ഗൗതം മേനോൻെറ '96'; ജെസ്സിയെ വീണ്ടും ഫോൺ ചെയ്ത് കാർത്തിക്ക്
text_fieldsചെന്നൈ: സിനിമ പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട പ്രണയസിനിമകളിൽ ഒന്നാണ് ഗൗതം വാസുദേവ് മേനോൻെറ 'വിണ്ണൈ താണ്ടി വരുവായ'. 2010ൽ ചിത്രത്തിലൂടെ പ്രണയത്തിൻെറ മറ്റൊരു തലം ആരാധകർക്ക് കാണിച്ചു തന്ന സംവിധായകൻ ഗൗതം മേനോൻ ചിത്രത്തിലെ കാർത്തിക്കിനെയും ജെസ്സിയെയും 10വർഷത്തിന് ശേഷം വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നു. 'കാർത്തിക്ക് ഡയൽ സെയ്ത യെന്ന' എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിച്ചത്. ലോക്ഡൗൺ കാലത്ത് ചിത്രീകരിച്ച ചിത്രം ബുധനാഴ്ച ഗൗതം മേനോൻെറ യൂടൂബ് ചാനലായ ഒൻട്രാക എൻറർടൈൻമെൻറ്സിലൂടെയാണ് പുറത്തുവിട്ടത്. ഹ്രസ്വചിത്രത്തിൽ വിണ്ണൈ താണ്ടി വരുവായയിലെ കേന്ദ്ര കഥാപാത്രങ്ങളായ കാർത്തിക്കിൻെറയും (സിമ്പു) ജെസിയുടെയും (തൃഷ) വർത്തമാനകാല ജീവിതത്തിലെ ഒരു സന്ദർഭമാണ് വിവരിക്കുന്നത്.
ലോക്ഡൗണിനിടെ പുതിയ സിനിമയുടെ പണിപ്പുരയിലുള്ള കാർത്തിക്കിന് എഴുതാൻ ബുദ്ധിമുട്ട് നേരിടുന്നു. പിന്നാലെ തൻെറ ആദ്യ പ്രണയിനിയായ ജെസിയെ ഫോണിൽ വിളിക്കുന്നതിലൂടെയാണ് ചിത്രത്തിൻെറ തുടക്കം. ന്യൂയോർക്കിൽ നിന്നും കേരളത്തിലെത്തിയ ജെസിയും കാർത്തിക്കും തമ്മിൽ കോവിഡ് മഹാമാരിയെക്കുറിച്ചാണ് സംസാരിച്ച് തുടങ്ങുന്നത്. പതിയെ സംസാരം അവരുടെ പ്രണയത്തെക്കുറിച്ചും ജെസിയുടെയും കാർത്തിക്കിൻെറയും നിലവിലെ ജീവിത സാഹചര്യങ്ങളിലൂടെയും സഞ്ചരിക്കുന്നു. 12 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രത്തിലൂടെ 'വിണ്ണൈതാണ്ടി വരുവായ' എന്ന മനോഹര പ്രണയ ചിത്രത്തിൻെറ ഓർമകളിലൂടെ തിരികെ നടത്തുകയാണ് സംവിധായകൻ.
'പരീക്ഷണ കാലഘട്ടത്തിൽ ഈ ഉദ്യമത്തിൽ പങ്കാളികളായ എല്ലാവർക്കും എൻെറ നന്ദി. എല്ലാവർക്കും സ്നേഹം, പ്രതീക്ഷകൾ. ' വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട് ഗൗതം മേനോൻ കുറിച്ചു. ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായെങ്കിലും നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 12 മണിക്കൂറിനുള്ളിൽ യൂടൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ ചിത്രത്തിന് 10 ലക്ഷത്തിലധികം കാഴ്ചക്കാരായി. 1.6 ലക്ഷം ലൈക്കാണ് വിഡിയോക്ക് ലഭിച്ചത്. സിമ്പുവിൻെറയും തൃഷയുടെയും വീടുകളാണ് ലൊക്കേഷൻ. ഇരുവരുടെയും കുടുംബാംഗങ്ങളുടെ സഹായത്തോടെയായിരുന്നു ചിത്രീകരണം. വിണ്ണൈ താണ്ടി വരുവായക്ക് സംഗീതം നിർവഹിച്ച എ.ആർ. റഹ്മാനാണ് ഇൗ ഹ്രസ്വചിത്രത്തിനും സംഗീതമൊരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.