എെൻറ സ്വന്തം ഇക്ക
text_fieldsസാധാരണ അനിയന്മാരും അനിയത്തിമാരും ഇക്ക എന്നു വിളിക്കുന്നത് ജ്യേഷ്ഠനെയാണ്. പച്ചമലയാളത്തിൽ ഏട്ടൻ എന്നർഥം. എനിക്കുമുേമ്പ അച്ഛനും അമ്മയും മക്കളായി വാരിയെടുത്തത് മൂന്നു പേരെയാണ്. പ്രഭാകരനും മുരളീധരനും അരവിന്ദാക്ഷനും. പിന്നീടാണ് അവർ കിടന്ന തൊട്ടിലിലേക്ക് എന്നെ കിടത്തിയത്. എനിക്ക് രഘുനാഥൻ എന്ന പേരാണ് കാതിൽ കിട്ടിയത്.
ഞാൻ തൊട്ടിലിൽനിന്ന് ഇറങ്ങിയപ്പോൾ തൊട്ടിലിന് സങ്കടം വരാതിരിക്കാൻ വന്നവനാണ് അജിത്കുമാർ. അവനു പിന്നാലെ ഒരനുജത്തി വന്നു - ജയശ്രീ. അതോടെ ഞാൻ രണ്ടുപേർക്ക് ഏട്ടനും മൂന്നു പേർക്ക് അനിയനും ആയി. എന്നാൽ, പ്രഭാകരന് നാല് അനിയന്മാരും ഒരനുജത്തിയും ഉണ്ടെങ്കിലും എനിക്കുള്ളതുപോലെ ഏട്ടനായി ആരുമില്ല. ജയശ്രീക്ക് അഞ്ച് ഏട്ടന്മാരുണ്ടെങ്കിലും എനിക്കുള്ളതുപോലെ അനിയനായോ അനുജത്തിയായോ ആരുമില്ല.
അതാണ് എെൻറ സങ്കടം. ഇനി പറഞ്ഞിട്ട് കാര്യമില്ല. അച്ഛനും അമ്മയും അവരുടെ ഉൗഴം കഴിഞ്ഞ് തിരിച്ചുപോയി.
എന്നാൽ, എനിക്ക് ഇക്കയായി ഒരാൾ എത്തുന്നത് വർഷങ്ങൾക്കു ശേഷമാണ്. എങ്ങനെ അദ്ദേഹം ഇക്കയായി മുന്നിലെത്തി എന്നറിയില്ല. അങ്ങനങ്ങ് എത്തി. ഭാരത സിനിമയിലെ അസാധാരണ നടനാണ് ഇക്ക. അഭിനയിക്കണം എന്നത് ഒരു മോഹത്തിനും അപ്പുറം ശ്വസിക്കുമ്പോഴെല്ലാം കാണുന്നൊരു സ്വപ്നമായി മാറിയൊരു ഇക്ക. ആദ്യത്തെ അഭിനയ നേരം ചങ്കിടിച്ചൊരു ഇക്ക. ആദ്യമായി പാട്ടുപാടി അഭിനയിക്കുന്നതിെൻറ തലേന്ന് അതോർത്ത് കരഞ്ഞുപോയൊരു ഇക്ക. അഭിനയ യാത്രയിൽ പറന്നുപറന്ന് ഒടുക്കം അംബേദ്കർ ആയി അഭിനയിക്കുന്ന ആദ്യ നിമിഷം ഇക്കയുടെ മനസ്സിലൂടെ കടന്നുപോയ വിസ്മയ വികാരശകലങ്ങൾ എന്തൊക്കെ ആയിരുന്നുവോ. അറിയാൻ ആഗ്രഹമുണ്ടെങ്കിലും അതിനുശേഷം കണ്ടുമുട്ടിയപ്പോഴൊന്നും ചോദിക്കാൻ സാധിച്ചിരുന്നില്ല.
സുന്ദരനാണ് ഇക്ക. ഒത്ത ഉയരം. ഘനഗംഭീരമാർന്ന ശബ്ദം. തിളക്കമുള്ള കണ്ണിനു ചേർന്ന പുഞ്ചിരി. നടത്തത്തിലും ചലനങ്ങളിലും എല്ലാം ഒരു തലയെടുപ്പ്. ഉള്ളിൽ അമർത്തിയുള്ള ചിരിയാണ് ഇക്കയുടെ മനസ്സിെൻറ കാതലായി ഞാൻ കണ്ട ഒരു പ്രത്യേകത. ചിരി അകംനിറയെ ഉണ്ടാവും. പക്ഷേ, മിക്കപ്പോഴും പുറത്തേക്ക് ഇത്തിരി വന്നാൽ വന്നു എന്നു മാത്രം. ഇക്കയെ ആദ്യം കാണുന്നത് വർഷങ്ങൾക്കുമുമ്പ് എറണാകുളത്ത് ജോഷി സ്ഥിരം ആശുപത്രിയായി ചിത്രീകരണം നടത്തുന്നൊരു ഹോട്ടലിൽവെച്ചാണ്.
തിളങ്ങുന്ന വെളിച്ചത്തിൽ ആശുപത്രി ഇടനാഴിയായി മാറിയ ഹോട്ടൽ ഇടനാഴിയിലൂടെ എന്തോ കുടുംബ പ്രശ്നം കഴുത്തിൽ ‘സ്റ്റെത്താ’യി മാറിയ സങ്കടഭാരത്തോടെ ഡോക്ടർ കഥാപാത്രമായി ഒരു വൃദ്ധനൊപ്പം നടന്നുവന്ന് ഇക്ക ഏതാണ്ട് എനിക്കരികിൽ എത്തിയതും ജോഷി കട്ട് പറഞ്ഞു. ഞാനും അവിടെ കാത്തുനിന്നത് ആ ഷോട്ട് തീരാനാണ്. തീർന്നിട്ടു വേണം എനിക്കും ആ വരാന്തയിലൂടെ നടന്ന് എതിർവശത്തുള്ള എെൻറ താമസമുറിയിൽ കയറി നവോദയയുടെ ത്രീഡി സിനിമയായ മൈഡിയർ കുട്ടിച്ചാത്തെൻറ തിരക്കഥ എഴുതിത്തീർക്കാൻ.
ആ ചിത്രീകരണം അന്ന് ദിവസങ്ങളോളം അവിടെയുണ്ടായിരുന്നു. ആ ദിവസങ്ങളിലെ ഒരു രാത്രിയിൽ ഉറക്കംതൂങ്ങി ഇരിക്കുന്ന നേരത്ത് എെൻറ അരികിലൂടെ ഡോക്ടർ വേഷത്തിൽ കടന്നുപോയ ഇക്ക എന്നോട് സാമാന്യം നല്ലൊരു ചിരിയോടെ കഴിച്ചോ എന്നു ചോദിച്ചു. ‘കഴിച്ചു ഇക്കാ...’ എന്ന് ഞാൻ മറുപടി പറഞ്ഞു. ആരിൽനിന്നോ പറഞ്ഞുകേട്ടാവാം ഇക്ക എന്നോട് തുടർന്നു സംസാരിച്ചത് ഇക്കയുടെ പത്നി വായിക്കുന്ന കഥകളിൽ അവർക്ക് കിട്ടാതെപോയ ഞാനെഴുതിയ ഒരു കഥയെക്കുറിച്ചായിരുന്നു. അന്ന് വീക്ഷണം വാരികയിൽ വന്ന കളിയാട്ടം എന്ന ചെറുനോവലറ്റ് ആയിരുന്നു അത്. ഇക്ക പറഞ്ഞു കേട്ടാവാം അടുത്ത ദിവസം ചിത്രീകരണത്തിന് ഇക്കയോടൊപ്പം വന്ന് അവർ ആ കഥ എന്നിൽനിന്നും ആദരവോടെ വാങ്ങിക്കൊണ്ടുപോയി. എനിക്ക് അതൊരു അഭൗമ ആഹ്ലാദം നൽകി. വായനക്കാരൻ കഥയെ തേടിവരുക എന്നതൊക്കെ ഒരു സങ്കൽപമാണെങ്കിലും കഥ വന്ന മനസ്സിന് അത്തരം സന്ദർശനങ്ങൾ, അനുഗ്രഹം തന്നെയാണ്.
നരഭോജിയായ ഒരു പുലിയെ പിടിക്കാനായി വരുന്ന പുലിയെക്കാളും നാട്ടുകാരെ ഭയപ്പെടുത്തുന്ന വാറുണ്ണി എന്ന കഥാപാത്രമായി ഇക്ക അഭിനയിച്ച ഒരു സിനിമ ഉണ്ടായിരുന്നു. മൃഗയ എന്ന പേരുള്ള സിനിമ. അതിെൻറ ചിത്രീകരണത്തിനിടക്ക് ഇക്കയെ കാണാൻ ചെന്നിരുന്നു. ലോഹിയുടെ ആ കഥാപാത്രം ഇക്കക്ക് വല്യ ഇഷ്ടമായിരുന്നു. ഒരു പകൽ മുഴുവൻ ഒരുമിച്ച് കിട്ടിയ അന്നത്തെ ഇക്കയുടെ വാക്കുകളിൽ എന്തുകൊണ്ടോ പുലിയും സിനിമയും പുസ്തകവും ഒന്നും അല്ല വന്നത്. പറഞ്ഞതെല്ലാം കുട്ടിക്കാലത്തെ കൗതുകങ്ങൾ. ഈശ്വരനായി കണ്ടിരുന്ന ബാപ്പയെക്കുറിച്ച്, കൂടപ്പിറപ്പുകളെക്കുറിച്ച്. പക്ഷേ, മേക്കപ്പിട്ട് വന്ന ശേഷം പല്ല് ഇത്തിരി ഉന്തിനിൽക്കുന്ന വാറുണ്ണിയെന്ന കഥാപാത്രമായി മാറിയായി പിന്നീട് സംസാരം.
ഞാനതെല്ലാം ഇപ്പോഴും ഓർക്കുന്നു. എന്തിന് ഓർക്കുന്നുവെന്ന് ചോദിച്ചാൽ, ചില മുഖങ്ങൾ അറിയാതെ മനസ്സിൽ കടന്നുവരും. അപ്പോൾ അവരിൽനിന്നും എന്നിലേക്ക് പകർന്ന് ഇന്നും ജീവവസന്തമായി നിൽക്കുന്ന ശ്വാസനിശ്വാസങ്ങളുടെ അപൂർവ പരിവേഷങ്ങൾ ആ ദിവസം മുഴുവൻ എന്നെ പൊതിഞ്ഞുനിൽക്കും. അതിെൻറ ലഹരിയിൽ ഒന്ന് ഉറങ്ങി എഴുന്നേറ്റാൽ പിന്നെ അടുത്ത ലഹരി വരുന്നതുവരെ മനസ്സ് ഞാൻ പറയുന്ന വഴിക്ക് സഞ്ചരിക്കുമല്ലോ. അതിനാണ്, അതിനുവേണ്ടി മാത്രമാണ്.
എെൻറ ഒരു കഥാപാത്രത്തിന് മാത്രമേ ഇത്രയും കാലത്തിനിടക്ക് ഇക്കയിലേക്ക് കയറിക്കൂടി ജീവിക്കാൻ സാധിച്ചിട്ടുള്ളൂ. പ്രസിദ്ധ സംവിധായകൻ കെ.പി. കുമാരൻ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട എെൻറ ‘മൗനത്തിെൻറ ചിറകുകൾ’ എന്ന കഥ തിരക്കഥയായി ചോദിച്ചുവന്നപ്പോൾ, ആ കഥയിലെ ബ്രദർ ലോറൻസ് ആയി ഇക്ക വരും എന്നൊന്നും ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. അതിൽ മറ്റു കഥാപാത്രങ്ങളായി മോഹൻലാലും ഗോപിയും നന്ദിതാബോസും രമ്യാകൃഷ്ണനും ജലജയും നഹാസും എല്ലാം വന്നു. കൊച്ചിയിലും കണ്ണൂരും ആയിരുന്നു ആ സിനിമയുടെ ചിത്രീകരണം. അതിൽ കൊച്ചിയിലെ ചിത്രീകരണത്തിനിടയിൽ എല്ലാ ദിവസവും ഇക്ക എന്നോടൊപ്പം ഉണ്ടായിരുന്നു.
ജോഷിയുടെ സിനിമയിൽ നല്ലൊരു താടിയുള്ള വേഷമായിരുന്നു ഇക്കക്ക്. സ്വന്തം മുഖത്ത് യഥാവിധി മുളച്ച താടിയായിരുന്നു അത്. എെൻറ ബ്രദർ ലോറൻസിന് അതിലും നല്ലൊരു താടിയുണ്ടായിരുന്നു. ജോഷിയുടെ സിനിമയുടെ താടി ഇക്കക്ക് കളയാനും പറ്റില്ല. അതുകൊണ്ട് ആ താടിക്കു മുകളിൽ മറ്റൊരു താടിവെച്ചാണ് ഇക്ക ബ്രദർ ലോറൻസായത്. അതൊരു ശരിയായ രീതിയല്ല. പക്ഷേ, അതല്ലാതെ മറ്റൊരു മാർഗവും ഇല്ല. ഇക്ക ഓരോ ഷോട്ടിൽ നിൽക്കുമ്പോഴും ഞാൻ കൗതുകത്തോടെ നോക്കുക ആ താടി ആയിരിക്കും. താടിക്ക് ഇത്തിരി കനം കൂടിയോ? താഴേക്ക് വീണ് മറുതാടി പുറത്തുകാണുമോ? ഒന്നും സംഭവിക്കില്ല. ചിത്രീകരണം കഴിഞ്ഞ് താടി മാറ്റി മറുതാടിയും മുഖത്തുവെച്ച് ഇക്ക ജോഷി സിനിമയിലേക്ക് തിരിച്ചുപോകും. ഇത്തരം നുറുങ്ങു സൗന്ദര്യങ്ങൾ ഓരോ സിനിമയിലും ഉണ്ടാവും. ജീവിതത്തിൽ നിറയെ ഉണ്ടാവും.
അതെല്ലാം അർഹിക്കുന്ന ഭംഗിയോടെ സൂക്ഷിച്ചു വെക്കാനുള്ളതാണ്. ശേഷം കാലം മനോഹരമാക്കാനാണ്. ഇത് എെൻറ മാത്രം മനസ്സിെൻറ ഒരു ഭ്രാന്തല്ലെന്ന് ഉറപ്പ്. കഴിഞ്ഞൊരു ദിവസം നവോദയയിൽ പുതിയൊരു സിനിമയുടെ വേഷവുമായി വന്ന ഇക്കയെ പ്രതീക്ഷിക്കാതെ കണ്ടു. ഇത്തിരിനേരം ഒപ്പം തനിയെ ഇരുന്നു. ആ നേരം ഇക്ക എന്നോട് ബ്രദർ ലോറൻസിനെ കുറിച്ചു സംസാരിച്ചു. ലോറൻസിെൻറ താടിയെ കുറിച്ചും. ഇക്ക ഇന്നും ആ നുറുങ്ങുകൾ അതേ പൂർണതയോടെ ഓർക്കുന്നു എന്നത് എന്നെ ആശ്ചര്യപ്പെടുത്തിയില്ല. ഒരു നടന് ഓരോ ചുവടും അവെൻറ ഹൃദയമിടിപ്പാണ്.
ഒരിക്കൽ, ഫോർട്ടുകൊച്ചി ജെട്ടികളിലൊന്നിൽവെച്ച് ബോട്ടിൽ ഒരു രംഗചിത്രീകരണത്തിനിടെ ഇക്ക എനിക്കരികിലേക്ക് ഇറങ്ങിവന്നു. കഴിച്ച ചെമ്മീൻ കറിയുടെ പരാക്രമം വയറിൽ തുടങ്ങിയ നേരം. വയറിൽ കൈവെച്ച് എന്നോട്, ‘അയ്യോ എെൻറ വയറേ...’ എന്നു നിലവിളിച്ചുള്ള വയറിലെ വേദനയുടെ പ്രകടനം ഇക്കയുടെ ഒരു കഥാപാത്രത്തിലും ഇതുവരെ ഞാൻ കണ്ടിട്ടില്ല. അത്രക്കും മനോഹരമായിരുന്നു അത്. ഷൂട്ടിങ് നേരം ഭക്ഷണക്കാര്യത്തിൽ ഇക്ക ചില കടുംപിടിത്തം വെക്കുന്നെന്ന് കേട്ടിട്ടുണ്ട്. അതിൽ ഒരുതർക്കവും ഇല്ല. വെച്ചുപോകും. വെക്കണം.
(പൂർണരൂപം ഇൗ ലക്കം മാധ്യമം കുടുംബത്തിൽ വായിക്കാം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.