി മൂന്നു മണിക്കൂറിനകത്ത് പറഞ്ഞു തീർക്കുക എന്ന തിരക്കഥാ കൗശലം കൊള്ളാം. എന്റെ കഥയെയും മാധവിക്കുട്ടിയുടെ മറ്റു കഥാ/കവിത/ ജീവിത സന്ദർഭങ്ങളേയും ഒഴുക്കോടെ, രസച്ചരടു മുറിയാതെ കൂട്ടിച്ചേർത്തു വെച്ചിരിക്കുന്നു. പക്ഷേ ഈ ഏകീകരണം
പ്രണയാതുരയായ കാൽപനികമായ വൈകാരികതയിലൂന്നിയുള്ളതാണ്. അതാണ് ആമി എന്ന സിനിമയുടെ ഏറ്റവും വലിയ പരാധീനത.
ടെലിവിഷൻ സീരിയലുകളുടെ അതിവൈകാരികതയുടെ നിഴൽ ഈ ചിത്രത്തിൽ ഉടനീളമുണ്ട്.

കുട്ടിക്കാലം മുതൽ സ്വതന്ത്രമായ ചിന്താഗതിക്ക് ഏറെ ഇടമുള്ള നാലപ്പാട്ട് കുടുംബത്തിലെ അന്തരീക്ഷമാണ്  കുഞ്ഞു കമലയിലൂടെ കമൽ ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്. കുഞ്ഞു കമലയുടെ തിരഞ്ഞെടുപ്പിൽ, അഭിനയത്തിൽ വിശ്വസനീയതയുണ്ട്.

നീർമാതളമൊഴിച്ചുള്ള, അതൊരു സ്വപ്ന വൃക്ഷമാണ് ചിത്രത്തിൽ, നാലപ്പാട്ട് തറവാട്ടിന്റെ പ്രകൃതിയുടെ ഭൂമിക ചിത്രത്തിൽ നിന്ന് പുറത്താക്കപ്പെട്ടിരിക്കുന്നു. പശ്ചാത്തല ശബ്ദങ്ങളായി പോലും ആ സസ്യജാലങ്ങളുടെ നൈസർഗികത ഈ ചിത്രത്തിൽ കടന്നു വരുന്നില്ല. പോട്ടെ, മനുഷ്യമനസ്സിലേക്കുള്ള നോട്ടമായി, ക്ലോസ അപ് ഷോട്ടുകൾ, മിഡ് ഷോട്ടുകൾ ധാരാളമായി ഉപയോഗിച്ച ഒരു സിനിമയിൽ അത്തരം വിശദാംശങ്ങളിലേക്ക് പോകാതിരിക്കാനുള്ള സംവിധായകന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു.
ചിത്രത്തിൽ ഉടനീളം അകത്തള ദൃശ്യങ്ങൾക്കാണ് പ്രാധാന്യം.

സ്ത്രീയുടെ ആന്തര ലോകത്തെ പകർത്താൻ ഉദ്ദേശിച്ചുള്ള സിനിമയുടെ വിഷ്വൽ സ്പേസ് അത്രയും മതി എന്ന് സംവിധായകൻ തീരുമാനിച്ചതാകാം. 
ആമിയുടെ മുതിർച്ച, ചിത്രകലാ അധ്യാപക നോടുള്ള കൗതുകം,പതിനഞ്ചാം വയസ്സിലെ വിവാഹം തുടങ്ങിയവ പാട്ടും നൊസ്റ്റാൾജിയയും ആവശ്യത്തിന് ചേർത്ത് പറഞ്ഞു പോകുന്നത് മുഷിവില്ലാതെ കണ്ടിരിക്കാനായിരിക്കും. കൗമാരക്കാരിയായ കമലയെ   ആ പെൺകുട്ടി മോശമാക്കിയിട്ടില്ല.

ജീവിതകാലം  മുഴുവൻ ആമി ഉള്ളിൽ തേടുന്ന  ‘കൃഷ്ണനെ’ ടൊവിനോയേപ്പോലെ അറിയപ്പെടുന്ന നടനെ വച്ച് ഉറപ്പിച്ചെടുക്കുന്നു സംവിധായകൻ. രാധാകൃഷ്ണ പ്രണയ സങ്കല്പത്തിന്റെ അന്തർധ്വനികളുള്ള സംഭാഷണങ്ങൾ, സാധാരണ സിനിമകളിൽ രൂപഭംഗിയും ചേർച്ചയുള്ള നടി നടന്മാർ സൃഷ്ടിക്കുന്ന ‘സോ കോൾഡ് ഓൺ സ്ക്രീൻ കെമിസട്രി’യുടെ  കൃതിമത്വം ഇടയ്ക്ക് കയറി വരുന്നുണ്ടെങ്കിലും ടൊവിനോയുടെ വാക്കിൽ, നോക്കിൽ ചിലയിടങ്ങളിലെങ്കിലും പ്രണയത്തിന്റെ ആകർഷണീയത തൊട്ടു. പക്ഷേ ആത്മീയ/ ദിവ്യമായ പ്രണയമാണ് ആമി തന്റെ  ജീവിതത്തിലേക്ക് കടന്നു വന്ന എല്ലാ പുരുഷന്മാരിലുമന്വേഷിച്ചത്  എന്ന് അസന്ദിഗ്ധമായി പറയാനുള്ള ശ്രമമായി വേണം ചിത്രത്തിന്റെ ആഖ്യാനം പ്രധാനമായും ഈ പ്രേമരംഗങ്ങൾക്ക് ചുറ്റും തളച്ചിടുന്നത് വായിച്ചെടുക്കാൻ.  മാത്രവുമല്ല പ്രണയം / രതി /ബന്ധങ്ങൾ തുടങ്ങിയവയിൽ ആമി പുലർത്തിയ ആർജവം /ധൈര്യം എന്നിവയെ ജനപ്രിയ സിനിമാ പ്രേക്ഷകർക്ക് അലോസരമുണ്ടാക്കുമോ എന്ന ഭയത്തിൽ, അൽപാൽപമായി നൽകുന്ന മയക്കുമരുന്നായി മാറുന്നുണ്ട് ഈ കഥാപാത്രസൃഷ്ടി!

പ്രണയത്തെ മതാത്മകമാക്കി മാറ്റാതിരിക്കാൻ ടിപ്പിക്കൽ മലയാളി വേഷത്തിലാണ് കമൽ ഈ കൃഷ്ണനെ സങ്കല്പിച്ചിരിക്കുന്നത്. ‘സ്ത്രീക്ക് തന്റെ പുരുഷൻ ഈശ്വരനാണ്, ശ്രീകൃഷ്ണനാണ്. അയാളിലുള്ള ശ്രീകൃഷ്ണനെയാണ് അവൾ സ്നേഹിക്കുന്നത്. രണ്ടാമത് വിവാഹം ചെയ്താലും ആ ഭർത്താവിൽ അന്തർലീനനായി വസിക്കുന്ന ഭഗവാനെ മാത്രമാണ് അവൾ സ്നേഹിക്കുന്നത്. നാനാവിധ രൂപങ്ങളും പലവിധ നാമങ്ങളും നമ്മിൽ അമ്പരപ്പുളവാക്കുന്നു. അതെല്ലാം മിഥ്യയാണ്. പരിപൂർണ സ്നേഹം കൊണ്ടും സ്നേഹത്തിനു വേണ്ടിയുള്ള ബലിയർപ്പിക്കൽ കൊണ്ടും ഒരിക്കലും പാതിവ്രത്യഭംഗം സംഭവിക്കയില്ല. സ്നേഹം തപസ്സാണ്. തപസ്സിന്റെ അന്ത്യമായ സായൂജ്യവും അതു തന്നെ’  (എ​​​​െൻറ കഥ ^ - ശ്രീ കൃഷ്​ണൻ സ്ത്രീയുടെ പുരുഷൻ) മാധവിക്കുട്ടിയുടെ ജീവിതം പറയുമ്പോൾ അതിൽ എവിടെയോ ആധികാരികത / സ്വാഭാവികത പ്രതീക്ഷിക്കുവാനുള്ള അവകാശം പ്രേക്ഷകനുണ്ട്. അതല്ല  ‘ആമി’ തികച്ചും സ്വതന്ത്രമായ സിനിമാ കഥാപാത്രമാണെന്ന് വെക്കുക. പൊള്ളയായ, ഒട്ടും ബോധ്യപ്പെടാത്ത ഒഴുകി നടക്കുന്ന ജഡരൂപം മാത്രമാണത്.

AAMI

പ്രണയത്താൽ തരളിതഗാത്രിയായ മാധവിക്കുട്ടിയെയല്ല മലയാളികൾ മനസ്സിൽ കൊണ്ടു നടക്കുന്നത്. അത് ഒരു ഭാവം മാത്രം. റൂമിയുടെ വാക്കുകൾ കടമെടുത്താൽ, ജീവിതകാലം മുഴുവൻ  സർഗാത്മക ചോദനകളിൽ മുഴുകി മുറിഞ്ഞ്, ആ മുറിവുകളിലൂടെ വെളിച്ചം പ്രസരിക്കാനനുവദിച്ച അനുപമയായ  സ്ത്രീയാണ് മാധവിക്കുട്ടി. പതിനഞ്ചാം വയസ്സിൽ വിവാഹിതയായ ആമിയുടെ പിന്നീടുള്ള ജീവിതമാണ്  യഥാർത്ഥത്തിൽ കമലിലെ സംവിധായകന് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്നത്.
ആഴത്തിൽ മനസ്സിൽ / ശരീരത്തിൽ പതിഞ്ഞ മുറിവുകളോരോന്നും മറയ്ക്കാൻ / മറക്കാൻ കാൽപനികമായ ലോകം ഉളളിൽ പണിതിട്ടുണ്ടാവാം ആമി.

എഴുത്തിൽ മുഴുവൻ പല വിധ മനുഷ്യരെ സ്ത്രീകളെ സഹാതാപാർദ്രതയോടെ നോക്കി കാണുന്ന മാധവിക്കുട്ടിയെ കാണാം. എന്നാൽ, കുട്ടിക്കാലം മുഴുവൻ താനനുഭവിക്കുന്ന ഏകാന്തതയെ കുറിച്ച് മാധവിക്കുട്ടി പറയുന്ന വാചകം അതേപടി ആവർത്തിക്കുന്നതല്ലാതെ ദൃശ്യപരമായി അത് കാണിച്ചു തരാനോ അനുഭവിപ്പിക്കാനോ കമലിലെ സംവിധായകൻ ശ്രമിക്കുന്നില്ല. വിവാഹത്തിന്റെ ആദ്യരാത്രിയിൽ ആമി നേരിടുന്ന ബലാൽസംഗം, അതിന്റെ ഞെട്ടൽ, അതുണ്ടാക്കിയ ആഴത്തിലുള്ള മുറിവ്, പിൽക്കാല ജീവിതം മുഴുവൻ ആമിയെ ഉഴുതു മറിച്ച ആ നോവ്, ആവിഷ്കരിക്കാൻ നൂറ്റൊന്നാവർത്തിച്ച ഷോട്ടുകൾ ഉപയോഗിക്കുന്നിടത്തു സംവിധായക​​​​െൻറ പാപ്പരത്തം വ്യക്തമായി തെളിയുന്നു. ആ രംഗം, നിഷ്കളങ്കയായ  പെൺകുട്ടിയിൽ ഉണ്ടാക്കിയ ആഘാതത്തെ കമൽ കണ്ടില്ല എന്ന് നടിച്ചു.

അതുപോലെ കിടക്കയിൽ എങ്ങനെ പെരുമാറണമെന്ന് ആമിയെ പഠിപ്പിക്കാൻ എത്തുന്ന ലൈംഗിക തൊഴിലാളിയെ കമൽ ആവിഷ്കരിച്ചത് അറപ്പുളവാക്കുന്ന രീതിയിലാണ്. മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന സിനിമയിൽ ഒരു ലൈംഗിക തൊഴിലാളി സ്ത്രീയെ ഇത്തരത്തിൽ പ്രകടനപരമായ ബിംബമാക്കി കാണിക്കാൻ സംവിധായകന് എങ്ങനെ തോന്നി! കഷ്ടം! 

ആമി എന്ന പെൺകുട്ടിയിൽ, വെറുമൊരു സിനിമാ സാങ്കല്പിക കഥാപാത്രമായി ചിന്തിച്ചാൽ പോലും ഇത്തരമൊരു രംഗമുണ്ടാക്കുന്ന വേദന / അവഹേളനമെന്തായിരിക്കും.... അതേപ്പറ്റി സംവിധായകന് ഒന്നും പറയാനും കാണിക്കാനുമില്ല! സ്ത്രീ എന്ന നിലയിൽ ഭർത്താവി​​​​െൻറ ഇഛയ്ക്കനുസരിച്ച് കിടക്കയിൽ പെരുമാറാൻ പരിശീലിച്ചതി​​​​െൻറ അടയാളമായാണോ ആമി  നെറ്റിയിൽ വലിയ സിന്ദൂരം ധരിച്ചു തുടങ്ങിയത്? ആ വൈശികശിക്ഷണമാണ് ആമിയെ കിടക്കയിൽ ആത്മവിശ്വാസമുള്ളവളാക്കിയത് എന്നാണോ കമൽ വ്യാഖ്യാനിക്കുന്നത്? അങ്ങനെ ചെയ്യുമ്പോൾ ആമിയുടെ ഉള്ളിൽ എന്തുമാത്രം ഉരുക്കങ്ങളുണ്ടായിട്ടുണ്ടാകും... ഇതൊന്നും കമൽ എന്ന സംവിധായകന്റെ ചിന്തയെ അലട്ടിയില്ല എന്ന് ഈ സിനിമ കാണുമ്പോൾ തോന്നിപ്പോകും.മാധവിക്കുട്ടിയുടെ വാക്കുകൾ സന്ദർഭാനുസരണം നരേഷനിൽ ഉപയോഗിക്കുക എന്ന എളുപ്പ പണിയിലേക്ക് കമലിലെ സംവിധായകൻ എത്തുന്നത് പലപ്പോഴും ക്രാഫ്റ്റിനെ മടുപ്പിക്കുന്നുമുണ്ട്.

ഓരോ വായനയിലും സത്യസന്ധതകൊണ്ട് ഞെട്ടിക്കുന്ന ‘എ​​​​െൻറ കഥ’യിലെ ചില വാചകങ്ങൾ കിടക്കയിലെ ​േകാസ്​ ഷോട്ടുകളിലൂടെ സാധാരണമായി പറഞ്ഞു പോവുകയാണിവിടെ. മാധവിക്കുട്ടി എഴുത്തിൽ കാണിച്ച ധൈര്യത്തെ സിനിമയിലൂടെ മുദ്രിതമാക്കാനുള്ള ഒരു വഴിയും ആലോചിക്കാതെ ക്ലിഷെയുടെ ആവർത്തനമാകുന്നു പല രംഗങ്ങളും. അമ്മയുടെ  സ്നേഹം പോലും വേണ്ട രീതിയിൽ ലഭിക്കാത്ത, എഴുത്തുകൾക്ക് സ്നേഹപൂക്കളേക്കാൾ കല്ലേറും അവഹേളനങ്ങളും സഹിക്കേണ്ടി വന്ന നിരന്തരം തോൽപിക്കാൻ ശ്രമിച്ചവർക്കെതിരെ, പ്രഹരങ്ങളേറ്റു വാങ്ങിയിട്ടും തളരാതെ നിന്ന മാധവിക്കുട്ടി ഈ സിനിമയിലില്ല. ‘എ​​​​െൻറ കഥ’ ഇടയ്ക്ക് മുടങ്ങിയപ്പോൾ വന്ന പത്തു പതിനഞ്ച് കത്തുകളല്ല മാധവിക്കുട്ടിയുടെ ഇംപാക്റ്റ്. എഴുതി വർഷങ്ങൾക്കു ശേഷവും തെറിക്കത്തുകളുടെ / ഭീഷണികളുടെ വരവു നിന്നില്ല എന്നോർക്കണം. എഴുത്തുകാരിക്ക് അതുണ്ടാക്കിയ മാനസിക സമർദങ്ങളെ സംവിധായകൻ കണ്ടേയില്ല.

അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിൽ  ചേർച്ചക്കുറവ് എഴുന്നു നിക്കുന്നുണ്ട് ആമിയിൽ. ആമിയുടെ ഭർത്താവ് ദാസ് ആയി എത്തിയ മുരളി ഗോപിയാണ് പല പ്രായഭേദങ്ങളും ഭംഗിയായി അഭിനയിച്ച ഒരേയൊരാൾ. ചിത്രത്തിലെ മിഴിവുള്ള രംഗങ്ങളിലൊന്ന് ദാസി​​​​െൻറ മരണാനന്തരമുള്ളതാണ്. മഞ്ജുവി​​​​െൻറ സംഭാഷണത്തിൽ നിർബന്ധപൂർവ്വം അടിച്ചേല്പിച്ചതു പോലെ തോന്നുന്ന വലിച്ചു നീട്ടൽ, ഏകതാനമായ താളം, മടുപ്പും കൃത്രിമമായും മാറുന്നു.

വൈകാരിക വിക്ഷോഭങ്ങളെ അതി​​​​െൻറ തീക്ഷ്​ണതയിൽ സധൈര്യം, ചിലപ്പോൾ അതിവൈകാരികമായി തന്നെ പ്രകടിപ്പിക്കുന്ന ഒരാളായാണ് മാധവിക്കുട്ടിയെ കണ്ടിട്ടുള്ളത്. ചിലപ്പോഴൊക്കെ കുസൃതിയും കൂട്ടിനെത്തും. വലിച്ചു നീട്ടി, ഏറെക്കുറേ നിർമമമായി പെരുമാറുന്ന ഒരേ താളത്തിൽ സംസാരിക്കുന്ന ‘ആമി’  അടുപ്പമില്ലാത്ത ഒരാളായി നിൽക്കുന്നു. മേക്കപ്പിലാകട്ടെ വേഷപ്രഛന്നത മുഴച്ചു നിൽക്കുന്നു. അക്ബർ അലിയുടെ കഥാപാത്രവും  സ്റ്റീരിയോടൈപ് ആയി മാത്രം നില്ക്കുന്നു. മാധവിക്കുട്ടി ഇലക്ഷനിൽ മത്സരിക്കുന്നത്, കമല സുരയ്യയായി മതം മാറുന്നത് തുടങ്ങിയ രംഗങ്ങൾജീവചരിത്ര സന്ദർഭങ്ങൾ എന്ന നിലയിൽ കാണാമെന്നല്ലാതെ അതി​​​​െൻറ അന്തർ നാടകങ്ങളിലേക്ക് അധികം കടന്നു ചെന്നിട്ടില്ല. അലിയുമായുള്ള സൗഹൃദം ദൃഢപ്പെടാനുള്ള കാരണം വൈധ്യവത്തി​​​​െൻറ ഏകാന്തത, അരക്ഷിതത്വം എല്ലാം ഫീൽ ഗുഡ്​ ആയി ചെയ്യാനുള്ള തത്രപ്പാടാണ്.

 ‘ഉടുപ്പ് മാറുമ്പോലെ മതം മാറാമെന്ന’ സ്വാതന്ത്ര്യ ചിന്തയുടെ അങ്ങേയറ്റത്തെ നിലപാടിലേക്ക് മാധവിക്കുട്ടി എത്തുന്നത് സംഘർഷഭരിതമായ ആലോചനകൾക്ക് ശേഷമാവില്ലേ?

അലിയുമായുള്ള പുഴക്കടവിലെ പ്രണയരംഗവും അതി​​​​െൻറ വളർച്ചയും നിലാവും നക്ഷത്രങ്ങളുംകൊണ്ട് കാൽപനികമാക്കിയിരിക്കുന്നു. ഹിന്ദു^ മുസ്ലിം മതക്കാർ ആമിക്കെതിരെ എടുക്കുന്ന നിലപാടുകളെ ബാലൻസ് ചെയ്ത് നിർത്തിയിരിക്കുന്നു. ചിത്രം ഒരിടത്തും ആരെയും നോവിക്കരുത് എന്ന് സംവിധായകൻ ആദ്യമേ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ആമിയിൽ ഇല്ലാത്ത ‘ആമി’ പ്രേക്ഷക മനസ്സിൽ നിൽക്കട്ടെ.

തട്ടുപൊളിപ്പൻ കണ്ണീർക്കഥയിലെ നായികയെപ്പോലെ മാധവിക്കുട്ടിയെ കാണരുതായിരുന്നു. കാരണം  വൈകാരിക ക്ഷണികതയുടെ അപ്പുറത്തുള്ള മാധവിക്കുട്ടിയെയാണ് വായനക്കാർ തേടുന്നത്. മാധവിക്കുട്ടിയുടെ എഴുത്തിനെ പ്രതിനിധീകരിക്കുന്ന ഒരു കഥാപാത്രം ഈ ചിത്രത്തിൽ ഫിക്ഷനായെങ്കിലും വന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയിരുന്നു. സൂപ്പർ ഹിറ്റ് സിനിമയുണ്ടാക്കാനുള്ള മെറ്റീരിയൽ മാത്രമായി മാധവിക്കുട്ടിയെ കണ്ടതി​​​​െൻറ ദുരവസ്ഥയാണ്  ആമിയിൽ നിറയെ ഉള്ളത്..

പശ്ചാത്തല സംഗീതം /സംഗീതം ചിത്രത്തെ സംഗീത സാന്ദ്രമായി നിലനിർത്താൻ ശ്രമിക്കുന്നുണ്ട്. ഇത് പക്ഷേ ഒരു ജീവചരിത്ര സിനിമയുടെ വൈകാരിക തലത്തെ പൊലിപ്പിക്കുക എന്നത് മാത്രമായി നില്ക്കുന്നു. വ്യത്യസ്തതയുമില്ല. ചിലപ്പോൾ തികഞ്ഞ നിശബ്ദത ആഗ്രഹിച്ചു പോവുന്നു! റഫീക്ക് അഹമ്മദി​​​​െൻറ വരികൾ ഒരാശ്വാസം. കാർലോ ആയി വന്ന നടൻ, ദാസി​​​​െൻറ ‘ഗേ’ പാർട്ട്​ണർ എന്നിവരുടെ തിരഞ്ഞെടുപ്പ് തികഞ്ഞ പരാജയമായി മാറി. അമേച്വറിസ്റ്റിക് എന്ന് തോന്നുംവിധം ബാലിശം.. കാർലോയെ കണ്ടം വഴി ഓടിക്കാൻ തോന്നിയ പ്രേക്ഷകനെതിരെ വാളെടുത്തിട്ട് ഒരു കാര്യവുമില്ല. 

സ്കൂൾ നാടകങ്ങളെ ഓർമിപ്പിക്കുന്ന സംഭാഷണങ്ങൾ കുഞ്ഞു അഭിനേതാക്കളുടെ വായിൽ കുത്തിക്കയറ്റി ഉരുവിടിക്കലല്ല സംവിധാനം.
അഭിനേതാക്കളെ കഥാപാത്രങ്ങളാക്കി മാറ്റുന്നതിൽ ഒരു ഹോംവർക്കും നടത്തിയതായി കാണുന്നില്ല ഈ ചിത്രത്തിൽ. മറിച്ച് താരങ്ങളെ വില കൊടുത്തു സ്​ക്രീനിൽ നിർത്തിയിരിക്കുകയാണ്​. മാധവിക്കുട്ടിയുടെ ജീവിത / എഴുത്തുകളിലൂടെ കടന്നു പോയിട്ട് ഇത്തരം ഒരു ശരാശരി കെട്ടിക്കാഴ്ച ഒരുക്കാനാണ് കമലിലെ സംവിധായകന് കഴിഞ്ഞുള്ളൂ എന്നത്, അപലപനീയമാണ്, ദാരുണവും.

ഛായാഗ്രാഹണത്തിൽ കാല്പനികതയുടെ ഭാവം ഉടനീളമുണ്ട്. സംവിധായകന്റെ ഫോക്കസ്​ അതിൽ കേന്ദ്രീകരിച്ചിരിക്കുന്നതുകൊണ്ട് ദൃശ്യങ്ങൾ അതിനൊപ്പം തന്നെ മധു നീലകണ്ഠനും. മഴയും കാറ്റും ആവർത്തിച്ചിരിക്കുന്നു. പഴയ കാലഘട്ടത്തിനെ ‘നിറം മാറ്റി’ കാണിച്ചിട്ടില്ല.  ഉടുപ്പുകളുടെയും മറ്റു വസ്തുക്കളുടേയും പുതുമ സീനിൽ അനുഭവപ്പെടുന്നുണ്ട്. അമ്മൂമ്മയുടെ മരണ നിമിഷം ആമി സ്വപ്നത്തിലൂടെ അറിയുന്നത്​, നാലപ്പാട്ടെ പെണ്ണുങ്ങൾ വിളക്കേന്തി വരുന്നതും, മതം മാറ്റമെന്ന നിർണായക തീരുമാനമെടുക്കുമ്പോൾ ചൂട്ടേന്തി വരുന്നതും നാടകമായി തന്നെ അനുഭവപ്പെട്ടു.

സിനിമയുടെ ആകെയുള്ള കാഴ്ചയുടെ ഭാഷ പഴമയുള്ളതാണ്. ക്യാമറയ്ക്കു മുന്നിലെ നിൽപ്​, ചലനങ്ങൾ എല്ലാം സ്​റ്റേജ്​ഡ്​ എന്നു തോന്നിക്കുന്നുണ്ട്.
വെളിച്ചത്തിന്റെ പ്രതിഫലനങ്ങൾ ആവർത്തിക്കുന്നു. പക്ഷേ സമീപ ദൃശ്യങ്ങളുടെ ആധിക്യം ചമയത്തിലെ പിഴവുകളും വലുതായി കാണിച്ചുതരുന്നു. ചിത്രസംയോജനത്തിൽ ഒഴുക്കുണ്ട്. 

‘എന്റെ ആമി ഇതല്ല’ എന്ന പ്രേക്ഷക അഭിപ്രായത്തെ ഇകഴ്ത്തിയും പരിഹസിച്ചും നിരവധി കമൻറുകൾ  സോഷ്യൽ മീഡിയയിൽ കണ്ടു.
വായനക്കാരി എന്ന നിലയിൽ മാധവിക്കുട്ടിയെ വായിച്ചപ്പോഴോക്കെ വല്ലാത്ത ഊർജം, ഒരു വീര്യം ഉള്ളിൽ നിറയാറുണ്ട്. ജീവിക്കണമെന്ന, ചെറു ചെറു ഉന്മാദങ്ങളെ കൈവിടാതെ നോക്കണമെന്ന തോന്നലുണ്ടാവാറുണ്ട്. മാധവിക്കുട്ടിയുടെ ജീവിതം വായിക്കുമ്പോഴും ഈ ഉണർവ് അനുഭവപ്പെടും.

എന്തൊക്കെ വേദനകളെ, പ്രതിസന്ധികളെ, ആശയക്കുഴപ്പങ്ങളെ, വൈരുധ്യങ്ങളെ, തുറന്നു പറയലുകളെ എഴുത്തിലൂടെ ആവിഷ്കരിച്ചാലും ആത്യന്തികമായി ജീവിതമെന്നത് കേവല വൈകാരിക നിമിഷമല്ലെന്നാണ് മാധവിക്കുട്ടി ജീവിതവും എഴുത്തും കൊണ്ട് സ്ഥാപിച്ചത്.
ഈ ഉണർച്ചയെ, വ്യഗ്രതയെ ഉപരിതല സ്പർശിയായി തൊട്ടു പോകുന്ന  ഗാനമാക്കി പ്രേക്ഷകനെ അതിൽ ആമഗ്നനാക്കാനാണ് കമൽ എന്ന സംവിധായകൻ ശ്രമിക്കുന്നത്. പക്ഷേ മാധവിക്കുട്ടി ഒരു ലളിതഗാനമല്ല. പടപ്പാട്ടാണ്!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamala surayyakamalaamimalayalam newsmovie newsaami movie
News Summary - Criticism on Kamal's Aami Movie-Movie News
Next Story