അടിയകഥാപാത്രമായി ദയാബായി അഭ്രപാളിയിൽ
text_fieldsമാനന്തവാടി: പ്രമുഖ സാമൂഹികപ്രവര്‍ത്തക ദയാബായി വീണ്ടും അഭ്രപാളിയിൽ. കാന്തൻ എന്ന് പേരിട്ടിരിക്കുന്ന ഫീച്ചർ ഫിലിമിലൂടെയാണ് ദയാബായി വെള്ളിത്തിരയിലെത്തുന്നത്. പിന്നാക്ക ആദിവാസി വിഭാഗമായ അടിയരുടെ അതിജീവനം വിഷയമായ സിനിമയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കാനാണ് ദയാബായി തിരുനെല്ലിയിലെത്തിയത്.
നവാഗതസംവിധായകന് ഷെരീഫ് ഈസയാണ് അടിയരുടെ സംസാരഭാഷയില്‍ ദയാബായിയെ അഭിനയിപ്പിക്കുന്നത്. തിരുനെല്ലിയിലാണ് ചിത്രീകരണം. തെൻറ ജീവിതകഥയെ ആസ്പദമാക്കി ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത ഒറ്റയാള്‍ എന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെൻററിക്ക് വേണ്ടിയായിരുന്നു ഇതിന് മുമ്പ് ദയാബായി കാമറക്കുമുന്നിലെത്തിയത്. പരിസ്ഥിതി, വർണവിവേചനം, ദാരിദ്ര്യം, പ്രണയം, പ്രതിരോധം, കര്‍ഷക ആത്മഹത്യ എന്നിവയെല്ലാം ഇതിവൃത്തമാകുന്ന ‘കാന്തന് ദ ലവര് ഓഫ് കളര്‍’ എന്ന് പേരിട്ട ചിത്രത്തില്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ട് തളിപ്പറമ്പ് സ്വദേശി ഷെരീഫ് ഇൗസ ദയാബായിയെ സമീപിക്കുകയായിരുന്നു. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് കഥയും തെൻറ കഥാപാത്രത്തെക്കുറിച്ചും കേട്ടതോടെയാണ് അഭിനയിക്കാന്‍ തയാറായത്.
ജീവിതം വഴിമുട്ടിയപ്പോള്‍ ആത്മഹത്യ ചെയ്യേണ്ടിവരുന്ന കര്‍ഷകരായ അടിയ ദമ്പതികളുടെ ഏകമകനായ കാന്തെൻറ വല്യമ്മയും സംരക്ഷകയുമായ ഇത്തിയമ്മയായാണ് ദയാബായി സിനിമയിലെത്തുന്നത്. തെൻറ ജീവിതവുമായി ബന്ധപ്പെട്ട കഥാപാത്രമെന്ന നിലക്കാണ് ഇൗ സിനിമയിലഭിനയിക്കുന്നതെന്ന് ഇവർ പറയുന്നു. 2011ല്‍ ആദിമധ്യാന്തമെന്ന സിനിമയിലെ അഭിനയത്തിന് സംസ്ഥാന ജൂറി പരാമര്‍ശത്തിനര്‍ഹനായ പ്രജിത് എന്ന ബാലനടനാണ് കാന്തനായി അഭിനയിക്കുന്നത്.
മറ്റ് ഇരുപതോളം കഥാപാത്രങ്ങള്‍ തിരുനെല്ലിയിലും പരിസരങ്ങളിലുമുള്ള ആദിവാസി വിഭാഗത്തില്‍പെട്ടവരാണ്. ലിപികളില്ലാത്ത അടിയഭാഷയിലുള്ള ചിത്രത്തിന് സഹായങ്ങള്‍ നല്‍കിവരുന്നത് ഗദ്ദിക കലാകാരന് പി.കെ. കാളെൻറ സഹോദരനായ കരിയനാണ്. തിരുനെല്ലിയും പരിസരങ്ങളും മാത്രം ലൊക്കേഷനായ സിനിമയുടെ ചിത്രീകരണം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.